കോട്ടയം
ഗവ. മെഡിക്കൽ കോളേജിലെ പൂർത്തീകരിച്ച വിവിധ പദ്ധതികളും പുതിയ ഹൗസ് സർജൻ ക്വാർട്ടേഴ്സ്, അത്യാഹിത വിഭാഗം രണ്ടാംഘട്ടം, ടോയ്ലറ്റ് കോംപ്ലക്സ്, സ്ത്രീകളുടെ മെഡിക്കൽ വാർഡ് എന്നിവയുടെ നിർമാണവും മന്ത്രി കെ കെ ശൈലജ ഉദ്ഘാടനംചെയ്തു. അഡ്വ. കെ സുരേഷ് കുറുപ്പ് എംഎൽഎ അധ്യക്ഷനായി.
കാർഡിയോളജി വിഭാഗത്തിലെ രണ്ടാമത്തെ അത്യാധുനിക കാത്ത് ലാബ്, പുതിയ 128 സ്ലൈസ് സിടി സ്കാൻ, നവീകരിച്ച ഇന്റേണൽ റോഡ്, ഓട്ടിസം സെന്റർ, റെറ്റിന യൂണിറ്റ്, ക്യാൻസർ ശസ്ത്രക്രിയ വിഭാഗം, കുട്ടികളുടെ നവീകരിച്ച ഹൃദയ ശസ്ത്രക്രിയ വിഭാഗം, പുതുക്കിയ വാർഡുകൾ, അത്യാഹിത വിഭാഗത്തിലെ താക്കോൽദ്വാര ശസ്ത്രക്രിയയ്ക്കുള്ള ആധുനിക ലാപ്പ്രോസ്കോപ്പിക് മെഷീൻ,
നെഫ്രോളജി വിഭാഗത്തിലെ ഐസിയു, ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലെ സിംഗിൾ ബലൂൺ എന്റോസ്കോപ്പ്, ഇൻസർവീസ് നേഴ്സിങ് എജ്യുക്കേഷൻ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികൾക്കാണ് ഇതോടെ തുടക്കമാകുന്നത്. കാത്ത്ലാബ്, സി ടി സ്കാൻ അടക്കമുള്ള സൗകര്യങ്ങൾ മന്ത്രി സന്ദർശിച്ചു. ജീവനക്കാരും രോഗികളുമായി മന്ത്രി കുശലാന്വേഷണം നടത്തി.
ഉദ്ഘാടന ചടങ്ങിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കലക്ടർ പി കെ സുധീർബാബു, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. റംല ബീവി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മുൻ എംഎൽഎ വി എൻ വാസവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, ഡിഎംഒ ജേക്കബ് വർഗീസ്, ഡോ. പി ജി ആർ പിള്ള, മെഡിക്കൽ കോളേജ് ആർഎംഒ ഡോ. പി രഞ്ജൻ, കോട്ടയം എക്സി. എൻജിനിയർ ഷീന രാജൻ, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് മോഹൻ സി ചതുരച്ചിറ, വൈസ് പ്രസിഡന്റ് എൽസമ്മ വേളാശ്ശേരിൽ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരിക്കുട്ടി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം മഹേഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം പി വി മൈക്കിൾ, ഗവ. ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി ടി ബീന, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. പി സവിത, ഗവ. നേഴ്സിങ് കോളേജ് പ്രിൻസിപ്പൽ ഡോ. വൽസമ്മ ജോസഫ്, മെഡിക്കൽ കോളേജ് നേഴ്സിങ് ഓഫീസർ പി ജി ഇന്ദിര, ഡിസിഎച്ച് സൊസൈറ്റി പ്രസിഡന്റ് കെ എൻ രവി എന്നിവർ പങ്കെടുത്തു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് സ്വാഗതവും വൈസ്പ്രിൻസിപ്പൽ ഡോ. കെ പി ജയകുമാർ നന്ദിയും പറഞ്ഞു.