23 May Thursday

ചെമ്പ്ര എസ‌്റ്റേറ്റിൽ രണ്ട‌് മാസമായി ശമ്പളമില്ല

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019
മേപ്പാടി
ചെമ്പ്ര ഫാത്തിമ ഫാം  തൊഴിലാളികൾക്ക‌് രണ്ട‌് മാസമായി ശമ്പളമില്ല.  മാർച്ച‌്, ഏപ്രിൽ മാസങ്ങളിലെ ശമ്പളമാണ‌് മെയ‌് പകുതിയായിട്ടും നൽകാതിരിക്കുന്നത‌്. 
റമദാൻ, പെരുന്നാൾ,  കുട്ടികളുടെ സ‌്കൂൾ പ്രവേശനം എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ മുന്നിൽ നിൽക്കുമ്പോൾ ആശങ്കയോടെയാണ‌് തൊഴിലാളികൾ ഇപ്പോഴും ജോലിക്കു പോകുന്നത‌്. മുസ്ലീംലീഗ‌് നേതാവ‌് പി വി അബ്ദുൾവഹാബിന്റെ ഉടമസ്ഥതയിലുള്ളതാണ‌് എസ‌്റ്റേറ്റ‌്.
സാമ്പത്തിക പ്രതിസന്ധിയുടെ പേര‌് പറഞ്ഞാണ‌് കൂലി നൽകാതിരിക്കുന്നത‌്. വാർഷിക സെറ്റിൽമെന്റ‌് ആനുകൂല്യവും നൽകേണ്ട കാലാവധി കഴിഞ്ഞ‌് ഒരു വർഷത്തോളമായി. മുസ്ലീം വിഭാഗം തൊഴിലാളികൾ  നോമ്പ‌്തുറ വിഭാഗങ്ങൾ ഒരുക്കുന്നതിനും മറ്റും നിർവഹിക്കുന്നതിന‌് കടുത്ത പ്രയാസമാണ‌് നേരിടുന്നത‌്.  രണ്ട‌് മാസം പിന്നിട്ടതുകൊണ്ടുതന്നെ കടം വാങ്ങാൻപോലുമാവുന്നില്ല. അതോടൊപ്പം  പെരുന്നാൾ മുൻനിർത്തിയുള്ള ആവശ്യങ്ങൾക്കും പണം അത്യാവശ്യമായി വരുന്ന ഘട്ടത്തിലാണ‌് എസ‌്റ്റേറ്റ‌് ശമ്പളം നൽകാതിരിക്കുന്നത‌്. അതോടൊപ്പം തൊഴിലാളികളുടെ മക്കളുടെ അധ്യയനവർഷാരംഭ ചെലവുകളും നിർവഹിക്കാനാവുന്നില്ല. ശമ്പളം ലഭിച്ചാൽ മാത്രമെ ബാഗ‌് , കുട, നോട്ട‌് ബുക്ക‌് ഉൾപ്പെടെയുള്ളവ വാങ്ങാൻ സാധിക്കു. 
ശമ്പള കുടിശ്ശിക എത്രയും വേഗം വിതരണം ചെയ്യണമെന്ന‌് തൊഴിലാളികളും ട്രേഡ‌് യൂണിയനുകളും ആവശ്യപ്പെട്ടുവെങ്കിലും ചെവിക്കൊള്ളാൻ എസ‌്റ്റേറ്റ‌് ഉടമ തയ്യാറായിട്ടില്ല. കൃത്യമായ മറുപടിപോലുംപറയാതെ സാമ്പത്തിക പ്രതിസന്ധിയാണെന്ന‌് പറഞ്ഞ‌് ഒഴിഞ്ഞുമാറുകയാണ‌്. ഇത്തരം നിരുത്തരവാദ സമീപനത്തിൽ ശക്തമായ പ്രതിഷേധമാണ‌് തൊഴിലാളികളിലുള്ളത‌്.  ദിവസവും രാവിലെ എസ‌്റ്റേറ്റ‌് ഓഫീസിന‌് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയാണ‌് നിലവിൽ ജോലിക്ക‌് പോകുന്നത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top