11 June Sunday

അമ്പാടിക്കും ഉണ്ണിക്കും 
കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

കുളത്തിൽ മുങ്ങിമരിച്ച നന്ദഗോപന്റെയും ദിൽജിത്തിന്റെയും മൃതദേഹം ചെർക്കപ്പാറ തരംഗം ക്ലബ്ബിൽ പൊതുദർശനത്തിനുവച്ചപ്പോൾ സിപിഐ എം 
നേതാക്കൾ ചുവപ്പ്‌ പുതപ്പിക്കുന്നു

പാക്കം
കുളത്തിൽ മുങ്ങി മരിച്ച വിദ്യാർഥികൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പാക്കം ചെർക്കപ്പാറയിലെ കെ രവീന്ദ്രനാഥന്റെ  മകൻ നന്ദഗോപൻ എന്ന അമ്പാടി (14), അയൽവാസി മഞ്ഞങ്ങാട്ടെ  ദിനേശന്റെ മകൻ ദിൽജിത്ത് എന്ന ഉണ്ണി (14) എന്നിവരുടെ ചേതനയറ്റ ശരീരം ചെർക്കപ്പാറ തരംഗം  ക്ലബിന്റെ  മുന്നിൽ പൊതുദർശനത്തിന്‌വച്ചപ്പോൾ നാടൊന്നാകെ വിതുമ്പി. 
ജില്ലയുടെ പല ഭാഗത്തു നിന്നും നൂറുക്കണക്കിനാളുകൾ ചെർക്കപ്പാറയിലേക്ക്‌ ഒഴുകിയെത്തിയിരുന്നു.  വ്യാഴം പകൽ  ഒന്നിന്‌ കാഞ്ഞങ്ങാട്‌ ജില്ല ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിന്‌ ശേഷം രണ്ട് ആംബുലൻസുകളിലായാണ്‌ ഇരുവരുടെയും മൃതദേഹം ചെർക്കപ്പാറയിലെത്തിച്ചത്‌.  സഹപാഠികളെ അവസാനമായി ഒരുനോക്ക്‌ കാണാൻ  പെരിയ ഗവ. ഹയർസെക്കൻഡറി, മാവുങ്കാൽ ക്രൈസ്‌റ്റ്‌ സ്‌കൂളുകളിൽ നിന്നെത്തിയ വിദ്യാർഥികൾ ആൺപെൺഭേദമന്യേ പൊട്ടിക്കരഞ്ഞു.   
മുൻ എംഎൽഎ കെ കുഞ്ഞിരാമൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മണികണ്‌ഠൻ,  പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കുമാരൻ, സിപിഐ എം ഏരിയാ സെക്രട്ടറി മധുമുതിയക്കാൽ എന്നിവർ ചേർന്ന്‌ ചുവപ്പ്‌ പുതിപ്പിച്ചു. പിന്നീട്‌  ചേതനയറ്റ ശരീരങ്ങൾ വീട്ടിലെത്തിച്ചപ്പോഴുള്ള കാഴ്‌ച ഹൃദയഭേദകമായിരുന്നു.    ഹൃദയം തകർന്ന് പൊട്ടിക്കരയുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല.  പകൽ  മൂന്നിന്‌ അയൽവാസികളായ ഇരുവരുടെയും  വീട്ടു പറമ്പിൽ ഒരേസമയം ചിത ഉയർന്നു.  
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി വി രമേശൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ലക്ഷ്‌മി, സി ജെ സജിത്ത്‌, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം പി മണിമോഹൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top