22 September Sunday

പെരിങ്ങമ്മലയിൽ മാലിന്യ പ്ലാന്റ്‌ വരില്ല: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

എൽഡിഎഫ്‌ പാലോട്ട്‌ സംഘടിപ്പിച്ച യോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസാരിക്കുന്നു

പാലോട്
എൽഡിഎഫ് സർക്കാർ ഉള്ളിടത്തോളം പെരിങ്ങമ്മലയിൽ മാലിന്യ പ്ലാന്റ്‌ വരില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ്‌ പാലോട് ജങ്‌ഷനിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പ്ലാന്റ്‌ സ്ഥാപിക്കുമെന്ന് സർക്കാർ ഒരുഘട്ടത്തിലും തീരുമാനിച്ചിരുന്നില്ല. സ്ഥലത്തെക്കുറിച്ചുള്ള സാധ്യതാപഠനം മാത്രമേ നടത്തിയിരുന്നുള്ളൂ. എന്നാൽ, പെരിങ്ങമ്മലയിൽ മാലിന്യപ്ലാന്റ്‌ വരുന്നു എന്ന് പ്രചരിപ്പിച്ച്‌ സമൂഹത്തിൽ അങ്കലാപ്പ് സൃഷ്ടിച്ച് ജനങ്ങളെ സർക്കാരിന്‌ എതിരാക്കാനുള്ള ആസൂത്രിതശ്രമമാണ് എതിരാളികളിൽനിന്ന്‌ ഉണ്ടായത്.
 
   കോൺഗ്രസിനും ബിജെപിക്കും ഒരേ നിറമാണ്. പെരിങ്ങമ്മലയിലും അതുതന്നെയാണ് സ്ഥിതി. മാലിന്യപ്ലാന്റ്‌ വരുന്നു എന്ന ആശങ്ക ജനങ്ങളിലുളവാക്കി രാഷ്ട്രീയലാഭം കൊയ്യാനും ജനപ്രതിനിധികളെ  വ്യക്തിഹത്യ നടത്താനുമാണ് ഇരുകൂട്ടരും ശ്രമിച്ചതെന്ന്‌ കോടിയേരി പറഞ്ഞു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ ജെ കുഞ്ഞുമോൻ അധ്യക്ഷനായി. 
 
സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, എംഎൽഎ ഡി കെ മുരളി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ വി കെ മധു, സിപിഐ എം വിതുര ഏരിയ സെക്രട്ടറി എൻ ഷൗക്കത്തലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ചന്ദ്രൻ, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ്‌ പി ചിത്രകുമാരി, നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ്‌ ദീപ സുരേഷ്, വിതുര പഞ്ചായത്ത് പ്രസിഡന്റ്‌ എസ് എൽ കൃഷ്ണകുമാരി, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ എ എം അൻസാരി, പി എസ് മധു, പെരിങ്ങമ്മല ലോക്കൽ സെക്രട്ടറി ഇബ്രാഹിംകുഞ്ഞ്, നന്ദിയോട് ലോക്കൽ  സെക്രട്ടറി ജി എസ് ഷാബി, സിപിഐ നേതാക്കളായ മാങ്കോട് രാധാകൃഷ്ണൻ, മീനാങ്കൽ കുമാർ, രജിത്‌ലാൽ, പി എസ് ഷൗക്കത്ത്, സാജൻ തുടങ്ങിയവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top