18 May Tuesday
വ്യാജവാർത്ത

ഏഷ്യാനെറ്റിനെതിരെ പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021

വ്യാജവാർത്തകൾ സൃഷ്ടിച്ച്‌ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനൽ കണ്ണൂർ ഓഫീസിലേക്ക്‌ എൽഡിഎഫ്‌ നടത്തിയ മാർച്ച്‌ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു

കണ്ണൂർ

ഇടതുപക്ഷവിരുദ്ധ ജ്വരം ബാധിച്ച്‌ തുടർച്ചയായി വ്യാജവാർത്തകൾ സൃഷ്ടിച്ച്‌ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനൽ കണ്ണൂർ ഓഫീസിലേക്ക്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ മാർച്ച്‌ നടത്തി. പാനൂർ മൻസൂർ കേസിലെ പ്രതി ശ്രീരാഗിനെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന വ്യാജവാർത്തയുടെ പശ്‌ചാത്തലത്തിലാണ്‌ ശ്രീരാഗിന്റെ അമ്മയും കുടുംബാംഗങ്ങളുമടക്കം പങ്കെടുത്ത മാർച്ച്‌.  ഓഫീസിനുസമീപം നടത്തിയ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു.
സിപിഐ ജില്ലാ അസി.സെക്രട്ടറി എ പ്രദീപൻ അധ്യക്ഷനായി. എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സഹദേവൻ,   പി ഹരീന്ദ്രൻ (സിപിഐ എം), രാജേഷ്‌ പ്രേം (എൽജെഡി), മഹമ്മൂദ്‌ പറക്കാട്ട്‌ ‌(ഐഎൻഎൽ), ബാബുരാജ്‌ ഉളിക്കൽ (ജനതാദൾ –-എസ്‌), കെ പി ശിവപ്രസാദ് ‌(എൻസിപി) എന്നിവർ സംസാരിച്ചു.  ശ്രീരാഗിന്റെ അമ്മ അജിത, അമ്മാവൻ അനിൽകുമാർ(ശശി), മുന്നണി നേതാക്കളായ എം പ്രകാശൻ, വത്സൻ പനോളി, കെ ഇ കുഞ്ഞബ്ദുള്ള, കെ പി സുധാകരൻ, പി കെ പ്രദീപൻ, കെ പി യൂസഫ്‌ എന്നിവരും പങ്കെടുത്തു. 
തെരഞ്ഞെടുപ്പ്‌ സംഘർഷത്തിന്റെ തുടർച്ചയായുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തെ സിപിഐ എം ആസൂത്രിത കൊലപാതകമായി ചിത്രീകരിച്ച്‌ നിരന്തരം വാർത്ത ചമയ്‌ക്കുകയായിരുന്നു ഏഷ്യാനെറ്റും മറ്റു വലതുപക്ഷ മാധ്യമങ്ങളും. കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ടതിൽ മനംനൊന്ത്‌ രതീഷ്‌ എന്ന യുവാവ്‌ ജീവനൊടുക്കിയതിലും ദുരൂഹതയുണ്ടെന്നുവരുത്തി സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും പ്രതിക്കൂട്ടിൽ നിർത്തി. നാലാംപ്രതി ശ്രീരാഗിനെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ വാർത്ത നൽകുമ്പോൾ, റിമാൻഡുചെയ്യപ്പെട്ട്‌   ജയിലിലായിരുന്നു ശ്രീരാഗ്‌. തെളിവ്‌ നശിപ്പിക്കാനായി പ്രതികളെ ഇല്ലാതാക്കുന്നുവെന്ന പച്ചക്കള്ളത്തിന്‌ വിശ്വാസ്യത നൽകാനായിരുന്നു വ്യാജവാർത്ത.
വലിയ വിമർശനമുയർന്നതോടെ ഏഷ്യാനെറ്റ്‌‌ ന്യൂസ്‌ വാർത്ത തിരുത്തി ക്ഷമാപണം നടത്തിയെങ്കിലും അതിനകം വാർത്തയുടെ സ്‌ക്രീൻഷോട്ട്‌ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.
 
ഏഷ്യാനെറ്റ്‌ ന്യൂസിന്റെ നിഷ്‌പക്ഷത കാപട്യം:എം വി ജയരാജൻ
കണ്ണൂർ
ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ‘നേരും നിർഭയത്വവും’ വെറും കാപട്യമാണെന്ന്‌ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഇടതുപക്ഷവിരുദ്ധതയാണ്‌ ആ ചാനലിന്റെ മുഖമുദ്ര. സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും താറടിക്കാനും കടന്നാക്രമിക്കാനും അവർ എന്തുംചെയ്യും. വ്യാജവാർത്തയ്‌ക്കെതിരെ ഏഷ്യാനെറ്റ്‌ കണ്ണൂർ ഓഫീസിലേക്ക്‌ എൽഡിഎഫ്‌ നടത്തിയ പ്രതിഷേധമാർച്ച്‌ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
    ചാനൽ മുതലാളിയുടെ രാഷ്‌ട്രീയപക്ഷപാതിത്വം അതിലെ മാധ്യമപ്രവർത്തകർക്ക്‌ പാടില്ലാത്തതാണ്‌. അങ്ങനെയുണ്ടായാൽ നിഷ്‌പക്ഷ മാധ്യമപ്രവർത്തനമാകില്ല. അങ്ങേയറ്റം ദുഷ്ടമനസ്സുള്ളവരാണ്‌ അതിലെ ചില റിപ്പോർട്ടർമാരും അവതാരകരും.
മൻസൂർ കേസിൽ പ്രതിചേർക്കപ്പെട്ട ശ്രീരാഗിനെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന വ്യാജ വാർത്ത തിരുത്തി ക്ഷമാപണം നടത്തിയതുകൊണ്ടായില്ല. മഴ തോർന്നാലും മരം പെയ്യുന്നതുപോലെ, സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ കള്ളവാർത്ത ലീഗുകാർ പിന്നെയും വ്യാപകമായി പ്രചരിപ്പിച്ചു. അതും ഏഷ്യാനെറ്റ്‌ വാർത്തയുടെ സ്‌ക്രീൻഷോട്ടോടെ. 
    ഏഷ്യാനെറ്റ്‌ തുടർച്ചയായി ഇത്തരം വൃാജ വാർത്തകൾ സൃഷ്ടിക്കുന്നുണ്ട്‌. വി എസ്‌ അച്യുതാനന്ദൻ  ആർഎംപിയിൽ ചേരുമെന്ന്‌ നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പു ദിവസവും  കെവിൻ വധക്കേസിൽ ഡിവൈഎഫ്‌ഐക്കാർ പിടിയിലെന്ന്‌ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പു ദിവസവും ഏഷ്യനെറ്റ്‌ ന്യൂസ്‌ വാർത്തനൽകിയത്‌ ഗൂഢാലോചനയുടെ ഫലമായിരുന്നു. ശ്രീരാഗിന്റെ വാർത്തയ്‌ക്കുപിന്നിലും കൃത്യമായ ഗൂഢാലോചനയുണ്ടെന്ന്‌ എം വി ജയരാജൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top