07 December Tuesday

സന്തോഷ്‌ ട്രോഫി ക്യാമ്പിലേക്ക്‌ കണ്ണൂരിൽ നിന്ന്‌ 4 താരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021
കണ്ണൂർ
സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ കോച്ചിങ്‌ ക്യാമ്പിലേക്ക്‌  കണ്ണൂരിൽനിന്ന്‌  നാല്‌ താരങ്ങൾ. കണ്ണൂർ എസ്‌എൻ കോളേജിലെ  മൂന്നുപേരും കണ്ണൂർ യുനൈറ്റഡ്‌ ക്ലബ്ബിൽ നിന്നുള്ള  ഒരാളുമാണ്‌ 35 അംഗ സാധ്യതാടീമിൽ ഇടംപിടിച്ചത്‌.  കാസർകോടിനെ പ്രതിനിധീകരിച്ച്‌  പയ്യന്നൂർ കോളേജിലെ മൂന്ന്‌ താരങ്ങളും ക്യാമ്പിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.  16 വർഷത്തിന്‌ ശേഷമാണ്‌ കണ്ണൂരിൽനിന്ന്‌ ഇത്രയും പേർ ക്യാമ്പിലെത്തുന്നത്‌. കഴിഞ്ഞ തവണ ഒരാൾ മാത്രമെ കണ്ണൂരിൽനിന്ന്‌ ടീമിലുണ്ടായിരുന്നുള്ളൂ. സന്തോഷ്‌ ട്രോഫി നേടിയ കേരള ടീമിന്റെ ക്യാപ്‌റ്റൻ വി മിഥുനാണ്‌ കണ്ണൂരിന്റെ അഭിമാനമായത്‌. ഗോൾ കീപ്പറായ മിഥുൻ ഇക്കുറിയും ടീമിലുണ്ടാവുമെന്ന്‌ ഉറപ്പാണ്‌.
സ്റ്റോപ്പർ ബാക്ക്‌ കക്കാട്‌ പള്ളിപ്രത്തെ എം ഷിബിൻ സഹദ്‌,  ഗോൾ കീപ്പർ കൂത്തുപറമ്പ് കിണവക്കലിലെ സി മുഹമ്മദ്‌ ഇക്‌ബാൽ,  സെന്റഹാഫ്‌ കാസർകോട്ടെ എം റാഷിദ്‌ (മൂവരും കണ്ണൂർ എസ്‌ എൻ കോളേജ്‌), റൈറ്റ്‌വിങ്‌ ബാക്ക്‌ തയ്യിലെ ടി പി ജീവൻ (കണ്ണൂർ യുനൈറ്റഡ്‌ ക്ലബ്‌) എന്നിവരാണ്‌ ക്യാമ്പിലെത്തിയത്‌. എല്ലാവരും ബിരുദ വിദ്യാർഥികളാണ്‌.  
ഹാഫ്‌ ബാക്ക്‌ ആകാശ്‌ രവി, സ്ട്രൈക്കർ മുഹമ്മദ്‌ ശിഹാബ്‌,  ലെഫ്‌റ്റ്‌ വിങ്‌ ബാക്ക്‌ മുഹമ്മദ്‌ സാബിഹ്‌  എന്നിവരാണ്‌ പയ്യന്നൂർ കോളേജിൽനിന്ന്‌ ക്യാമ്പിലെത്തിയത്‌. മൂവരും തൃക്കരിപ്പൂർ സ്വദേശികളാണ്‌.  ബിരുദ വിദ്യാർഥികളാണ്‌. എറണാകുളത്ത്‌ നടന്ന അന്തർസംസ്ഥാന ഫുട്‌ബോൾ ടൂർണമെന്റിലായിരുന്നു സെലക്‌ഷൻ നടന്നത്‌.  
മുൻ ഇന്ത്യൻ  ക്യാപ്‌റ്റൻ  കെ വി ധനേഷ്‌, സന്തോഷ്‌ ട്രോഫി ടീമിന്റെ നായകനായിരുന്ന നൗഷാദ്‌, കേരള ഫുട്‌ബോൾ ടീം അസിസ്‌റ്റന്റ്‌ കോച്ച്‌  പുരുഷോത്തമൻ എന്നിരായിരുന്നു സെലക്ടർമാർ. എറണാകുളത്താണ്‌ കോച്ചിങ്‌  ക്യാമ്പ്‌.  സന്തോഷ്‌ ട്രോഫി ഫൈനൽ റൗണ്ട്‌ മത്സരങ്ങൾ മഞ്ചേരിയിലാണ്‌ നടക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top