25 July Sunday
ഒരു ജില്ല ഒരു ഉൽപ്പന്നം പദ്ധതി

ജില്ലയിൽ നിറയും 
കർഷകരുടെ പാൽപ്പുഞ്ചിരി

സ്വന്തം ലേഖികUpdated: Saturday Jun 19, 2021
 
കൽപ്പറ്റ
ജില്ലയിലെ ക്ഷീര കർഷകർക്ക്‌ പ്രതീക്ഷയേകി സംസ്ഥാന സർക്കാർ പദ്ധതി. പാലും പാലുൽപ്പന്നങ്ങളും അടിസ്ഥാനമാക്കി വ്യവസായ യൂനിറ്റുകൾക്ക്‌ സാമ്പത്തിക സഹായം നൽകാനുള്ള  സർക്കാർ തീരുമാനം‌  ഈ മേഖലക്ക്‌ ഉണർവേകും.  കാർഷിക ഉൽപ്പന്നങ്ങളിൽനിന്ന് വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിനുള്ള ‘ഒരു ജില്ല ഒരു ഉൽപ്പന്നം പദ്ധതിയിലാണ്‌ ജില്ലയിൽ ക്ഷീര മേഖലയെ ഉൾപ്പെടുത്തിയത്‌.    വ്യവസായ സംരംഭങ്ങൾക്ക്‌ പദ്ധതി ചെലവിന്റെ 35 ശതമാനംവരെ  വ്യവസായ വകുപ്പ്‌  ധനസഹായം നൽകും. ഒരു യൂണിറ്റിന് പത്തുലക്ഷം രൂപവരെ സഹായം ലഭിക്കും. പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുപുറമെ നിലവിൽ ഇത്തരം വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പദ്ധതിയുടെ  പ്രയോജനം ലഭിക്കും. ഒരു യൂണിറ്റ് ആരംഭിക്കാൻ പത്തുമുതൽ 25 ലക്ഷം വരെ  ചെലവുണ്ടാകുമെന്നാണ് കണക്ക്‌.  ഒരു യൂണിറ്റിൽ കുറഞ്ഞത് പതിനഞ്ചുപേർക്കെങ്കിലും നേരിട്ടും അല്ലാതെയും തൊഴിൽ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.  സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിലുള്ള വ്യവസായ വികസന ഓഫീസർമാരെയാണ് ബന്ധപ്പെടേണ്ടത്. ഈ വർഷം വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത് 108 യൂണിറ്റുകളാണ്‌.  
വ്യക്തിഗത സംരംഭങ്ങൾ ആരംഭിക്കുന്നതിനായി സംസ്ഥാന ബജറ്റിൽ 4.50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഓരോ ജില്ലകളിലും വ്യത്യസ്‌ത ഇനം ഉൽപ്പന്നങ്ങളാണ്‌ തെരഞ്ഞെടുത്തത്‌. കാർഷിക മേഖലയിലെ പ്രതിസന്ധിയിൽനിന്ന്‌ കർഷകർ ക്ഷീര മേഖലയിലൂടെയാണ്‌ അതിജീവിച്ചത്‌.  എന്നാൽ പാലുൽപ്പാദനം വർധിക്കുമ്പോഴും മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിപണനം നടത്താനുള്ള സൗകര്യങ്ങളില്ലാത്തത്‌ ഈ മേഖലയിൽ പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു.  
ലോക്‌ഡൗൺ കാലത്ത്‌ മിൽമ പാൽ സംഭരിക്കാത്തത്‌ കർഷകർക്ക്‌ പ്രയാസമായിരുന്നു. പാൽ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന വ്യവസായ സംരംഭങ്ങൾ തുടങ്ങിയാൽ ഈ പ്രതിസന്ധി പരിഹരിക്കപ്പെടും.  കർഷകർക്ക്‌ ഏറെ പ്രതീക്ഷപകരുന്നതാണ്‌ സർക്കാർ തീരുമാനം.  വ്യവസായ യൂണിറ്റുകൾക്ക് ആവശ്യമായ കാർഷികോൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കാനും മികച്ച വില ലഭിക്കാനും കർഷകർക്ക് അവസരം ലഭിക്കും. വ്യവസായ സംരംഭകരെ സഹായിക്കുന്നതിന് എല്ലാ കേന്ദ്രങ്ങളിലും ഹാൻഡ് ഹോൾഡിങ് സംവിധാനം ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top