03 April Friday
എതിർപ്പുമായി ബിജെപി–-യുഡിഎഫ്‌

ആഗസ്‌ത്‌ 15നകം സമ്പൂർണ മാലിന്യമുക്ത നഗരം

സ്വന്തം ലേഖകൻUpdated: Wednesday Feb 19, 2020
തിരുവനന്തപുരം
തലസ്ഥാന നഗരിയെ മാലിന്യമുക്തമാക്കാനുള്ള നഗരസഭയുടെ ഖരമാലിന്യസംസ്‌കരണ പദ്ധതിയ്‌ക്കെതിരെ ബിജെപി–-യുഡിഎഫ്‌ കൗൺസിലർമാർ. ചൊവ്വാഴ്‌ച മേയർ കെ ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ്‌ ബിജെപി–-യുഡിഎഫ്‌ കൗൺസിലർമാർ ഒന്നിച്ചത്‌. കേന്ദ്രസർക്കാർ അനുമതി നൽകിയ പദ്ധതി മാർച്ചിനകം ആരംഭിക്കേണ്ടതിനാൽ തനത്‌ ഫണ്ടിൽ നിന്നും 14 കോടി രൂപ അനുവദിക്കണമെന്ന്‌ ധനകാര്യ സ്ഥിരസമിതി കൗൺസിലിൽ ശുപാർശ ചെയ്‌തിരുന്നു. കേന്ദ്ര–-സംസ്ഥാനവിഹിതം ലഭ്യമാകുമ്പോൾ ഈ തുക തനത്‌ ഫണ്ടിലേയ്‌ക്ക്‌ തിരിച്ചടയ്‌ക്കുമെന്നും വ്യക്തമാക്കി. 
 
കേന്ദ്ര– സംസ്ഥാന സഹായത്തോടെ മാലിന്യ സംസ്‌കരണം ഊർജിതമാക്കാനായി നഗരസഭ നടപ്പാക്കുന്ന 46 കോടിയൂടെ പദ്ധതിയാണ്‌ ഖരമാലിന്യസംസ്‌കരണ പദ്ധതി. ഇതിൽ 16 കോടി കേന്ദ്രം വഹിക്കും. ബാക്കി സംസ്ഥാന സർക്കാരും നഗരസഭയും വഹിക്കും. പദ്ധതി യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന ലക്ഷ്യവുമായാണ്‌ തനത്‌ ഫണ്ടിൽ നിന്ന്‌ തുക വിലയിരുത്താൻ തീരുമാനിച്ചത്‌. എന്നാൽ നഗരത്തെ മാലിന്യമുക്തമാക്കാൻ പുതിയ പദ്ധതികളുടെ ആവശ്യമില്ലെന്നായിരുന്നു ബിജെപി കൗൺസിലർമാരുടെ വാദം. ഇത്‌ ഏറ്റുപിടിച്ച്‌ യുഡിഎഫും രംഗത്തെത്തി. എന്നാൽ ആഗസ്‌ത്‌ 15നകം സമ്പൂർണ മാലിന്യമുക്ത നഗരമെന്ന പദ്ധതിയുമായി ഭരണസമിതി മുന്നോട്ട്‌ പോവുമെന്നും ധനകാര്യ സ്ഥിരസമിതിയുടെ ശുപാർശ അംഗീകരിക്കുന്നതായും മേയർ കെ ശ്രീകുമാർ പറഞ്ഞു. കുന്നുകുഴിയിലെ അറവുശാലയുടെ നവീകരണത്തിന് കേരള ഇലക്ട്രിക്കൽ അലൈഡ് എൻജിനീയറിംങ് ലിമിറ്റഡിനെ ചുമതലപ്പെടുത്താനും കൗൺസിൽ അംഗീകാരം നൽകി. 9,57,34,800 രൂപയാണ് നിർമാണ ചെലവ്. 12 മാസത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കും.
പ്രധാന വാർത്തകൾ
 Top