20 October Tuesday

‘ഞങ്ങളെങ്ങനെ മാറിനിൽക്കും’

സ്വന്തം ലേഖകൻUpdated: Tuesday Sep 15, 2020

മഞ്ചേരി മെഡിക്കൽ കോളേജിൽ പ്ലാസ്മ നൽകാനെത്തിയ പൊലീസുകാർ

മഞ്ചേരി
കോവിഡ്‌ രോഗികളുടെ ചികിത്സയ്‌ക്ക്‌‌ പ്ലാസ്‌മ ദാനംചെയ്‌ത്‌ പൊലീസുകാരും.  വനിതകളടക്കം നൂറോളം പൊലീസുകാരാണ് സന്നദ്ധരായത്‌. ഇവരിൽ അഞ്ചുപേർ തിങ്കളാഴ്ച മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി പ്ലാസ്‌മ നൽകി. പെരുമ്പടപ്പ് സ്‌റ്റേഷനിലെ കെ എം ബാബുരാജ്, പൊന്നാനി സ്‌റ്റേഷനിലെ കെ പി മനോജ്, സി കിഷോർകുമാർ, ഇ ഉണ്ണികൃഷ്ണൻ, ജം ജറോം എന്നിവരാണ് ദാതാക്കൾ. സ്വയംസന്നദ്ധരായാണ്‌ എത്തിയതെന്ന്‌ ഇവർ പറഞ്ഞു. 
ഡ്യൂട്ടിക്കിടെ രോഗബാധിതനായി ആഗസ്‌ത്‌ എട്ടിനാണ് ബാബുരാജിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്‌. 23ന് ആശുപത്രി വിട്ടു. മനോജും ഉണ്ണികൃഷ്ണനും ആഗസ്‌ത്‌ രണ്ടിനും കിഷോറും ജം ജറോമും ജൂലൈ എട്ടിനുമാണ്‌ അഡ്‌മിറ്റായത്‌. ഒരാഴ്ചക്കുള്ളിൽ രോഗം ഭേദമായി നാലുപേരും വീട്ടിലേക്ക് മടങ്ങി. ‘‘ആശുപത്രിയിലെ ചികിത്സയും കരുതലുമാണ് ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവന്നത്‌. ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സേവനത്തെ എത്ര പുകഴ്‌ത്തിയാലും മതിയാവില്ല. അതിനുള്ള നന്ദികൂടിയാണ്‌ പ്ലാസ്മ ദാനം–- പൊലീസുകാർ പറഞ്ഞു. 
കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത ദിവസംമുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരോളംതന്നെ മുൻപന്തിയിലാണ് പൊലീസിന്റെ സേവനം. ഇവരിൽ പലരും വീടുകളിലെത്തിയിട്ട് മാസങ്ങളായി. പലരും കുടുംബത്തിന്റെ സുരക്ഷയോർത്ത് അന്തിയുറക്കം ഓഫീസിലും ലോഡ്ജുകളിലേക്കും മാറ്റി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top