17 July Wednesday

പത്താംക്ലാസ് തുല്യതാപരീക്ഷ വിജയിച്ച ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ആദരം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

സാക്ഷരതാമിഷന്റെ ട്രാൻസ്ജെൻഡർ തുടർവിദ്യാഭ്യാസ പദ്ധതിയായ ‘സമന്വയ’ യിലൂടെ പത്താംക്ലാസ് തുല്യതാപരീക്ഷ വിജയിച്ച 21 പേരെ അനുമോദിക്കുന്ന പരിപാടി മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം
സാക്ഷരതാമിഷന്റെ ട്രാൻസ്ജെൻഡർ തുടർവിദ്യാഭ്യാസ പദ്ധതിയായ ‘സമന്വയ’ യിലൂടെ  പത്താംക്ലാസ് തുല്യതാപരീക്ഷ വിജയിച്ച 21 പേരെ അനുമോദിക്കുന്ന പരിപാടി മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വിദ്യാഭ്യാസമേഖലയെ സംബന്ധിച്ചുള്ള ഒരു ചർച്ച വന്നാൽ  അതിൽ  സാക്ഷരതാമിഷന്റെ ഏതെങ്കിലുമൊരു പദ്ധതി വിഷയമാകുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ കണ്ടുപിടിത്തങ്ങളും അറിവുകളും സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളിലും എത്തണം. ഈ ബോധ്യത്തിലൂന്നിയ പ്രവർത്തനങ്ങളാണ് സാക്ഷരതാമിഷൻ നടത്തിവരുന്നതെന്ന്- മന്ത്രി പറഞ്ഞു. സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല അധ്യക്ഷയായി. അസി. ഡയറക്ടർ ഡോ. വിജയമ്മ, “സമന്വയ’ പദ്ധതി കോ ഓർഡിനേറ്റർ ഇ വി അനിൽകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡാർളി ജോസഫ് എന്നിവർ സംസാരിച്ചു. 
 
 പത്താംതരം വിജയിച്ച 21 പേരും സാക്ഷരതാമിഷന്റെ ഹയർസെക്കൻഡറി തുല്യതാ കോഴ്സിൽ  ചേർന്നു.  27 ട്രാൻസ്ജെൻഡറുകളാണ് പുതിയ അധ്യയനവർഷം ഹയർസെക്കൻഡറി തുല്യതാ കോഴ്സിൽ  ചേർന്ന് പഠിച്ചുവരുന്നത്. പത്താംതരത്തിന് നിലവിൽ  20 പേരും.  നാലാംതരം തുല്യത മുതൽ  ഹയർസെക്കൻഡറി വരെ ട്രാൻസ്ജെൻഡറുകളെ സൗജന്യമായി പഠിപ്പിക്കുന്നതിനായി സാക്ഷരതാമിഷൻ നടപ്പാക്കിവരുന്ന പദ്ധതിയാണ് സമന്വയ.
 
 
 
 
 
പ്രധാന വാർത്തകൾ
 Top