ബാലരാമപുരം
ജീവിതം മുന്നിൽ വിലങ്ങുതടിയായപ്പോൾ ചെണ്ടയിൽ അഭയംകണ്ടെത്തിയ ആളാണ്
പൂങ്കോട് മാങ്കുളത്ത് ഉഷസ്സിൽ മോഹനൻ. അഞ്ചാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസകാലം മുതൽ കൂട്ടായി ചെണ്ടയുണ്ട്. പ്രൈമറി വിദ്യാഭ്യാസം മുതൽ വേദികളിൽ നിറസാന്നിധ്യമായി. ഉന്നതപഠനം നേടി സർക്കാർ ജോലിയിൽ പ്രവേശിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, ജീവിത പ്രാരാബ്ധം പഠനം ഉപേക്ഷിച്ച് ചെണ്ടക്കോൽ കൈയിലെടുക്കാൻ മോഹനനെ പ്രേരിപ്പിച്ചു. എന്നാലിന്ന് ‘കുട്ടികൾ പ്രതിഭകളോടൊപ്പം’ പദ്ധതിയുടെ ഭാഗമായി മോഹനൻ പഠിച്ച പൂങ്കോട് സ്കൂളിലെ വിദ്യാർഥികൾ വീട്ടിലെത്തി ആദരിച്ചപ്പോൾ അത് ചരിത്ര നീതിയായി. ഏതൊരു കലാകാരനും കിട്ടാവുന്ന മികച്ച അംഗീകാരവും.
തന്റെ കലാ ജീവിതത്തിനിടയിൽ സമയം കണ്ടെത്തി പ്രീഡിഗ്രിയും ഐടിഐയും പാസായി. 20–-ാം വയസ്സിൽ ഗുരുവും അമ്മാവനുമായ വാസുദേവന്റെ മരണശേഷം ട്രസ്റ്റ് രൂപീകരിച്ചു. ട്രസ്റ്റിന് കീഴിൽ താൽപ്പര്യമുള്ളവർക്ക് ചെണ്ടവാദനത്തിൽ പരിശീലനവും തുടങ്ങി. ഇപ്പോൾ 35 ശിഷ്യൻമാരുണ്ട്. മകനും ചെണ്ട വിദ്വാനാണ്.
ദീർഘകാലം സിപിഐ എം പൂങ്കോട് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. നിലവിൽ ബ്രാഞ്ച് അംഗവും.
പ്രധാനാധ്യാപിക കുമാരി ഷീലയുടെ നേതൃത്വത്തിലാണ് മോഹനന്റെ വീട്ടിലെത്തി ആദരിച്ചത്. പതിനഞ്ചോളം കുട്ടികളും അധ്യപകരായ എസ് ബി ഷൈല, ബി എസ് ലതകുമാരി എന്നിവരും ഉണ്ടായിരുന്നു.