പത്തനാപുരം
യുണിവേഴ്സിറ്റി കോളേജിൽ നടന്നത് കേരളത്തിലെ ഒരു ക്യാമ്പസിലും നടക്കാൻ പാടില്ലാത്തതെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്. ക്യാമ്പസുകളിൽ അരാജകത്വവും അക്രമവും നടത്തിയതിന്റെ ഫലമായി വിദ്യാർഥികളിൽനിന്ന് അകന്നവരാണ് മറ്റു വിദ്യാർഥി പ്രസ്ഥാനങ്ങളെന്ന് പത്തനാപുരത്ത് ജോബി ആൻഡ്രൂസിന്റെ 27–-ാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് വിനീഷ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ടവരെ എസ്എഫ്ഐ പുറത്താക്കി.എസ്എഫ്ഐയ്ക്ക് മാത്രമെ ഇത്തരത്തിൽ തീരുമാനം എടുക്കാൻ കഴിയു. കെഎസ്യുവിന്റെ സംസ്ഥാന സഹഭാരവാഹികൾ ഗ്രൂപ്പുപോരിൽ സഹപ്രവർത്തകരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളാണെന്നും വിനീഷ് പറഞ്ഞു.
യോഗത്തിൽ എസ്എഫ്ഐ ഏരിയ പ്രസിഡന്റ് മിഥുൻ പട്ടാഴി അധ്യക്ഷനായി.സെക്രട്ടറി വിഷ്ണുകളത്തട്ട് സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി എൻ ജഗദീശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി അജയകുമാർ, എം മീരാപിള്ള, നാസർ കൊളായി, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദർശ് എം സജി, പ്രസിഡന്റ് ഹെസ്മൻ, ജയേഷ് അഞ്ജു കൃഷ്ണ, നിതിൻ, അജ്മൽ ഷാൻ, ഷിനു എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച രാവിലെ ജോബി ആൻഡ്രൂസ് പഠിച്ച സെന്റ് സ്റ്റീഫൻസ് കോളേജിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, പതാക ഉയർത്തൽ, പ്രകടനം എന്നിവ നടത്തി