12 November Tuesday

‘എല്ലാത്തിലും ഒരു പ്രശാന്ത്‌ ടച്ച്‌’

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019

 

തിരുവനന്തപുരം 
സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്ന വികസന പദ്ധതികൾ ആവേശത്തോടെ ഏറ്റെടുക്കുന്നതിനും ഭാവനാസമ്പന്നമായി നടപ്പാക്കുന്നതിനും മിടുക്കുകാട്ടിയ ജനപ്രതിനിധിയാണ്‌ വി കെ പ്രശാന്തെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ തലസ്ഥാന നഗരത്തിന്റെ വികസന പ്രവർത്തനങ്ങളിലെല്ലാം ഒരു ‘പ്രശാന്ത്‌ ടച്ച്‌’ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 
അഞ്ച്‌ പ്രമുഖ പുരസ്‌കാരങ്ങൾ നഗരസഭയെ തേടിയെത്തി. 14551 ഭവനരഹിതർക്ക്‌ ധനസഹായം നൽകി. 5106 വീട്‌ പൂർത്തിയായി. പുതുതായി 9027 കുടുംബങ്ങൾക്കുകൂടി സഹായം നൽകുന്നു. 1538 കോടി രൂപ ചെലവിട്ട്‌ സ്‌മാർട്ട്‌ സിറ്റി വരികയാണ്‌. ഇത്തരത്തിൽ നടപ്പാക്കിയ വികസനങ്ങളിലെല്ലാം പ്രശാന്തിന്റെ മികവുണ്ട്‌. 
പ്രളയകാലത്ത്‌ മാതൃകാപരമായ പ്രവർത്തനമാണ്‌ തിരുവനന്തപുരം നഗരസഭയും ജനങ്ങളും നടത്തിയത്‌. 400 പേരുമായി റാന്നിയിൽ എത്തി ചെളിവാരുന്ന പ്രശാന്തിനെ നാം കണ്ടതാണ്‌. വിഷമം അനുഭവിക്കുന്നവരുടെ കൂടെനിൽക്കാനുള്ള മനസ്സ്‌ പ്രശാന്തിനുണ്ട്‌. അതുതന്നെയാണ്‌ പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
വട്ടിയൂർക്കാവിലെ ജനവിധി എന്താകുമെന്ന്‌ തിരിച്ചറിഞ്ഞതിന്റെ വെപ്രാളമാണ്‌ യുഡിഎഫ്‌ നേതാക്കൾ പ്രകടിപ്പിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്താണ്‌ സംഭവിക്കാൻ പോകുന്നതെന്ന്‌ ആലോചിച്ചിട്ട്‌ അവർക്ക്‌ ഇരിപ്പുറയ്‌ക്കുന്നില്ല. ഉള്ളിലെ ആധിയാണ്‌ പുറത്തുവരുന്നത്‌. അതാണ്‌ പ്രശാന്തിനെ പോലൊരാളെ അധിഷേപിക്കുന്നതിൽവരെ എത്തുന്നത്‌. പ്രശാന്തിന്റെ സ്ഥാനം ജനങ്ങളുടെ ഹൃദയത്തിലാണെന്ന്‌ ഇക്കൂട്ടർ മനസ്സിലാക്കണം. അധിഷേപങ്ങൾക്ക്‌ അതേരീതിയിൽ താൻ മറുപടി പറയുന്നില്ലെന്നും തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top