26 July Monday

കണ്ണീർമഴയായി ദുരന്തവാർത്ത

കെ ബി ജോയ്‌Updated: Tuesday Jun 15, 2021

പ്രാക്കുളത്ത്‌ മുന്നുപേരുടെ മരണത്തിനിടയാക്കിയ വീട്ടിൽ സിറ്റി എസിപി വിജയൻ പരിശോധനയ്‌ക്ക്‌ എത്തിയപ്പോൾ

അഞ്ചാലുംമൂട്
രാത്രിയിലെ കടുത്ത മഴക്കിടയിലാണ്‌ ആ ദുരന്തവാർത്ത എത്തിയത്‌. വൈദ്യുതാഘാതമേറ്റ് ദമ്പതികൾ ഉൾപെടെയുള്ള മൂന്നുപേരുടെ മരണം തൃക്കരുവയെ  കണ്ണീരിലാഴ്‌ത്തി. പ്രാക്കുളം ഗോസ്തലക്കാവിനു സമീപം പലകശേരി കായൽവാരത്ത് സന്തോഷ് ഭവനിൽ സന്തോഷ് (47), ഭാര്യ റംല (40), അയൽവാസി ശരത് ഭവനിൽ ശ്യാംകുമാർ (38) എന്നിവരാണ് മരിച്ചത്.  അച്ഛനും അമ്മയും മരിച്ചതോടെ, സന്തോഷിന്റെയും റംലയുടെയും വിദ്യാർഥികളായ മൂന്നു പെൺമക്കൾ അനാഥാവസ്ഥയിലായി.  
തെന്നി വീഴുന്നതിനിടെ, പ്ലൈവുഡ്‌ ഷീറ്റുകൊണ്ടുള്ള ചുമരിലൂടെ വലിച്ചിട്ട വൈദ്യുത വയറിൽ റംല പിടിച്ചതാണ്‌ അപകടത്തിന്‌ കാരണം. ശരിക്ക്‌ വയറിങ്‌ ജോലി പോലും ചെയ്യാത്ത വീടായിരുന്നു സന്തോഷിന്റേത്‌. ഓട്ടോ തൊഴിലാളിയായ സന്തോഷാണ്‌ ഈ കുടുംബത്തിന്റെ ആശ്രയം. പ്രണയവിവാഹമായിരുന്നു ഇവരുടേത്‌. രണ്ടുപേരും ഒരേ നാട്ടുകാർ. റഹ്‌മാബീവിയുടെ മകളാണ്‌ റംല. അപകടത്തിൽപെട്ട റംലയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ്‌ സന്തോഷിന്‌ ഷോക്കേൽക്കുന്നത്‌. കുട്ടികളുടെ കരച്ചിൽ കേട്ടാണ്‌ അയൽവാസിയായ ശ്യാംകുമാർ എത്തുന്നത്‌. 
ജീവിതത്തിൽ ഒന്നായ സന്തോഷും റംലയും മരണത്തിലും ഒന്നായി. എന്നാൽ, മൂന്നു പെൺകുട്ടികളെ ആശ്വസിപ്പിക്കാനാകാതെ പ്രയാസപ്പെടുകയാണ്‌ നാട്ടുകാർ. ആശ്രയമറ്റ് അലമുറയിടുന്ന ശ്യാംകുമാറിന്റെ ഭാര്യ പ്രസീതയും മകൻ ശരത്തും എല്ലാവരെയും ഈറനണിയിക്കുന്നു. രണ്ടു സമുദായങ്ങളിൽനിന്ന് ഒന്നായി മാറിയ സന്തോഷിനും റംലയ്‌ക്കും അത്താണി കൂടിയായിരുന്നു ശ്യാംകുമാറിന്റെ കുടുംബം. 
സംഭവമറിഞ്ഞ്‌ എസിപി വിജയന്റെ നേതൃത്വത്തിൽ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർ സ്ഥലത്ത്‌ എത്തി. അഞ്ചാലുംമൂട്‌ ഇൻസ്‌പെക്ടർ ജി ബിനു, എസ്‌ഐ ശ്രീലാൽ ചന്ദ്രശേഖരും എത്തിയിരുന്നു. വീട്‌ പൊലീസ്‌ തൽക്കാലത്തേക്ക്‌ അടച്ചുപൂട്ടി മുദ്രവച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top