25 January Monday
പൂജിച്ച ലോട്ടറി, പിന്നെ പെട്ടി

ആഭിചാരവും ദുർമന്ത്രവാദവും; നിഗൂഢതകളുടെ വീട‌്,ഒരുതുള്ളി കണ്ണീർ പൊഴിക്കാതെ ചന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019
പാറശാല>ആഭിചാരവും ദുർമന്ത്രവാദങ്ങളുമുള്ള നിഗൂഢതകൾ നിറഞ്ഞ വീട‌്. ഇതാണ‌് ചന്ദ്രന്റെ വസതി. വീടിന‌ു പിന്നിൽ പ്രത്യേക പൂജാസ്ഥലം. ആഭിചാരങ്ങളും മന്ത്രവാദവും നിരന്തരം നടന്നതായി സൂചിപ്പിക്കുന്ന അടയാളങ്ങൾ.
 
പൊലീസിന‌ു ലഭിച്ച‌ തെളിവുകൾ ചന്ദ്രൻ അന്ധവിശ്വാസത്തിന‌് അടിമയാണെന്ന‌് സൂചിപ്പിക്കുന്നതാണ‌്. 
രണ്ട‌് അറകളോട‌ു കൂടിയ പൂജാസ്ഥലത്തെ ഒരു അറ തുറന്നപ്പോൾ പൊലിസ‌ിന‌ു ലഭിച്ചത‌് താലത്തിൽ പൂജിച്ച‌ുവച്ച ലോട്ടറി ടിക്കറ്റ‌്. ഒപ്പം നിലവിളക്കും. രണ്ടാമത്തെ അറ തുറന്നപ്പോൾ  ലഭിച്ചത‌് പെട്ടി. ഇതിനുള്ളിൽ മുണ്ടും ഷർട്ടും സാരിയും കുറെ കുപ്പിവളകളും. പൊലീസ‌് കണ്ടെടുത്ത ലേഖയുടെ ആത്മഹത്യ കുറിപ്പിലും മന്ത്രവാദത്തെ കുറിച്ച‌്  സൂചനയുണ്ട‌്.
 
ഒരുതുള്ളി കണ്ണീർ പൊഴിക്കാതെ ചന്ദ്രൻ
പാറശാല> ഭാര്യയെയും മകളെയും അവസാനമായി ഒരുനോക്ക‌് കണ്ടപ്പോൾ ചന്ദ്രന്റെ മുഖത്ത‌് നിർവികാരത‌. ഒരു തുള്ളി കണ്ണീർപോലും പൊഴിഞ്ഞില്ല. ‘കണ്ടോ’ എന്ന ചോദ്യത്തിന‌് തലയാട്ടി.
 
ചന്ദ്രനെ മൃതശരീരങ്ങൾ കാണിക്കണമോ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ബന്ധുക്കളും മറ്റുള്ളവരും ഒടുവിൽ ചന്ദ്രനെ മാത്രം കാണിക്കാം എന്ന ധാരണയിൽ എത്തി. തുടർന്ന‌് പൊലീസ‌ിനെ അറിയിച്ചു. കനത്ത സുരക്ഷയിൽ സ‌്റ്റേഷനിൽനിന്ന‌് പൊലീസ‌് ഇയാളെ എത്തിച്ചു. ആദ്യം ലേഖയെ കണ്ടു. പൂർണമായി കത്തിക്കരിച്ച വൈഷ‌്ണവിയുടെ  മുഖമുൾപ്പെടെ മറച്ചിരുന്നു. ചന്ദ്രന‌് വേണ്ടി മുഖം മറച്ചിരുന്ന ഭാഗം നീക്കിക്കൊടുത്തു. ഭാവഭേദങ്ങൾ ഒന്നുമില്ലാതെയാണ‌് ഭാര്യയെയും മകളെയും അവസാനമായി ചന്ദ്രൻ കണ്ടത‌്. പിന്നീട‌് പൊലീസ‌് വാഹനത്തിലേക്ക‌് കയറ്റാൻ ശ്രമിച്ചപ്പോൾ ചെറിയ പ്രതിഷേധസ്വരം ഉയർന്നെങ്കിലും

അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. ലൂസ‌് ചന്ദ്രൻ എന്നാണ‌് നാട്ടുകാർ ഇയാളെ വിളിച്ചിരുന്നത‌്.

ചന്ദ്രന്റെ അമ്മ കൃഷ‌്ണമ്മയെ മൃതദേഹം കാണിക്കാൻ കൊണ്ടുവന്നിരുന്നില്ല. കൃഷ‌്ണമ്മ, കാശി, ശാന്ത എന്നിവരെ കൊണ്ടുവരരുത‌് എന്ന‌് ബന്ധുക്കൾ നിബന്ധനവച്ചിരുന്നു.

 

അന്വേഷണം കോട്ടൂരിലെ മന്ത്രവാദിയിലേക്കും
 
അമ്മയും മകളും ആത്മഹത്യ ചെയ‌്ത സംഭവത്തിൽ അന്വേഷണം കോട്ടൂരിലെ മന്ത്രവാദിയിലേക്കും. മന്ത്രവാദവും പൂജകളും ചന്ദ്രൻ നടത്തിയിരുന്നത‌് കോട്ടൂരിലെ ഒരു മന്ത്രവാദിയുടെ നേതൃത്വത്തിലാണെന്ന‌് പരിസരവാസികൾ പൊലീസിന‌് മൊഴി നൽകിയിട്ടുണ്ട‌്. രാത്രികാലങ്ങളിലാണ‌് ഇയാൾ ഇവിടെ എത്തിയിരുന്നത‌്.
 കോട്ടൂരിൽ ഉള്ളതാണെന്ന‌് മാത്രം അറിയാം. മറ്റുവിവരങ്ങൾ ഒന്നും ഇയാളെക്കുറിച്ച‌് പരിസരവാസികൾക്ക‌് അറിയില്ല. പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇക്കാര്യവും അന്വേഷിക്കുമെന്ന‌് പൊലീസ‌് അറിയിച്ചു.

ലേഖ നേരത്തെയും ആത്മഹത്യക്ക‌് ശ്രമിച്ചു
 
 കൃഷ‌്ണമ്മ സ‌്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചതിനെ തുടർന്ന‌് ലേഖ നേരത്തെയും ആത്മഹത്യക്ക‌് ശ്രമിച്ചതായി ബന്ധുക്കളുടെ വെളിപ്പെടുത്തൽ. ലേഖയുടെ ഇളയച്ഛൻ ശ്രീകുമാറും സഹോദരി ബിന്ദുവുമാണ‌് ഇക്കാര്യം പുറത്തറിയിച്ചത‌്.
 
കൃഷ്ണമ്മ സ്ത്രീധനത്തിന്റെ പേരിൽ വഴക്കുണ്ടാക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ‌്തിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. ഇനിമേൽ പ്രശ്നങ്ങളൊന്നുമുണ്ടാക്കരുതെന്ന് പൊലീസ‌് കൃഷ്ണമ്മയ‌്ക്ക് താക്കീതും നൽകി. ഒരു മാസം മുമ്പ‌് ഫോണിൽ വിളിച്ച ലേഖ ബാങ്ക് വായ്പയെക്കുറിച്ചും വീട്ടിൽ പൂജ നടക്കുന്ന കാര്യത്തെക്കുറിച്ചും സൂചിപ്പിച്ചിരുന്നതായി പറഞ്ഞിരുന്നു. എന്നാൽ, ആത്മഹത്യ ചെയ്യത്തക്കതരത്തിലുള്ള ഒന്നുംതന്നെ പറഞ്ഞിരുന്നില്ല. 
 
എന്തെങ്കിലുമുള്ള മനോവിഷമം അറിയിച്ചിരുന്നെങ്കിൽ  സംരക്ഷിക്കുമായിരുന്നുവെന്നും ബിന്ദു കണ്ണുനീരോടെ പറഞ്ഞു. 
ബാങ്ക് വായ്പയിലെ കുടിശ്ശിക അടയ‌്ക്കാനുള്ള മനോവിഷമവും സ്ത്രീധനത്തിന്റെ പേരിൽ അനുഭവിച്ചു വന്ന പീഡനങ്ങളുമാണ് ആത്മഹത്യയിലേക്ക‌് നയിച്ചതെന്ന് വിശ്വസിക്കുന്നതായി ബിന്ദുവിന്റെ ഭർത്താവ് ദേവരാജനും പറഞ്ഞു.

 

 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top