27 May Wednesday

കുട്ടനാട്ടിൽ 2 പാലങ്ങൾക്ക്‌ 29.96 കോടി

സ്വന്തം ലേഖകൻUpdated: Friday Mar 20, 2020
 
മങ്കൊമ്പ്
കുട്ടനാട് മണ്ഡലത്തിൽ രണ്ട്‌ പാലങ്ങൾ നിർമിക്കുന്നതിന് 29.96 കോടിരൂപയുടെ പ്രത്യേക ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്തുമന്ത്രി ജി സുധാകരൻ അറിയിച്ചു. മിത്രക്കരി–-മാമ്പുഴക്കരി റോഡിൽ കൈതത്തോടിന്‌  കുറുകെ ജി മംഗലം പാലത്തിന് 2.96 കോടി രൂപയും കൈനകരി പള്ളിപ്പാലം നിർമിക്കുന്നതിന് 27 കോടി രൂപയുമാണ് അനുവദിച്ചത്. 
ജി മംഗലം പാലം യാഥാർഥ്യമാകുന്നതോടെ മുട്ടാർ, മിത്രക്കരി നിവാസികളുടെ കാത്തിരിപ്പിന് വിരാമമാകും. 20 വർഷംമുമ്പ് കൈതത്തോടിന്റെ ഇരുകരകളിലുമായി റോഡ് നിർമിച്ചിരുന്നു. എന്നാൽ പാലമില്ലാത്തതിനാൽ മുട്ടാർ പ്രദേശത്തുള്ളവർക്ക് മിത്രക്കരിയിലേക്ക് എത്താൻ കഴിയില്ലായിരുന്നു. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ക‌ൃഷിഭവൻ തുടങ്ങിയ ഓഫീസുകൾ മുട്ടാറിലായതിനാൽ മിത്രക്കരിയിൽനിന്ന്‌ ഇവിടേക്ക് എത്തണമെങ്കിൽ രാമങ്കരി, വെളിയനാട് പഞ്ചായത്തുവഴി പോകണം. ഇതിന്‌ യാത്രാച്ചെലവുതന്നെ 200 രൂപ വേണം ജി മംഗലം പാലം യാഥാർഥ്യമാകുന്നതോടെ ഇതുവഴി ബസ് സർവീസ് ആരംഭിക്കാൻ കഴിയും. 
അതേസമയം ഭരണാനുമതി ലഭിച്ച പള്ളിപ്പാലം നിർമിക്കുന്നതോടെ കൈനകരിയുടെ വികസനത്തിന് കുതിപ്പാകും. കൈനകരി പഞ്ചായത്തിലെ  എട്ട്‌, നാല്‌ വാർഡുകളെ തമ്മിൽ ബന്ധിപ്പിച്ച്‌ പള്ളിതോടിന്‌ കുറുകെ  പള്ളിപ്പാലം യഥാർഥ്യമാകുന്നതോടെ നൂറുകണക്കിന് കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പ്രയോജനം ലഭിക്കും. ഇപ്പോൾ നിർമാണത്തിലിരിക്കുന്ന മുണ്ടയ്‌ക്കൽ പാലവും പള്ളിപ്പാലവും പൂർത്തിയാകുന്നതോടെ നിർമാണം ആരംഭിക്കുന്ന തോവർകാട്-–-വെള്ളാമത്ര റോഡ്, ചാലേച്ചിറ–-മൂന്നാറ്റിൻമുഖം റോഡുകളിൽ എത്താൻ കഴിയും.

കോടിക്കണക്കിന് രൂപയുടെ വികസനപ്രവർത്തനങ്ങളാണ് എൽഡിഎഫ്‌ സർക്കാർ വന്നതിനുശേഷം കൈനകരി പഞ്ചായത്തിൽ മാത്രം നടപ്പാക്കുന്നത്‌. രണ്ട്‌ പാലങ്ങളുടെയും ടെൻഡർ നടത്തി നിർമാണം എത്രയുംവേഗം ആരംഭിക്കാൻ നിർദേശം നൽകിയതായി ജി സുധാകരൻ അറിയിച്ചു. 

പ്രധാന വാർത്തകൾ
 Top