22 August Thursday
പ്രളയ രക്ഷാപ്രവർത്തനം

നഷ്‌ടം നികത്തി സർക്കാർ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019
കൊല്ലം
മത്സ്യമേഖലയ്ക്ക് താങ്ങായി ഫിഷറീസ് വകുപ്പിന്റെ പ്രളയാനന്തര പ്രവർത്തനങ്ങൾ.ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കുചേർന്ന യാനങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയും തകർന്ന വീടുകളുടെ പുനരുദ്ധാരണം നടത്തിയുമാണ് ആശ്വാസം പകർന്നത്.  രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട യാനങ്ങളിൽ കേടുപാടുകൾ സംഭവിച്ച 164 എണ്ണം   ദുരന്തനിവാരണ വിഭാഗത്തിൽനിന്ന് മത്സ്യഫെഡിന് അനുവദിച്ച 33.31 ലക്ഷം ഉപയോഗിച്ച് അറ്റകുറ്റപ്പണി തീർത്തു. 208 യാനങ്ങളിലായി 1038 മത്സ്യത്തൊഴിലാളികൾ ചെങ്ങന്നൂർ,  ചങ്ങനാശേരി,  പത്തനംതിട്ട എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയിരുന്നു.  
  പ്രളയത്തിൽ വള്ളം, വല എന്നിവ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളിൽ ഭാഗിക നാശനഷ്ടം സംഭവിച്ച എട്ടുപേർക്ക് 30, 800 രൂപ നഷ്ടപരിഹാരമായി നൽകി. പൂർണമായി നാശനഷ്ടം നേരിട്ട 89 മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരമായി 3,36,400 രൂപയും അനുവദിച്ചു.   മത്സ്യക്കൃഷി മേഖലയിൽ 76 ശുദ്ധജല മത്സ്യ കർഷകരുടെ 29.87 ഹെക്ടർ സ്ഥലത്തുള്ള മത്സ്യക്കൃഷിക്ക് നാശനഷ്ടം സംഭവിച്ചിരുന്നു.  
  ഇതിനുള്ള നഷ്ടപരിഹാരമായി 2,44,934 രൂപയാണ് നൽകിയത്.  ആസാംവാള കൃഷിയിൽ 0.3 ഹെക്ടർ കൃഷിയുടെ നാശനഷ്ടത്തിനായി 2460 രൂപ, നാല് ഹെക്ടർ വിസ്തൃതിയുള്ള പാടശേഖരത്തിന്റെ നഷ്ടപരിഹാരമായി 32,800 രൂപ എന്നിങ്ങനെയാണ് നൽകിയത്.
ഓരുജല മത്സ്യകർഷകരായ 10 പേർക്ക് നഷ്ടപരിഹാരമായി ദുരന്തനിവാരണ വിഭാഗത്തിൽനിന്ന‌് 82, 000 രൂപയും, പ്രളയ പാക്കേജിൽ ഉൾപ്പെടുത്തി 13, 65,562 രൂപയും നൽകി. 
 ഓരുജല  ചെമ്മീൻ കർഷകരായ 74 പേർക്ക് 54.714 ഹെക്ടർ സ്ഥലത്ത് സംഭവിച്ച നാശനഷ്ടത്തിനുള്ള പരിഹാരമായി പ്രളയ പാക്കേജിൽനിന്ന‌് 25, 65, 803 രൂപയും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് 44, 86,548 രൂപയും നൽകിയെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഗീതാകുമാരി പറഞ്ഞു. ഇരുപതിന്‌  ജനകീയം ഈ അതിജീവനം എന്ന പരിപാടിയിലും  മത്സ്യത്തൊഴിലാളികൾ പങ്കെടുക്കും.
പ്രധാന വാർത്തകൾ
 Top