17 February Sunday

ആരോഗ്യരംഗത്ത‌് വലിയ മാറ്റങ്ങളുണ്ടാകും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019

ബഡ്‌സ് സ്‌കൂൾ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ കെ ശൈലജ നിർവഹിക്കുന്നു

കാട്ടാക്കട
ആരോഗ്യരംഗത്ത‌് രണ്ടു കൊല്ലത്തിനുള്ളിൽ  വലിയ മാറ്റങ്ങൾ വരുമെന്ന‌് മന്ത്രി കെ കെ ശൈലജ. കാട്ടാക്കട പൂവച്ചൽ പഞ്ചായത്തിലെ പുന്നംകരിക്കകത്ത‌് ബഡ്‌സ് സ്‌കൂൾ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിൽ വലിയതോതിൽ ഭിന്നശേഷിക്കാർ ഉണ്ട്. ജീവിത ശൈലിയുടെയോ കാലാവസ്ഥാവ്യതിയാനമോ ഒക്കെയാകാം കാരണം. ഭിന്നശേഷി ജനിക്കുമ്പോൾത്തന്നെ കണ്ടുപിടിച്ചു ഭേദമാക്കാൻ പറ്റുമോ എന്നാണ് ചിന്തിക്കേണ്ടത്. അനുയാത്ര ഉൾപ്പെടെ 
വലിയ പദ്ധതിയാണ് ഭിന്നശേഷിക്കാർക്കായി  ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതോടൊപ്പം  22 മറ്റു പദ്ധതികളും ഉണ്ട്. ജില്ലകളിൽ മൂന്നു കോടി വീതം ചെലവഴിച്ച‌് ഡിസ്ട്രിക്ട് ഫാമിലി ഇന്റർവെൻഷൻ സ്ഥാപിക്കും. ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരുകയാണ‌്. ഇതിനു മുന്നോടിയായി 25 വാഹനങ്ങൾ ഇപ്പോൾ  സംസ്ഥാനത്തുടനീളം സഞ്ചരിച്ചുതുടങ്ങി. ഇവർ ഓരോ കേന്ദ്രങ്ങളിൽ എത്തി പരിശോധന നടത്തും അവർക്ക് ആവശ്യമായ നിർദേശങ്ങളും നൽകും. രണ്ടു കൊല്ലം  ആകുമ്പോൾ ഭിന്നശേഷിയുടെ കാര്യത്തിൽ വലിയ മാറ്റം ഉണ്ടാക്കാൻ സർക്കാരിന് കഴിയും.ഇതിനുള്ളിൽ ഇവർക്കായുള്ള റീഹാബിലിറ്റേഷൻ സെന്ററുകളും തുടങ്ങുന്നു. പകൽവീടുകൾക്കായി  തദ്ദേശസ്ഥാപനങ്ങൾക്ക‌് രണ്ടുമുതൽ പത്തു ലക്ഷം വരെ ഇതുവരെ കൊടുത്തു. എന്നാൽ, ഇനി ആ രീതി മാറ്റി സാമൂഹ്യനീതി വകുപ്പ് ജില്ലകൾ തോറും മാതൃകാ പകൽവീട‌് അത്യാധുനിക സജ്ജീകരണത്തോടെ  നിർമിക്കാൻ ഉദ്ദേശിക്കുന്നു. പാട്ടു പാടാനും വിശ്രമിക്കാനും വ്യായാമത്തിനും  ഡോക്ടറെ കാണാനും എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയാകും ഇവ ഒരുക്കുന്നതെന്നും കെ കെ ശൈലജ പറഞ്ഞു. കെ എസ് ശബരീനാഥൻ എംഎൽഎ അധ്യക്ഷനായി. എ സമ്പത്ത‌് എംപി , ഐ ബി  സതീഷ് എംഎൽഎ എന്നിവർ  മുഖ്യപ്രഭാഷണം നടത്തി. 
 
പ്രഥമ  അഡ്മിഷൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ‌് വി കെ മധു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് അജിതകുമാരി,  പഞ്ചായത്ത് പ്രസിഡന്റ് കെ രാമചന്ദ്രൻ, പങ്കജകസ്തൂരി എംഡി ഡോക്ടർ ജെ ഹരീന്ദ്രൻനായർ, ഹാബിറ്റാറ്റ് എംഡി ജി ശങ്കർ, ജില്ലാ പഞ്ചായത്ത് അംഗം മായാദേവി, ബ്ലോക്ക് വികസന സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ ജി സ്റ്റീഫൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ  വിജയദാസ് മണികണ്ഠൻ, ജി ഒ ഷാജി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ജോസഫ് ബിജു എം നന്ദി പറഞ്ഞു.
 
 
 
പ്രധാന വാർത്തകൾ
 Top