27 October Wednesday

നഗര വികസനം: അടുത്ത മാസം യോഗം വിളിക്കും– മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021
കോഴിക്കോട്‌
കോഴിക്കോടിന്റെ വികസനവുമായി ബന്ധപ്പെട്ട്‌ കോർപറേഷൻ മുന്നോട്ടുവച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന്‌ മന്ത്രി കെ രാജൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്‌ അടുത്ത മാസം തിരുവനന്തപുരത്ത്‌ യോഗം വിളിക്കും.  കോർപറേഷൻ കൗൺസിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 
എല്ലാവർക്കും ഭൂമി ലഭ്യമാക്കുക എന്നതാണ്‌ സർക്കാർ നയം. അനധികൃതമായി കൈയേറിയ മുഴുവൻ ഭൂമിയും തിരിച്ചുപിടിക്കും. കോർപറേഷൻ പരിധിയിൽ റീ സർവേ പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക്‌ പ്രാധാന്യം നൽകും. എല്ലാ വില്ലേജുകളും സ്‌മാർട്ടാക്കുന്ന പദ്ധതിയിലും കോഴിക്കോടിന്‌ പരിഗണനയുണ്ടാകും –- മന്ത്രി പറഞ്ഞു. മേയർ ഡോ. ബീനാ ഫിലിപ്പ്‌ അധ്യക്ഷയായി. വിവിധ സമിതി അധ്യക്ഷരായ പി കെ നാസർ, പി സി രാജൻ, കൗൺസിലർമാരായ ഒ സദാശിവൻ, എൻ സി മോയിൻകുട്ടി, കെ മൊയ്‌തീൻ കോയ, ടി റിനീഷ്‌ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ സ്വാഗതവും സെക്രട്ടറി കെ യു ബിനി നന്ദിയും പറഞ്ഞു.
 
കോർപറേഷൻ നിർദേശങ്ങൾ: 
●ലൈഫ്‌ ഭവന പദ്ധതിയിൽ പാർപ്പിട സമുച്ചയങ്ങൾ നിർമിക്കാനായി മെഡിക്കൽ കോളേജിനടുത്തുള്ള ഹൗസിങ്‌ ബോർഡിന്റെ സ്ഥലവും തിരുവണ്ണൂർ കോട്ടൺ മില്ലിനു‌ സമീപത്ത്‌  കണ്ടെത്തിയ സ്ഥലവുംകോർപറേഷനായി നൽകാൻ നടപടി വേണം.
●മാനാഞ്ചിറ ആർഡിഒ കോംപ്ലക്സ്‌ സ്ഥലത്ത്‌ നിശാഗന്ധി മാതൃകയിലുള്ള വികസന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഡിഡിഇ ഓഫീസ്‌ ഉൾപ്പെടുന്ന സ്ഥലം കോർപറേഷന്‌ അനുവദിക്കണം.
● വില്ലേജ്‌ ഓഫീസുകൾ പൂർണമായി ഡിജിറ്റലൈസ്‌ ചെയ്യണം.
● ടേക്ക്‌ എ ബ്രേക്ക്‌ പദ്ധതിക്ക്‌ റവന്യൂ പുറമ്പോക്ക്‌ ഭൂമി അനുവദിക്കണം.
● കല്ലായി‌ പുഴയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടി പൂർത്തീകരിക്കണം.
● പന്നിയങ്കര വില്ലേജ്‌ വിഭജിക്കുന്ന നടപടി പൂർത്തീകരിക്കണം.
● ഡാറ്റാ ബാങ്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കണം. ആധാരം തരം മാറ്റിക്കിട്ടാത്തതിനാൽ വീടുനിർമാണം തടസ്സപ്പെടുന്നത്‌ ഒഴിവാക്കാൻ കെട്ടിട നിർമാണത്തിന്‌ അനുമതി നൽകാൻ ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തണം. ഒരു ചെറിയ പ്രദേശത്ത്‌ വെള്ളക്കെട്ട്‌ ഉണ്ടെങ്കിൽ  ഒരു സർവേ നമ്പറിൽപ്പെട്ട മുഴുവൻ ഭൂമിയും ഡാറ്റാ ബാങ്ക്‌ ആയി കണക്കാക്കി നടപടി സ്വീകരിക്കുന്നത്‌ ഒഴിവാക്കണം.
● റീ സർവേ പൂർത്തീകരിക്കുക
● ചെറുവണ്ണൂർ സ്‌റ്റീൽ കോംപ്ലക്‌സിന്‌ അടുത്തുള്ള സ്ഥലം പിപിപി വ്യവസ്ഥയിൽ ലോറി സ്‌റ്റാൻഡ്‌‌ നിർമാണത്തിന്‌ അനുവദിക്കുക.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top