26 March Tuesday

‘സഹ്യാ ടീ’ ഉദ്ഘാടനം നാളെ തങ്കമണിയിൽ; പൂവണിയുന്നത്‌ നാടിന്റെ സ്വപ്‌നം

വെബ് ഡെസ്‌ക്‌Updated: Friday Jun 15, 2018

തങ്കമണി ടീ ഫാക്ടറിയിൽ പച്ചക്കൊളുന്ത്‌ സംസ്‌കരിക്കുന്നു

 ചെറുതോണി

സഹകരണരംഗത്ത് പുതിയ മാനങ്ങൾ സൃഷ്ടിച്ച് ചെറുകിട തേയില കർഷകരുടെ അഭിമാനത്തിന്റെ പ്രതീകമായ സ്വന്തം തേയില ‘സഹ്യ ടീ ’ പ്രഭാതത്തിലെ പുതിയ രുചികൂട്ടാകുന്നു. തങ്കമണി സർവീസ്‌ സഹകരണബാങ്കിന്റെ നേതൃത്വത്തിൽ ഇടുക്കി മേഖലയിലെ 7200 ചെറുകിട തേയില കർഷകരുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. സഹ്യ ടീ രാജ്യത്തെ പ്രധാനവിപണികളിലേക്ക് എത്തിക്കുന്നതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കേരളത്തിലെല്ലാ ജില്ലകളിലും മാർക്കറ്റിങ്്‌ ഓഫീസുകൾ ആരംഭിച്ച് കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ്‌  തേയില ഫാക്ടറി ഉദ്ഘാടനം ചെയ്‌തത്‌. 
ശനിയാഴ്ച പകൽ 11 ന് തങ്കമണിയിൽ   നടക്കുന്ന ചടങ്ങിൽമന്ത്രി എം എം മണി ‘സഹ്യ’ ടീയുടെ വിപണനോദ്‌ഘാടനം നിർവഹിക്കും. 52 വർഷം ജനങ്ങളുടെ വിശ്വാസമാർജ്ജിച്ച് പ്രവർത്തനരംഗത്ത് മികവ് തെളിയിച്ച തങ്കമണി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഫാർമേഴ്സ് പ്രൊഡ്യൂസിങ്‌ കമ്പനി കർഷകരിൽ നിന്നും കൊളുന്ത് ശേഖരിച്ച് ഫാക്ടറിയിലെത്തിക്കും.
മന്ത്രി എം എം മണി, ജോയ്‌സ്‌ ജോർജ്‌ എംപിയുൾപ്പെടെയുള്ള ജനപ്രതിനിധികളാണ്‌ ഫാക്ടറിവികസനത്തിനാവശ്യമായ സഹായങ്ങൾ ചെയ്‌തത്‌.  സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ്‌, തങ്കമണി സഹകരണബാങ്ക്‌ പ്രസിഡന്റ്‌ റോമിയോ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലാണ്‌്‌ ഫാക്ടറിക്ക്‌ എല്ലാഅടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയത്‌. 
    മൺസൂൺകാലത്ത്‌ വൻകിട കമ്പനികൾ കർഷകരുടെ കൊളുന്തെടുക്കാതിരിക്കുകയും കൂട്ടിയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്ന സാഹചര്യത്തിലാണ് പുതിയതേയില ഫാക്ടറി കർഷകർക്ക് പ്രതീക്ഷ ആയത്. ഒരു കിലോ കൊളുന്തിന് ഏഴ് രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ സഹകരണ തേയില ഫാക്ടറിയുടെ വരവോടുകൂടി കർഷകർക്ക് കിലോയ്ക്ക്‌ 12 രൂപ ലഭിക്കുന്നുണ്ട്‌.  മൂന്ന് ഷിഫ്റ്റുകളിലായി 21,000 കിലോ പച്ചക്കൊളുന്ത് പ്രതിദിനം അരച്ചെടുത്ത് തേയിലപ്പൊടിയാക്കി മാറ്റാൻ കഴിയുന്നു. ഫാക്ടറിയുമായി ബന്ധപ്പെട്ട്250 ഓളം ആളുകൾക്ക് തൊഴിൽ ലഭിച്ചതും നേട്ടമാണ്‌.  രാജ്യത്തെ കോർപറേറ്റുകൾ കൈയടക്കി വച്ചിരിക്കുന്ന വൻകിട വ്യവസായ മേഖലയിലേക്കാണ് സത്യസന്ധരായ കർഷകരുടെ കൂട്ടായ്മ പുതിയ ചുവടുവെയ്പ്പ് . തങ്കമണി സഹകരണ ബാങ്കിന്റെഫണ്ടും ജില്ലാ സഹകരണ ബാങ്കിന്റെ ഫണ്ടും അഡ്വ.ജോയ്സ് ജോർജ്‌  എംപി യുടെ ഇടപെടലിലൂടെ കേന്ദ്ര ടീ ബോർഡിൽ നിന്നും ലഭിച്ച ഫണ്ടും ഉപയോഗിച്ചാണ് ഫാക്ടറിയുടെ നിർമാണം പൂർത്തിയാക്കിയത്. ചൂഷണത്തിന് വിധേയരായിരുന്ന കർഷകരെ മോചിപ്പിക്കുന്നതിനായി ബാങ്ക് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന കാർഷിക കർമസേനാ പദ്ധതിയും വലിയ വിജയം കണ്ടു.  കൃഷിക്കാർക്ക് ആവശ്യമായ തൊഴിലാളികളെ കൊളുന്തെടുക്കാൻ ബാങ്ക് വിട്ടു നൽകി.  ഇതോടെ കർഷകരുടെകൂട്ടായ്‌മയിൽ  സ്വന്തം തേയില ഫാക്ടറിക്കും മുന്നേറ്റമായി. ഇനി ഹൈറേഞ്ചിന്റെ ‘സഹ്യ ടീ’ യാകും പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും മലയാളികൾക്ക്‌ ഉന്മേഷം പകരാനെത്തുക.
 
പ്രധാന വാർത്തകൾ
 Top