18 September Wednesday

മടവൂരിന്റെ സഖാവ്‌ ഇനി ജനമനസ്സുകളിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

ഭൂസംരക്ഷണ സമരത്തിന്റെ ഭാഗമായി മടവൂരിൽ നാട്ടാനുള്ള പതാക ബി പി മുരളിക്ക്‌ കൈമാറുന്ന മടവൂർ വിക്രമൻ നായർ (ഫയൽ ചിത്രം‌)

കിളിമാനൂർ
മടവൂർകാരുടെ പ്രിയ സഖാവ്‌ വിക്രമൻനായർ ഇനി ജനമനസ്സുകളിൽ. ജില്ലയിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുത്തവരിൽ പ്രമുഖനായിരുന്നു. 88–-ാമത്തെ വയസ്സിലും കർമരം​ഗത്ത് സജീവം. മെയ് 31ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മടവൂരിൽ സിപിഐ എം സംഘടിപ്പിച്ച പരിപാടിയിൽ ആദരിച്ചിരുന്നു.ജില്ലയിലെ പ്രമുഖ ക്ലാസ് വൺ സ്പെഷ്യൽ ​ഗ്രേഡ് സഹകരണസ്ഥാപനമായ മടവൂർ സർവീസ് സഹകരണ  ബാങ്കിന്റെ ശിൽപ്പിയും ആദ്യ പ്രസിഡന്റുമായിരുന്നു. എൻഎംആർ തൊഴിലാളിയൂണിയൻ കേരളത്തിൽ സംഘടിപ്പിക്കുന്നതിൽ പ്രമുഖനും ദീർഘകാലം സംസ്ഥാന നേതാവുമായിരുന്നു. 
 
പ്രശസ്തമായ മാമന്നൂർ മഠം മിച്ചഭൂമി സമരത്തിൽ എകെജിക്കൊപ്പം സമരം നയിച്ചതോടെയാണ് വിക്രമൻനായർ മടവൂർകാർക്ക്‌ പ്രിയങ്കരനായത്. മടവൂരിലെ ഐതിഹാസികമായ കശുവണ്ടി തൊഴിലാളി നിരാഹാരസമരത്തിന്റെ അമരക്കാരനായിരുന്നു.  
സിപിഐ എം ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയം​ഗവും കിളിമാനൂർ ഏരിയ കമ്മിറ്റിയംഗവുമായി പ്രവർത്തിച്ചു. സിപിഐ എം മടവൂർ ലോക്കൽ കമ്മിറ്റി ഓഫീസിലും കുടുംബവീടായ തുമ്പോട് കോട്ടൂർ വീട്ടിലും പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ മുതിർന്ന സിപിഐ എം നേതാക്കളായ പിരപ്പൻകോട് മുരളി, പി കെ ഗുരുദാസൻ, സിപിഐ എം സംസ്ഥാന കമ്മിറ്റിയം​ഗം വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറിയറ്റം​ഗം ബി പി മുരളി, ജില്ലാ കമ്മിറ്റിയം​ഗം മടവൂർ അനിൽ, എംഎൽഎമാരായ വി ജോയി, ബി സത്യൻ, ഡി കെ മുരളി, സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. എസ് ജയചന്ദ്രൻ, എൻ രാജൻ, കോൺഗ്രസ് നേതാക്കളായ വർക്കല കഹാർ, എ ഇബ്രാഹിംകുട്ടി, രവീന്ദ്രൻ ഉണ്ണിത്താനുൾപ്പെടെ നൂറുകണക്കിനാളുകളാണ്‌ അന്തിമോപചാരം അർപ്പിച്ചത്‌. 
 
ത്യാഗധനനായ തൊഴിലാളി നേതാവ്‌ : ആനാവൂർ 
തിരുവനന്തപുരം 
ജില്ലയിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുത്തവരിൽ പ്രമുഖനായിരുന്നു  മടവൂർ വിക്രമൻനായരെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ത്യാഗപൂർണമായ പ്രവർത്തനമാണ്‌ അദ്ദേഹം നടത്തിയത്‌. –- ആനാവൂർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കമ്യൂണിസ്റ്റ് പാർടിയുടെ ജില്ലയിലെ ആദ്യകാല നേതാവായ മടവൂർ വിക്രമൻ നായരുടെ നിര്യാണത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുശോചിച്ചു. ധീരനായ കമ്യൂണിസ്‌റ്റിനെയാണ്‌ നഷ്ടമായതെന്ന്‌ പി കെ ഗുരുദാസൻ പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top