03 June Wednesday

സർക്കാരിന്റെ ഇച്ഛാശക്തിയിൽ ഉയിർത്തെഴുന്നേറ്റ്‌ പവർലൂം

സ്വന്തം ലേഖകൻUpdated: Saturday Apr 20, 2019
പാറശാല> വ്യവസായശാലകളെ സംരക്ഷിച്ച് പാവപ്പെട്ടവരുടെ ജീവിതത്തിന് കൈത്താങ്ങാകുമെന്ന എൽഡിഎഫ് സർക്കാരിന്റെ നേർക്കാഴ്ചയ‌്ക്ക് ഉദാഹരണമാണ് കുളത്തൂർ ഉച്ചക്കടയിൽ പ്രവർത്തിക്കുന്ന നെയ്യാറ്റിൻകര താലൂക്ക് ഇന്റഗ്രേറ്റഡ് പവർലൂം വില്ലേജ് ഇൻഡസ്ട്രിയൽ കോ–--ഓപ്പറേറ്റീവ് സൊസൈറ്റി. വർഷങ്ങൾക്കുമുമ്പേ പ്രവർത്തനമാരംഭിച്ച സ്ഥാപനത്തെ യുഡിഎഫ് സർക്കാരും എംപിയും അവഗണിച്ചപ്പോൾ കൈത്താങ്ങായത് എൽഡിഎഫ് സർക്കാർ. അടഞ്ഞുകിടക്കുന്ന വ്യവസായശാലകളെ സംരക്ഷിക്കുമെന്ന സർക്കാരിന്റെ നിലപാട‌് ഇവിടെ യാഥാർഥ്യമായി.
 
ജനോപകാരപ്രദമായ തീരുമാനം തൊഴിലാളികളുടെയും നാട്ടുകാരുടെയുമിടയിൽ മതിപ്പ‌് ഉളവാക്കി. 1990 മുതൽ ആഗോളവൽക്കരണനയത്തിന്റെ ഭാഗമായി കൈത്തറിമേഖല തകർന്നതുമൂലം ദുരിതത്തിലായ ആയിരക്കണക്കിനു പാവങ്ങളെ പുനരധിവസിപ്പിക്കുന്നതിനാണ് 1996ൽ പദ്ധതി കൊണ്ടുവന്നത്. തുടർന്ന് കാലാകാലങ്ങളിൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ തിരിഞ്ഞുനോക്കാത്ത ഈ പവർലൂമിന് ജീവശ്വാസം നൽകി പരിപാലിച്ചത് എൽഡിഎഫ് സർക്കാരാണ്. 1998ൽ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരാണ്  സ്ഥാപനത്തിന്റെ തറക്കല്ലിടൽ നിർവഹിച്ചത്. അന്നത്തെ വ്യവസായമന്ത്രിയായിരുന്ന സുശീല ഗോപാലൻ പദ്ധതിയുടെ  ഉദ്ദേശ്യം പരിഗണിച്ച് വേണ്ട സഹായങ്ങളും ചെയ്തു. തുടർന്ന് 2000 ഫെബ്രുവരി 16ന് നടന്ന യോഗത്തിൽ ടെക്സ്റ്റൈൽ പ്രോസസ് ഹൗസ് തുടങ്ങാൻ വ്യവസായമന്ത്രി നിർദേശിച്ചു.
 
സൊസൈറ്റി പ്രോജക്ട് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച‌് ഫാക്ടറി പ്രവർത്തിപ്പിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചെങ്കിലും തുടർന്നു വന്ന യുഡിഎഫ് സർക്കാർ അത‌് അവഗണിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടും ദീർഘവീക്ഷണത്തോടും തൊഴിലാളികൾക്കൊപ്പംനിന്ന് പ്രതിസന്ധികൾ തരണംചെയ്ത് ശക്തിപകർന്ന ചെയർമാൻ എൻ ഗോപീകൃഷ്ണന്റെ പ്രവർത്തനം മഹത്തരമാണ്. തുടർന്ന് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ വീണ്ടും പവർലൂമിന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചു. തുടർന്ന് വ്യവസായമന്ത്രിയായിരുന്ന എളമരം കരീം പവർലൂം സന്ദർശിക്കുകയും ഫാക്ടറി പ്രവർത്തിക്കാനുള്ള നടപടി കൈക്കൊള്ളുകയുമായിരുന്നു. 11 ഏക്കറോളം വരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഫാക്ടറിയിൽ 200 ലൂമുകളാണുള്ളത്. ഇതിൽ 60 ലൂമുകളാണ് പ്രവർത്തിക്കുന്നത്.
 
144 പവർലൂമുകളുള്ള ഫാക്ടറി ഷെഡ്, 24 ലൂമുകളുള്ള ഒരു ട്രെയ‌്നിങ് സെന്റർ, ഗോഡൗൺ, പവർഹൗസ്, സൈറ്റ് ഓഫീസ് ഷെഡ്, ട്രാൻസ്ഫോർമർ, ഓഫീസ് കെട്ടിടം, നാര് ചുറ്റ് യന്ത്രങ്ങൾ തുടങ്ങിയവ സ്വന്തമായിട്ടുണ്ട്. വിവിധ ഭാഗങ്ങളിലേക്കുള്ള ലിങ്ക് റോഡും സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 900  അംഗങ്ങളുള്ള ഈ സ്ഥാപനത്തിൽ രണ്ട് ഷിഫ്റ്റിലായി 30 പേർ നിത്യേന തൊഴിലെടുക്കുന്നുണ്ട്. 200ൽ അധികംപേർ ഇവിടെനിന്ന് പരിശീലനം കഴിഞ്ഞ് സ്വയംതൊഴിൽ സ്വായത്തമാക്കി കഴിഞ്ഞു. നൂല് പാവുകളാക്കുന്നതും ഫാക്ടറിയിൽ സ്വന്തമായിട്ടാണ്.
 
ഒരു മുണ്ട് നെയ്യുന്നതിന് 45 മുതൽ 50 രൂപവരെയാണ് തൊഴിലാളികൾക്ക് കൂലി ലഭിക്കുന്നത്. കസവുകട ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലാണ് ഇവ വിപണനം ചെയ്യുന്നത്. ഇവിടെനിന്ന് ഉൽപ്പാദിപ്പിക്കുന്ന ലുങ്കികൾ എൻറ്റിസിക്കും നൽകുന്നുണ്ട്. പ്രിന്റിങ‌് യൂണിറ്റ്, ഫാഷൻ ടെക്നോളജി, ടെക്സ്റ്റൈൽ ടെക്നോളജി എന്നിവ തുടങ്ങാനുള്ള പ്രോജക്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പവർലൂം നവീകരിക്കുന്നതിന് സർക്കാർ വിവിധ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ആദ്യഘട്ടമെന്ന നിലയ‌്ക്ക് കെ ആൻസലൻ എംഎൽഎയുടെ ഇടപെടൽമൂലം ലൂമുകൾ നവീകരിക്കുന്നതിനുവേണ്ടി 20 ലക്ഷം രൂപ നൽകി പദ്ധതി ടെക്സ്ഫെഡു വഴി പൂർത്തീകരിച്ചു. സ്ഥാപനത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് അടഞ്ഞുകിടക്കുന്ന വ്യവസായശാലകളെ പുനരുദ്ധരിച്ച് പ്രവർത്തിക്കുമെന്ന സർക്കാരിന്റെ നടപടിയിൽ ഒരു പൊൻതൂവൽകൂടി ചാർത്തുന്നു.
 
 
പ്രധാന വാർത്തകൾ
 Top