20 May Monday

മുഖ്യമന്ത്രിയുടെ വേദിക്കരികിൽ ഉച്ചഭാഷിണി യോഗം അലങ്കോലപ്പെടുത്താൻ സംഘപരിവാർ ശ്രമം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019

 

സ്വന്തം ലേഖകൻ 
കാട്ടാക്കട
മുഖ്യമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ‌് പൊതുയോഗം അലങ്കോലപ്പെടുത്താനും പ്രകോപനം സൃഷ‌്ടിക്കാനും ബിജെപി–-ആർഎസ‌്എസ‌് ശ്രമം. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ.എ സമ്പത്തിനെ വിജയിപ്പിക്കാനായി തിങ്കളാഴ‌്ച കാട്ടാക്കടയിൽ സംഘടിപ്പിച്ച പൊതുയോഗം അലങ്കോലമാക്കാനാണ‌് ശ്രമം നടന്നത‌്. എൽഡിഎഫ് കാട്ടാക്കട മേഖലാ കമ്മിറ്റി  സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണയോഗം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ‌്ഘാടനംചെയ്തത്. ഇതേദിവസം കാട്ടാൽ ശ്രീഭദ്രകാളി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് കാട്ടാക്കടയിൽ നിരവധി ഉച്ചഭാഷിണികൾ സ്ഥാപിച്ചിരുന്നു.  മുഖ്യമന്ത്രിയുടെ പരിപാടി ആരംഭിക്കുമ്പോൾ പൊതുയോഗവേദിക്ക‌് സമീപത്തുവച്ചിരുന്ന ക്ഷേത്രത്തിന്റെ ഉച്ചഭാഷിണികൾ ഓഫാക്കാമെന്ന‌് എൽഡിഎഫ് നേതാക്കളും ഉത്സവ കമ്മിറ്റി ഭാരവാഹികളും തമ്മിൽ സംസാരിച്ച‌് ധാരണയാക്കിയിരുന്നു. 
 
പൊതുയോഗം നടത്താൻ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിച്ച് രാവിലെ എട്ടുമുതൽ പന്ത്രണ്ടുവരെ ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതി സംഘാടകർ വാങ്ങിയിരുന്നു. പത്തരയ്ക്ക‌് മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങിയതോടെ  ഉച്ചഭാഷിണികൾ ഓൺ ചെയ്ത് ഉച്ചത്തിൽ റെക്കോഡ‌് ചെയ‌്ത‌് ശരണം വിളികൾ കേൾപ്പിക്കുകയായിരുന്നു. പൊതുയോഗ വേദിക്കരികിലേക്ക‌് ശബ‌്ദം അസഹീനയമാംവിധം എത്തിയതോടെ മുഖ്യമന്ത്രിക്ക് സംസാരിക്കാൻ കഴിയാതായി. പ്രസംഗം നിർത്തി മുഖ്യമന്ത്രി വേദിയിൽ ഉണ്ടായിരുന്ന നേതാക്കളോട‌്  വിവരം തിരക്കുകയായിരുന്നു. പിന്നീട‌് പ്രസംഗം തുടരുകയും ചെയ‌്തു.    മുഖ്യമന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമം നടന്നപ്പോഴും  കാട്ടാക്കട സർക്കിൾ ഇൻസ്പെക്ടറും സംഘവും കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. പ്രശ്നങ്ങൾ അവസാനിച്ചപ്പോൾ സർക്കിൾ ഇൻസ്പെക്ടർ നേരത്തെ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് ക്ഷേത്ര ഉത്സവം നടക്കുന്ന സ്ഥലത്തുചെന്ന് അവിടെ ഉണ്ടായിരുന്നവരോട് വാക്കേറ്റത്തിൽ ഏർപ്പെട്ട് പ്രശ്നം വഷളാക്കാനും ശ്രമിച്ചു. എൽഡിഎഫ‌് നേതാക്കൾ ക്ഷേത്രത്തിന്റെ ഉച്ചഭാഷിണിയുടെ വൈദ്യുതിബന്ധം വിച്ഛേദിച്ചെന്ന‌ രീതിയിൽ സാമൂഹ്യമാധ്യമങ്ങൾ വഴി വ്യാപകമായ വർഗീയപ്രചാരണം ബിജെപി–-ആർഎസ‌്എസ‌് കേന്ദ്രങ്ങൾ നടത്തി. 
 
  മുഖ്യമന്ത്രിയുടെ പരിപാടി ബോധപൂർവം തടസ്സപ്പെടുത്തി സംഘർഷം സൃഷ്ടിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ചില ബിജെപി –-ആർഎസ്എസ് നേതാക്കളും ചില പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ആസൂത്രിത നീക്കമായിരുന്നു ഇതെന്ന‌്  എൽഡിഎഫ‌് നേതാക്കൾ പറഞ്ഞു. എൽഡിഎഫ് നേതാക്കളും പ്രവർത്തകരും സംയമനം പാലിച്ചതുകൊണ്ട‌് കലാപനീക്കം പരാജയപ്പെടുകയായിരുന്നു. പൊതുയോഗം അലങ്കോലപ്പെടുത്തി നാട്ടിൽ കലാപം ഉണ്ടാക്കാൻ ഗൂഢാലോചന നടത്തിയവർക്കെതിരെയും അതിന് കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിവേണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം സെക്രട്ടറി വി ശിവൻകുട്ടി   തെരഞ്ഞെടുപ്പ് കമീഷനും ഡിജിപിക്കും വരണാധികാരിക്കും പരാതി നൽകി. 
 
മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞ‌് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ‌് പര്യടനം കാട്ടാക്കടയിലെത്തി. ശോഭ സുരേന്ദ്രനും ബിജെപി നേതാക്കളും പ്രസംഗിക്കുന്ന സമയത്ത‌് ക്ഷേത്രത്തിന്റെ ഉച്ചാഭാഷിണികൾ ഓഫാക്കുകയും ചെയ‌്തു. മുഖ്യമന്ത്രി പങ്കെടുത്ത യോഗം അലങ്കോലപ്പെടുത്തി നാട്ടിൽ കലാപം ഉണ്ടാക്കി രാഷ്ടീയനേട്ടം കൊയ്യാൻ ശ്രമിച്ചവരെ ജനങ്ങൾ തിരിച്ചറിയണമെന്നും പരാജയഭീതിയിൽ ഇനിയും ഇത്തരം ഗൂഢനീക്കങ്ങൾ ഉണ്ടാകുമെന്നും എൽഡിഎഫ് പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും എൽഡിഎഫ് കാട്ടാക്കട മണ്ഡലം ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണനും സെക്രട്ടറി ഐ ബി സതീഷ് എംഎൽഎയും അഭ്യർഥിച്ചു. യോഗം അലങ്കോലപ്പെടുത്താൻ അനധികൃതമായി ഉച്ചഭാഷിണി പ്രവർത്തിപ്പിച്ച മൈക്ക് സെറ്റ് ഉടമയ‌്ക്കെതിരെ  റൂറൽ എസ്‌പിക്ക‌് പരാതി നൽകിയതായും നേതാക്കൾ അറിയിച്ചു.
 

 

പ്രധാന വാർത്തകൾ
 Top