17 July Wednesday

വധശ്രമക്കേസ‌് അട്ടിമറിക്കാൻ പൊലീസ‌് നീക്കം സിപിഐ എം നേതാക്കൾ പൊലീസ‌് സ‌്റ്റേഷനിൽ കുത്തിയിരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019
കാസർകോട്‌
അതൃകുഴിയിയിൽ സിപിഐ എം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ കോൺഗ്രസുകാർക്കെതിരായ കേസ് അട്ടിമറിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ വിദ്യാനഗർ പൊലീസ് സ്റ്റേഷന് മുന്നിൽ നേതാക്കളും പ്രവർത്തകരും കുത്തിയിരുന്നു.വിദ്യാനഗർ സിഐ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ‌്   അവസാനിപ്പിച്ചത‌്. കേസ്‌ അട്ടിമറിക്കില്ലെന്നും പ്രതികളെ രണ്ടുദിവസത്തിനകം അറസ്‌റ്റുചെയ്യുമെന്നും സിഐ നേതാക്കൾക്ക്‌ ഉറപ്പുനൽകി.  എസ്‌ഐ ബിപിനെ തുടരന്വേഷണം ഏൽപിച്ചതായും അറിയിച്ചു. 
സംഭവം നടന്ന് 21 ദിവസം കഴിഞ്ഞിട്ടും പ്രതികളിലാരെയും പിടികൂടാൻ പൊലീസിനായില്ല. അക്രമത്തിനിരയായ സിപിഐ എം പ്രവർത്തകരുടെ മൊഴിയെടുക്കാൻപോലും തയ്യാറാകാത്ത പൊലീസ് പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. സിപിഐ എം പ്രവർത്തകരായ അഖിൽ, പ്രമോദ്‌, അനീഷ്‌ എന്നിവരുടെ തലയ്ക്കും മുഖത്തുമാണ്  അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിൽ കഴിഞ്ഞ ഇവരുടെ മെഡിക്കൽ റിപ്പോർട്ടുകൾ പൊലീസിന്‌ കൈമാറിയതാണ്‌. എന്നിട്ടും കേസിലെ പ്രതികളെ പിടികൂടാൻ തയ്യാറായില്ല.  അതേസമയം കോൺഗ്രസുകാർ നൽകിയ കൗണ്ടർ കേസിൽ  സിപിഐ എം പ്രവർത്തകരെ പിടികൂടി ജയിലിലടച്ചിരുന്നു. 
കഴിഞ്ഞദിവസമാണ്‌ ഇവർക്ക്‌ കോടതി ജാമ്യം അനുവദിച്ചത്‌. യഥാർഥത്തിൽ അക്രമത്തിനിരയായവർ നൽകിയ പരാതി അട്ടിമറിക്കാനുള്ള ശ്രമമാണ്‌ വിദ്യാനഗർ എസ്‌ഐ വാസുവിന്റെ നേതൃത്വത്തിൽ നടന്നത്‌. പരിക്കേറ്റവരുടെ  മൊഴിയെടുക്കാതെ പ്രതികൾക്ക്‌ മുൻകൂർ ജാമ്യം ലഭിക്കുന്നതിനുള്ള സഹായവും എസ്‌ഐയുടെ നേതൃത്വത്തിൽ ചെയ‌്തുകൊടുത്തു. 
സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരുംവിധം നിഷ്‌പക്ഷ അന്വേഷണം നടത്തണമെന്നും നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌ഐയെ മാറ്റിനിർത്തി തുടരന്വേഷണം നടത്തണമെന്നും സിപിഐ എം നേതാക്കൾ ആവശ്യപ്പെട്ടു.
അതൃകുഴിയിലെ പുരുഷോത്തമൻ നായർ, വിപിൻ, വിനോദ്‌, വിനയൻ, നാസർ കാട്ടുകൊച്ചി, തമ്പാൻ, പ്രകാശൻ, പ്രശാന്ത്‌, വിജയൻ കുന്നിൽ, മണി കുന്നിൽ, വിജയൻ അതൃകുഴി, ഖലീൽ, ബഷീർ, ചന്ദ്രൻ ഗിഡ്ഡ എന്നിവർക്കെതിരെയാണ്‌ സിപിഐ എം പ്രവർത്തകർ പരാതി നൽകിയത്‌.
കുത്തിയിരിപ്പിന്‌ ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ, ഏരിയാകമ്മിറ്റി അംഗങ്ങളായ ടി എം എ കരീം, എം കെ രവീന്ദ്രൻ, ലോക്കൽസെക്രട്ടറിമാരായ സി വി കൃഷ്‌ണൻ, അനിൽ ചെന്നിക്കര, ഡിവൈഎഫ്‌ഐ ബ്ലോക്ക്‌പ്രസിഡന്റ്‌ സുഭാഷ്‌ പാടി, ഇബ്രാഹിം ഖലീൽ എന്നിവർ നേതൃത്വം നൽകി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top