04 April Saturday
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്‌

സംസ്ഥാനം സുപ്രീംകോടതിയിൽ

സ്വന്തം ലേഖകൻUpdated: Tuesday Feb 18, 2020
ന്യൂഡൽഹി
തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിന്റെ നടത്തിപ്പ്‌ അവകാശം അദാനിഗ്രൂപ്പിന്‌ നൽകുന്നതിന്‌ എതിരെ സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. നടത്തിപ്പ്‌ അവകാശം അദാനിഗ്രൂപ്പിന്‌ കൈമാറുന്നത്‌ പൊതുതാൽപ്പര്യങ്ങൾക്ക്‌ എതിരാണെന്ന്‌ സംസ്ഥാനസർക്കാർ ഹർജിയിൽ ചൂണ്ടിക്കാണിച്ചു. 
എയർപോർട്ട്‌ അതോറിറ്റി ആക്ടിലെ വ്യവസ്ഥകൾക്ക്‌ വിരുദ്ധമാണ്‌ ഈ നടപടിയെന്നും പൊതുതാൽപ്പര്യം, മെച്ചപ്പെട്ട ഭരണനിർവഹണം തുടങ്ങിയ കാര്യങ്ങൾ കൂടി പരിഗണിച്ച്‌ ഉചിതമായ തീരുമാനം എടുക്കണമെന്നും സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടു. അദാനിഗ്രൂപ്പിന്‌ വിമാനത്താവളങ്ങൾ നടത്തി മതിയായ അനുഭവപരിചയമില്ല. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുടെ നടത്തിപ്പിലൂടെ സംസ്ഥാനസർക്കാരിന്‌ ഈ വിഷയത്തിൽ ആവശ്യമായ അനുഭവപരിചയമുണ്ട്‌.
 കേന്ദ്രസർക്കാർ സംസ്ഥാനസർക്കാരിന്‌ നൽകിയ ഉറപ്പിന്‌ വിരുദ്ധമായാണ്‌ വിമാനത്താവളനടത്തിപ്പ്‌ അധികാരം കൈമാറിയതെന്നും സർക്കാർ ചൂണ്ടിക്കാണിച്ചു. വിമാനത്താവളനടത്തിപ്പ്‌ കൈമാറാനുള്ള നടപടികൾ സംബന്ധിച്ച്‌ സുപ്രീംകോടതി അന്തിമതീരുമാനം എടുക്കുന്നതുവരെ തുടർ നടപടികൾ സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. നേരത്തെ ഈ ആവശ്യം ഉന്നയിച്ച്‌ സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. സംസ്ഥാനസർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള തർക്ക വിഷയമായതിനാൽ സുപ്രീംകോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം.
പ്രധാന വാർത്തകൾ
 Top