17 August Saturday

ഹരിപ്പാട‌് തിരിച്ചറിയുന്നു; ഇടതുനന്മയെ

ബിമൽ റോയ‌്Updated: Thursday Apr 18, 2019
 
ഹരിപ്പാട്
ആലപ്പുഴ ലോക‌്സഭാ മണ്ഡലത്തിൽ യുഡിഎഫിനൊപ്പമുള്ള ഏക നിയമസഭാ മണ്ഡലമാണ‌് ഹരിപ്പാട‌്. പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തലയുടെ മണ്ഡലത്തിലെ വോട്ടർമാർക്ക‌് പക്ഷേ, ദുരന്തങ്ങളിൽ കൈത്താങ്ങായത‌് എൽഡി‌എഫ‌് സർക്കാരാണെന്ന ഉറച്ചബോധ്യമുണ്ട‌്. അതുകൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പ‌ിലെ വോട്ടിങ‌് നിലയായിരിക്കില്ല ഇക്കുറിയെന്നുറപ്പ‌്. ക‌ൃത്യമായ പ്രചാരണവും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനവും മുതൽക്കൂട്ടാക്കി എൽഡിഎഫ‌് മണ്ഡലത്തിൽ കാഴ‌്ചവച്ച മുന്നേറ്റം യുഡിഎഫിനെ അസ്വസ്ഥപ്പെടുത്തുന്നു.   
അപ്രതീക്ഷിതമായുണ്ടായ മഹാപ്രളയവും ഓഖിദുരന്തവും നേരിടേണ്ടി വന്നപ്പോഴും പതറാതെ നിൽക്കാൻ കരുത്തുനൽകിയത‌് എൽഡിഎഫ‌് സർക്കാരാണെന്ന‌് വോട്ടർമാർ തിരിച്ചറിയുന്നുണ്ട‌്. സർക്കാരിന്റെ ആയിരംദിന പദ്ധതികൾ ഹരിപ്പാട്ടുകാരുടെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങളിൽ വലിയൊരളവിൽ മാറ്റമുണ്ടാക്കി. സർക്കാർ പദ്ധതികളിലൂടെ മികച്ച നിലവാരത്തിലേക്കുയർന്ന  സ‌്കൂളുകളും ആശുപത്രികളും റോഡുകളുമെല്ലാം മണ്ഡലത്തിന്റെ എല്ലാഭാഗത്തും കാണാം. കഴിഞ്ഞ സർക്കാർ പെൻഷനുപുറമേ കുടിശ്ശികയാക്കിയ കയർത്തൊഴിലാളികളുടെ കൂലി മുഴുവൻ കൊടുത്തു തീർത്ത‌് പുതിയ പദ്ധതികൾ സർക്കാർ നടപ്പാക്കി ഏറ്റവും വലിയ തൊഴിൽ മേഖലയായ കയർ മേഖലയിൽ ഉൽപ്പാദനം സർവകാല റെക്കോഡിലെത്തി. മുഴുവൻ കയർ സംഘങ്ങളും സജീവമായതോടെ തൊഴിലവസരം ഇരട്ടിയിലേറെയായി. 
ആദ്യഘട്ടത്തിലെ സന്ദർശനങ്ങൾക്കുശേഷം മൂന്നുഘട്ടങ്ങളിലായി മുഴുവൻ ബൂത്തുകളിലുമെത്തിയ ആരിഫിന് ആവേശകരമായ വരവേൽപ്പാണ് നാട്ടിലെമ്പാടും ലഭിച്ചത്. കയർ, കർഷക, -മത്സ്യത്തൊഴിലാളികൾ  തിങ്ങിപ്പാർക്കുന്ന ഹരിപ്പാടിന്റെ ഗ്രാമാന്തരങ്ങളിലെത്തിയ ആരിഫിന‌് എല്ലാവിഭാഗക്കാർക്കിടയിലും മികച്ച സ്വീകാര്യത ലഭിച്ചു. 
അപ്പർ കുട്ടനാട്ടിൽ സംഹാര താണ്ഡവമാടിയ പ്രളയത്തിൽ സർവതും നഷ‌്ടമായ കർഷകർക്ക് അടുത്തക‌ൃഷിക്ക‌് ഉറച്ച പിന്തുണ നൽകി സംസ്ഥാന സർക്കാർ ആത്മവിശ്വാസം പകർന്നു. സൗജന്യ വിത്തും വളവും തരിശുക‌ൃഷിക്ക‌് ധനസഹായവും തുടങ്ങി സർക്കാർ പിന്തുണ നൽകിയതോടെ പ്രളയാനന്തര നെൽക‌ൃഷിയിൽ റെക്കോഡ് വിളവാണുണ്ടായത്. മുൻ കാലങ്ങളിൽനിന്നും വ്യത്യസ‌്തമായി കൊയ‌്തെടുത്ത് നെല്ല് യഥാസമയം സംഭരിക്കാനും അതിന്റെ പണം ഉടൻ ക‌ൃഷിക്കാരുടെ ബാങ്ക് അക്കൗണ്ടിലെത്തിക്കാനും സർക്കാർ സ്വീകരിച്ച നടപടി പ്രശംസ പിടിച്ചുപറ്റി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ മണ്ഡലത്തിലെ സർക്കാർ- എയ്ഡഡ് വിദ്യാലയങ്ങളിൽ വൻ കുതിച്ചു കയറ്റമാണുണ്ടായത്. അന്താരാഷ‌്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഹരിപ്പാട് ഗവ ഗേൾസ് ഹയർ സെക്കൻഡറി സ‌്കൂളിൽ നടപ്പാക്കാൻ അഞ്ച‌് കോടി രൂപ ആദ്യഘട്ടമായി നൽകി നിർമാണം പുരോഗമിക്കുന്നു. മംഗലം ഗവ. എച്ച്എസിന് 3.95 കോടി, ഹരിപ്പാട് എംബിഎച്ച്എസിന് രണ്ടു കോടി കൂടാതെ സ‌്കൂളിൽ അന്താരാഷ‌്ട്ര നിലവാരത്തിലുള്ള കളിസ്ഥലം രൂപപ്പെടുത്താനും സർക്കാർ ഫണ്ട് നൽകി. ആയാപറമ്പ്, വലിയഴീക്കൽ ഹയർ സെക്കൻഡറി സ‌്കൂളുകളടക്കം മുഴുവൻ സ‌്കൂളുകളിലും ഹൈടെക‌് ക്ലാസ് മുറികൾക്കായി കോടിക്കണക്കിനു രൂപയാണ് ചെലവഴിച്ചത‌്.
കായംകുളം പൊഴിയിലെ പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. ആറാട്ടുപുഴ ത‌ൃക്കുന്നപ്പുഴ തീരത്ത് 80 കോടി ചെലവിൽ സ്ഥാപിക്കുന്ന പുലിമുട്ടുകളുടെ ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്. കാർത്തികപ്പള്ളി താലൂക്കിലെ മുഴുവൻ സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിലാകുന്ന ഹരിപ്പാട് റവന്യു ടവർ ഉദ്ഘാടനത്തിനൊരുങ്ങി കഴിഞ്ഞു. കെ സി വേണുഗോപാൽ 10 വർഷം എംപിയായിട്ടും ഹരിപ്പാട‌് പറയത്തക്ക പദ്ധതികളൊന്നും കൊണ്ടുവരാൻ കഴിഞ്ഞില്ല. റെയിൽവേ വികസനത്തിൽ പുരോഗതിയും ഉണ്ടായില്ല. തീരദേശ സ‌്റ്റേഷനുകളിൽ ഏറ്റവുമധികം യാത്രക്കാരുള്ള ഹരിപ്പാട് റെയിൽവേ സ‌്റ്റേഷന്റെ വികസനം കടലാസിൽ ഒതുങ്ങി. 
ഹരിപ്പാട‌് മുനിസിപ്പാലിറ്റി, കരുവാറ്റ, കുമാരപുരം, പള്ളിപ്പാട‌്, ചെറുതന, ത‌ൃക്കുന്നപ്പുഴ, ആറാട്ടുപുഴ, ചിങ്ങോലി, മുതുകുളം, കാർത്തികപ്പള്ളി, ചേപ്പാട‌് പഞ്ചായത്തുകൾ എന്നിവ ചേരുന്നതാണ‌് മണ്ഡലം. കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കെ സി വേണുഗോപാലിന‌് 66687 വോട്ടും എൽഡിഎഫ‌് സ്ഥാനാർഥി സി ബി ചന്ദ്രബാബുവിന‌് 57822 വോട്ടും ലഭിച്ചു.
അന്തിമപട്ടിക പ്രകാരം ഹരിപ്പാട് 1,87,660 വോട്ടർമാരുണ്ട‌്. ഇവരിൽ -87,509  പുരുഷൻമാരും -98,654 സ‌്ത്രീകളും ഉൾപ്പെടുന്നു. സർവീസ് വോട്ടർമാർ- 1496.
പ്രധാന വാർത്തകൾ
 Top