16 September Monday

എങ്ങോട്ടു പോകുമെന്നറിയാതെ ഭിന്നശേഷിക്കാരനും കുടുംബവും

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019

 ഇരവിപേരൂർ

വൻതോതിലുള്ള അനധികൃത കൈയേറ്റങ്ങൾക്കുനേരെ കണ്ണടയ്ക്കുന്ന അധികാരികൾ റോഡു പുറമ്പോക്കിൽ ചായ വിറ്റ് ഉപജീവനം നടത്തുന്ന മൂകനും ബധിരനുമായ വൃദ്ധനെ ഇറക്കിവിടാനൊരുങ്ങുന്നതിൽ പ്രതിഷേധം ശക്തം.
കുമ്പനാട് മുട്ടുമൺ - ചെറുകോൽപ്പുഴ റോഡിനോട് ചേർന്ന പുല്ലാട് ആൽമാവ് കവലയിൽ ചായ വിറ്റ്  ഉപജീവനം കണ്ടെത്തിയിരുന്ന പുല്ലാട് കുറവൻകുഴി കുരികല്ലുംപുറത്തു വീട്ടിലെ 70കാരനായ മനോഹരനെയും ഭാര്യയെയുമാണ് അധികാരികൾ നിർദാക്ഷിണ്യം ഇറക്കിവിടാനൊരുങ്ങുന്നത്. പൊതുമരാമത്ത് റോഡിന്റെ അതിരിൽ നിന്ന‌് രണ്ടു മീറ്ററോളം മാറിയാണ് മനോഹരൻ ചായക്കടയ്ക്കായി ഷെഡു കെട്ടിയിട്ടുള്ളത്. ഇതിനകത്തു തന്നെയാണ് വർഷങ്ങളായി ഇവരുടെ താമസവും. ഇവിടെ നിന്നുള്ള വരുമാനം സ്വരുക്കൂട്ടിയാണ് മകളെ വിവാഹം ചെയ്തയച്ചത്. ചോർന്നൊലിക്കുന്ന മേൽക്കൂര നാട്ടുകാർ ചേർന്ന് അടുത്തിടെയാണ് പുനരുദ്ധരിച്ചത്.
 
ഒന്നര സെന്റിൽ താഴെ വരുന്ന ഈ സ്ഥലം ഭിന്നശേഷിക്കാരനായ തനിക്ക് പതിച്ചു നൽകാൻ ആവശ്യപ്പെട് 2016ൽ മനോഹരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷ അനുഭാവപൂർവം പരിഗണിക്കണമെന്നാവശ്യപ്പെട്ട് 2016 ഏപ്രിൽ ആറിന് ഹൈക്കോടതി തിരുവല്ല തഹസീൽദാർക്ക് നിർദേശം നൽകിയിരുന്നു.
ഈ സ്ഥലം പൊതുമരാമത്തു പുറമ്പോക്കായതിനാൽ ആ വകുപ്പിന്റെ അനുവാദപത്രത്തിനായി തഹസീൽദാർ ആവശ്യപ്പെട്ടു. ഈ അപേക്ഷ സ്വീകരിക്കേണ്ടതില്ല എന്ന മറുപടിയാണ് 2017 ഡിസംബറിൽ  പൊതുമരാമത്തു വകുപ്പിൽ നിന്നും ഉണ്ടായത്. ഇതിനു ശേഷവും ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ മനോഹരൻ ചായക്കട നടത്തുകയും അതിനുള്ളിൽ തന്നെ താമസിക്കുകയുമായിരുന്നു. ഇതിനിടയിൽ അപ്രതീക്ഷിതമായാണ് ഈ നിരാലംബ കുടുംബത്തെ ഇറക്കിവിടാൻ അധികൃതർ നീക്കം ആരംഭിച്ചത്.
കോയിപ്രം വില്ലേജിലെ ബ്ലോക്ക് 22 ൽ മാത്രം റീസർവേ 242 ൽ 14.80 ആർ റോഡു പുറമ്പോക്കുണ്ട് എന്നാണ് രേഖകൾ വെളിവാക്കുന്നത്. ഇതിൽ 30 ചതുരശ്ര മീറ്ററിൽ താഴെയാണ് മനോഹരന്റെ കൈവശമുള്ളത്. ബാക്കി റോഡു പുറമ്പോക്ക് കൈവശമുള്ളവരോടൊന്നും പുറമ്പോക്ക് ഒഴിയാൻ ആവശ്യപ്പെടാതെ ഇവരോട് മാത്രം ഒഴിയണം എന്നാവശ്യപ്പെടുന്നതിൽ ദുരൂഹത ഉണ്ട് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഈ സർവേ നമ്പറിലുള്ളതിന‌് പുറമെ ഈ റോഡിനോട് ചേർന്ന മറ്റ് നിരവധി ഭാഗങ്ങളിലും റോഡ് പുറമ്പോക്ക് ഉണ്ട്. അവയിൽ നല്ലൊരു പങ്കും സമ്പന്നരുടെ കൈവശമാണ് താനും. മനോഹരനെയും കുടുംബത്തെയും ഇറക്കിവിടാൻ അമിത വ്യഗ്രത കാട്ടുന്ന അധികാരികൾ മറ്റ് പുറമ്പോക്ക് കൈവശക്കാരോട് മൃദുസമീപനമാണ് കാട്ടുന്നതെന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്.
 
 
പ്രധാന വാർത്തകൾ
 Top