13 November Wednesday

ലീഗുകാരുടെ ഭീഷണി: ബേക്കൽ ഉപജില്ലാ ശാസ്ത്രമേള മാറ്റി

സ്വന്തം ലേഖകൻUpdated: Wednesday Oct 16, 2019
പള്ളിക്കര
മുസ്ലിംലീഗ്‌  നേതാക്കളുടെ ഭീഷണികാരണം  ബേക്കൽ ഉപജില്ലാ ശാസ്ത്രമേള  മാറ്റി. പിടിഎയിലും നാട്ടുകാരിലും ഇത്‌  വ്യാപക പ്രതിഷേധത്തിനിടയാക്കി.  പള്ളിക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ  16,17 തിയതികളിൽ  നടക്കേണ്ട  ശാസ്ത്ര–-ഗണിത–- പ്രവൃത്തി പരിചയ മേളയാണ്‌ അവസാന നിമിഷം പുല്ലൂർ ഗവ. സ്കൂളിലേക്ക് മാറ്റിയത്‌. പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ധാർഷ്ട്യമാണ്  മേള മാറ്റാനിടയാക്കിയത്‌. സ്വാഗത സംഘം രൂപീകരിച്ച്‌   സജീവ പ്രവർത്തനം നടത്തവെയാണ്‌ സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്   സമീപത്തെ റോഡിൽ സംഘർഷമുണ്ടായത്‌.  ഇരു വിഭാഗം വിദ്യാർഥികളുടെയും  ലീഗ്‌ പ്രവർത്തകരുടെയും  പേരിൽ ബേക്കൽ പൊലീസ് കേസെടുത്തിരുന്നു.  കേസ് ഒത്തു തീർപ്പാക്കുന്നതിനു പകരം  ശാസ്ത്രമേളയെ ബന്ധപ്പെടുത്തി  നടത്തിപ്പിന് സഹകരിക്കില്ലെന്ന് ലീഗ് നേതൃത്വം വാശി പിടിച്ചു. പ്രശ്നം ഒത്തുതീർപ്പാക്കാൻ സ്കൂൾ അധികൃതർ മുന്നിട്ടിറങ്ങിയെങ്കിലും നേതാക്കളുടെ അപക്വ  നിലപാട് കാരണം  ചർച്ച  അലസിപ്പിരിഞ്ഞു.  മൂവായിരത്തോളം വിദ്യാർഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കപ്പെടേണ്ട മേള  അണികളുടെ പേരിലുള്ള കേസ്‌ പിൻവലിക്കുന്നതിനുള്ള ഉപാധിയാക്കുകയായിരുന്നു നേതൃത്വം.  
നേതൃത്വത്തിന്റെ നിസ്സഹകരണവും മേള നടത്താൻ അനുവദിക്കില്ലെന്ന ഭീഷണിയെയും തുടർന്നാണ്‌  വിദ്യാഭ്യാസ വകുപ്പ്‌  മേള അവസാനനിമിഷം മാറ്റിയത്‌.   പള്ളിക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പിടിഎ കമ്മിറ്റിയിലെ  ലീഗ്‌ പ്രവർത്തകർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിന്റെ നിലപാടിൽ അസന്തുഷ്ടരാണ്‌.  രാഷ്ട്രീയ വൈരവും വിദ്വേഷവും തീർക്കേണ്ടത്  സ്കൂളിന്റെയും കുട്ടികളുടെയും ഭാവി തുലച്ചല്ലെന്ന്‌  ലീഗ് നേതൃത്വം മനസ്സിലാക്കണമെന്നും അന്തസ്സുള്ള രാഷ്ട്രീയ പ്രവർത്തനത്തിന് ഇത്‌ യോജിച്ചതല്ലെന്നും  സോഷ്യൽ മീഡിയയിൽ പ്രതിഷേധം   പ്രചരിക്കുന്നുണ്ട്‌.
പ്രധാന വാർത്തകൾ
 Top