23 January Thursday

വനിതാ താരങ്ങൾ

വികാസ‌് കാളിയത്ത‌്Updated: Monday Jun 17, 2019

കൃഷ‌്ണഗിരി വനിതാ ക്രിക്കറ്റ‌് അക്കാദമിയിൽ കോച്ച‌് ദീപ‌്തിയും താരങ്ങളും പരിശീലനത്തിനിടെ

 ദേശീയ ക്രിക്കറ്റിൽ  കേരള വനിതാ ക്രിക്കറ്റ് ടീം മുന്നേറ്റം കുറിക്കുമ്പോൾ ആ ഉയർച്ചയിൽ നിർണായക പങ്ക് വഹിച്ച്  കൃഷ്ണഗിരിയിലെ വനിതാ ക്രിക്കറ്റ് അക്കാദമി. നിരവധി ക്രിക്കറ്റ് താരങ്ങളെ കേരളത്തിന‌് സംഭാവനചെയ‌്ത‌് ദേശീയ വനിതാ ക്രിക്കറ്റിൽ കേരളത്തിന്റെ അഭിമാനമായി ഒമ്പത‌് വർഷം പിന്നിടുകയാണ‌് ഈ അക്കാദമി. സംസ്ഥാനത്ത് ഇടുക്കി, കോട്ടയം  ക്രിക്കറ്റ് അക്കാദമികൾ  കൃഷ്ണഗിരിക്ക് മുമ്പ് ആരംഭിച്ചിച്ചെങ്കിലും  താരങ്ങളാൽ സമ്പന്നമായി മാറുകയാണ് കൃഷ്ണഗിരി.  അന്തരാഷ‌്ട്ര മത്സരങ്ങളൾക്കടക്കം  വേദിയായി വയനാട‌് കൃഷ‌്ണഗിരി സ‌്റ്റേഡിയം  പ്രശ‌്സ‌്തമാവുന്നതിനിടയിൽ   ക്രിക്കറ്റിന്റെ ഈ പെൺപോരിമ മുങ്ങിപോവുകയായിരുന്നു.   കൃഷ്ണഗിരിയുടെ മടിത്തട്ടിൽ നിന്നും  ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കി ദേശീയ ക്രിക്കറ്റിലടക്കം തിളങ്ങിയവർ നിരവധിയാണ‌്.   അക്കാദമിയിൽ നിന്നും  ബാറ്റും പന്തും ഏന്തി  ചുരമിറങ്ങി  ഇന്ത്യൻ ടീമിന്റെ പടിവാതിൽക്കൽ വരെ എത്തിനിൽക്കുന്നവർ ഇക്കൂട്ടത്തിലുണ്ട‌്. 

നിലവിൽ അക്കാദമിയിൽ അണ്ടർ 16, അണ്ടർ 19 വിഭാഗത്തിലായി  എട്ട‌് മുതൽ പ്ലസ‌് ടു വരെ ക്ലാസുകളിലായി 20 കുട്ടികളാണ‌് പരിശീലനം നടത്തുന്നത‌്. ഒരോവർഷവും പുതുതായി കുട്ടികൾ ഇവിടെ എത്തി പരിശീലനം നടത്തുന്നു.  ഈ വർഷം നടന്ന അണ്ടർ 19 പെൺകുട്ടികളുടെ അന്തർജില്ലാ ക്രിക്കറ്റ‌് മത്സരങ്ങളിൽ  വയനാടിനെ നോർത്ത‌് സോൺ ചാമ്പ്യൻമാരാക്കിയത‌് അക്കാദമിയിലെ  കുട്ടികളാണ‌്. നിലവിൽ ക്യാമ്പിൽ പരിശീലനം നടത്തുന്ന അണ്ടർ–-16 വിഭാഗത്തിൽ  ആറുപേരും അണ്ടർ–-19 വിഭാഗത്തിൽ മൂന്നുപേരും  കേരളത്തെ പ്രതിനിധീകരിച്ച‌് കളിച്ചിട്ടുണ്ട‌്.   ജോഷിത, നിത്യാ ലൂർദ‌്,  വൈഷ‌്ണ, എ കെ ഐശ്വര്യ, എം ഐശ്വര്യ,  ശ്രീകൃഷ‌്ണ, ആര്യ ദേവി, എം പി അലീന, നന്ദന, ആരതി രവി , അനുജോയ‌് എന്നിവരെല്ലാം കേരളത്തിന്റെ പാഡണിയുന്ന താരങ്ങളാണ‌്.  നിലവിൽ ക്യാമ്പിലില്ലെങ്കിലും കേരളത്തിനായി ദേശീയമത്സരത്തിൽ പാഡണിഞ്ഞ നിരവധി താരങ്ങളും മുൻ താരങ്ങളും കൃഷ‌്ണഗിരിയുടെ സംഭാവനകളാണ‌്. 

 

പ്രകൃതിയുടെ മടിത്തട്ടിൽ പരിശീലനം

കെസിസിഎയുടെ കീഴിൽ   2011ലാണ‌് അക്കാദമിക്ക‌് തുടക്കമിട്ടത‌്.  2013 ൽ കൃഷ‌്ണഗിരിയിൽ ക്രിക്കറ്റ‌് സ‌്റ്റേഡിയം നിലവിൽ വന്നതോടെ അക്കാദമി കൂടുതൽ കരുത്താർജിച്ചു. ഓസ്ട്രേലിയ, ന്യൂസിലാൻഡ് സ്റ്റേഡിയങ്ങൾക്ക് സമാനാമായി  പച്ചപുൽതകിടയിൽ  കൃഷ്ണഗിരി കുന്നുകളുടെ   സൗന്ദര്യം നുകർന്നും കെസിഎയുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയുമാണ‌് വനിതാതാരങ്ങൾ വളരുന്നത‌്.  ഹോസ‌്റ്റലിൽ താമസിച്ച‌് പഠിച്ചാണ‌് കുട്ടികളുടെ പരിശീലനം. വയനാട്ടിന‌് പുറമെ കണ്ണൂർ, കോഴിക്കോട‌്, മലപ്പുറം, കാസർകോഡ‌്, പാലക്കാട‌് എന്നിവടങ്ങളിൽ നിന്നടക്കമുള്ള ക്രിക്കറ്റ‌് പ്രതിഭകൾ കൃഷ‌്ണഗിരിയിൽ പരിശീലനത്തിനായി എത്തുന്നു. 13 വയസ്സിന‌് മുകളിലുള്ള കുട്ടികളെ സെലക‌്ഷൻ ട്രയലിന‌് ശേഷമാണ‌് ക്യാമ്പിൽ എടുക്കുന്നത‌്.  രാവിലെ ആറ‌് മുതൽ 7.45 വരെയാണ‌് പരിശീലനം. ശനി, ഞായർ ദിവസങ്ങളിൽ പകൽ 12 വരെ പരിശീലനം നീളും. ഇടയ‌്ക്ക‌് പരിശീലന മത്സരങ്ങളും നടത്തും. ഒരോ കളിക്കാരുടെയും കഴിവുകൾ കണ്ടെത്തി ശാരീരികക്ഷമതക്ക‌് മുൻഗണന നൽകിയാണ‌് പരിശീലനമെന്ന‌് വടകര സ്വദേശീയായ പരിശീലക  പി ടി ദീപ‌്തി പറഞ്ഞു. ബാറ്റിങ്, ബൗളിങ‌്, ഫീൽഡിങ്‌ എന്നിവയെല്ലാം സെഷൻ തിരിച്ച‌് പരി ശീലനം നടത്തും.   കൂടാതെ വനിതാ ക്രിക്കറ്റിന്റെ സംസ്ഥാനക്യാമ്പും പ്രത്യേക പരിശീലനങ്ങളും കുട്ടികൾക്ക‌് ലഭിക്കാറുണ്ട‌്.  സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പരിശീലനത്തിനായി എത്തുന്ന‌് കൃഷ‌്ണഗിരി അക്കാദമിയിലാണെന്നും ദീപ‌്തി പറഞ്ഞു.   അസോസിയേഷൻ ജില്ലാ സെക്രട്ടറി  നാസർമച്ചാൻ കോച്ചുമാരായ  ജസ്റ്റിൻ ഫർണാണ്ടസ‌്, ഷാനവാസ‌് എന്നിവരും മാർഗനിർദ്ദേശങ്ങളുമായി രംഗത്തുണ്ട‌്.

എതിരാളിയെ  "പൂജ്യ'രാക്കി അപൂർവനേട്ടം

ഈ വർഷം നടന്ന അന്തർജില്ലാ മത്സരത്തിൽ എതിർടീമിലെ എല്ലാ ബാറ്റ‌്സ‌്മാൻമാരെയും "പൂജ്യ'രാക്കി പുറത്താക്കിയതിന്റെ അപൂർവനേട്ടം അക്കാദമിയിലെ കുട്ടികൾക്കുള്ളതാണ‌്.   ആദ്യ മത്സരത്തിൽ കാസർകോടിന്റെ 10 ബാറ്റ‌്സ‌്മാൻമാരെയും "പൂജ്യ'രാക്കി മടക്കുകയായിരുന്നു. 30 ഓവർ മത്സരത്തിൽ ടോസ‌് നേടി ബാറ്റ‌് ചെയ‌്ത കാസർകോടിന്റെ ഒരു ബാറ്റ‌്സ‌്മാനും റണ്ണെടുക്കാൻ കഴിഞ്ഞില്ല. എല്ലാവരും ക്ലീൻബൗൾഡ‌് ആയി. ജോഷിത നാലും നിത്യലൂർദ‌്   മൂന്നും വിക്കറ്റ‌് നേടി.  വയനാടിന്റെ ബൗളർമാർ നൽകിയ 4 ഏക‌്സ‌്ട്രാ റണ്ണായിരുന്നു വയനാടിന്റെ വിജയലക്ഷ്യം. വിക്കറ്റൊന്നും നഷ‌്ടമാകാതെ ടീം ലക്ഷ്യം കണ്ടു.  

ദേശീയ തലത്തിലും അക്കാദമിയുടെ തിളക്കം

ഇന്ത്യൻ ടീമിലേക്കുള്ള സാധ്യത മത്സരമായ ചാലഞ്ചര്‍ ട്രോഫി ടീമിൽ ഇടം കണ്ടെത്തിയ സജ‌്ന സജീവനും, മിന്നുമണിയും, ദൃശ്യയുമെല്ലാം കൃഷണഗിരി ക്രിക്കറ്റ‌് അക്കാദമി വളർത്തിയെടുത്ത  ദേശീയ താരങ്ങളാണ‌്. കഴിഞ്ഞവർഷം നടന്ന അണ്ടർ 23 ട്വന്റി‐20 ക്രിക്കറ്റിൽ കേരളത്തിന് ചാമ്പ്യഷിപ്പ് സമ്മാനിച്ചതിൽ നിർണായക പങ്ക‌് വഹിച്ചതും  അക്കാദമിയിൽ പരിശീലനം നേടി വളർന്ന ഈ താരങ്ങളായിരുന്നു. മാനന്തവാടി ചൂട്ടക്കടവ് സ്വദേശിനി സജ്ന സജീവൻ, മാനന്തവാടി ഒണ്ടയങ്ങാടിയിലെ മിന്നുമണി,  മുട്ടിൽ കൊളവയലിലെ ദൃശ്യ എന്നിവരെല്ലാം ഇന്ത്യൻ ടീമിന്റെ കുപ്പായം അണിയാൻ കഴിയുമെന്ന പ്രതീക്ഷയുള്ള താരങ്ങളാണ‌്.  നാഷണൽ ക്രിക്കറ്റ‌് അക്കാദമിയുടെ ക്യാമ്പിലുളള ദർശനമോഹനും വി എസ‌് മൃദുലയുമെല്ലാം കൃഷ‌്ണഗിരി ക്രിക്കറ്റ‌് അക്കാദമിയുടെ സംഭാവനകളാണ‌്. അജിത ജോസഫ‌്, ആദിത്യ ബാലകൃഷ‌്ണൻ, കെ സി അജിത, അമയ എന്നിവരും കേരളത്തിനായി ദേശീയതലത്തിൽ തിളങ്ങിയ അക്കാദമിയിലെ മുൻകാല താരങ്ങളാണ‌്. 

പ്രധാന വാർത്തകൾ
 Top