21 October Monday

പ്രതികൾ പിടിയിലായത്‌ ദിവസങ്ങൾക്കുള്ളിൽ ഇതാണ്‌ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019
തളിപ്പറമ്പ് 
അന്വേഷണ ഉദ്യോഗസ്ഥർ ചാലഞ്ച് ഏറ്റെടുത്തു. അഞ്ചുദിവസത്തിനകം പ്രതികൾ പൊലീസ്‌ വലയിൽ. തളിപ്പറമ്പ്‌ നഗരത്തിൽ കാറുകളുടെ ചില്ലുകൾ തകർത്തും കടകളിൽ മോഷണം വർധിക്കുന്നത് അവസാനിപ്പിക്കണം.  അഞ്ച്ദിവസത്തിനുള്ളിൽ കുറ്റക്കാരെ കണ്ടെത്താൻ അടിയന്തിര നടപടി സ്വീകരിക്കണം. മേലധികാരികളുടെ വാക്കുകൾ ചലഞ്ചായി ഏറ്റെടുത്താണ് ഒരാഴ്ചക്കുള്ളിൽ  പൊലീസ്  പ്രതികളെ പിടികൂടിയത്. 
നിർത്തിയിട്ട കാറുകളുടെ ചില്ല്‌തകർത്ത് കൊള്ളയടിക്കുന്നതിലൂടെ പൊലീസിനെ വട്ടംകറക്കിയ  പുഷ്പഗിരിയിലെ മാടാളൻ പുതിയ പുരയിൽ അബ്ദുൾ മുജീബി(42)നെ ശനിയാഴ്ച ആദ്യം വലയിലാക്കിയത്. ഒമ്പതുമാസമായി  20 കാറുകളുടെ ഗ്ലാസുകൾ തകർത്തും വാതിൽ തുറന്നും പണവും സ്വർണവും കവർന്ന മുജീബിനെ ഡിവൈഎസ്‌പി  ടി കെ രത്‌നകുമാറിന്റെനേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. 
തളിപ്പറമ്പ് സഹകരണാശുപത്രിക്ക് സമീപത്തെ മലബാർ ട്രേഡേഴ്‌സിൽ ഷട്ടർ തകർത്ത്‌  അഞ്ച്‌ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന മൈസൂരു ഹുബ്ലി ഹുൻസൂർ പക്ഷിരാജപുരത്തെ മഞ്ചരവി(30)യെ തിങ്കളാഴ്ച രാത്രി വീരാജ്പേട്ടയിൽവച്ചാണ് പൊലീസ് പിടികൂടിയത്. 
മെലിഞ്ഞ ശരീര പ്രകൃതി യുള്ള മോഷ്ടാവ് ഒരുവശംമാത്രം പൂട്ടുള്ള വലിയ ഷട്ടറിന്റെ മറുഭാഗം ഉയർത്തിയാണ്‌ നുഴഞ്ഞു കയറിയത്‌.  മൂന്ന്മാസത്തോളം കവർച്ച നടത്തിയത് പൊലീസിനെപോലും ഞെട്ടിച്ചിരുന്നു. പുലർച്ചെ ഷട്ടർ ഉയർത്തി അകത്തുകടന്ന് ചാക്കുകളിലാക്കി സാധനങ്ങൾ കടത്തുന്നതിന്റെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ കുടുക്കിയത്. ഇതര സംസ്ഥാനക്കാരാണ് മോഷണം നടത്തുന്നതെന്ന് മനസിലായതോടെയാണ് പൊലീസ് പ്രതികളെ പിടികൂടാൻ ചലഞ്ച് ഏറ്റെടുത്തത്. 
 കഴിഞ്ഞ ജൂലായ് അവസാനമാണ് വ്യാജ ദിനേശ് ബീഡി നിർമാണ വിതരണ മേഖലയിലെ പ്രധാന കണ്ണികളെ തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. കൊച്ചി കേന്ദ്രമാക്കി മൊത്ത ഇടപാടിന് നേതൃത്വം നൽകുന്ന രാമന്തളി കുന്നരുവിലെ വള്ളുവക്കണ്ടി രാജീവനെ (55),  സുപ്രധാന കണ്ണിയായ കോഴിക്കോട് താമരശേരി തച്ചംപൊയിലിലെ പുതിയാറമ്പത്ത് ഒ പി മുഹമ്മദ്‌കോയ (60) തുടങ്ങിയവരെ പൊലീസ്  അറസറ്റ് ചെയ്തു. 
തളിപ്പറമ്പ് ഡിവൈഎ‌സ്‌‌പി ടി കെ രത്‌നകുമാർ, സിഐ സത്യനാഥ്, എസ്‌ഐ കെ പി ഷൈൻ,  എഎസ്‌ഐ പുരുഷോത്തമൻ, സീനിയർ സിപിഒ അബ്ദുൾ റൗഫ്, സിപിഒമാരായ പി ബിനേഷ്, സ്‌നേഹേഷ് എന്നിവരടങ്ങിയ സംഘമാണ് കേസുകൾക്ക് തുമ്പുണ്ടാക്കിയത്. 

 

പ്രധാന വാർത്തകൾ
 Top