22 June Tuesday
വിതരണം ഞായറാഴ്‌ച മുതൽ

കിഴക്കഞ്ചേരി ഓക്സിജൻ പ്ലാന്റിൽ 
ഉൽപ്പാദനം തുടങ്ങി

സ്വന്തം ലേഖകൻUpdated: Saturday May 15, 2021

കിഴക്കഞ്ചേരി കണച്ചിപ്പരുതയിലെ ഓക‍്സിജൻ പ്ലാൻ്റ്

വടക്കഞ്ചേരി
കിഴക്കഞ്ചേരി കണച്ചിപ്പരുതയിൽ നിർമാണം പൂർത്തിയായ ഓക്‌സിജൻ പ്ലാന്റിൽ ഉൽപ്പാദനം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെയാണ്‌ പ്രവർത്തനം തുടങ്ങിയത്‌. ഉൽപ്പാദനം ആരംഭിച്ചെങ്കിലും പെട്രോളിയം ആൻഡ്‌ എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ(പെസോ)ന്റെ അന്തിമപരിശോധനയ്‌ക്ക്ശേഷംമാത്രമെ വിതരണം നടത്തു. പെസോയുടെ അന്തിമ അനുമതി ശനിയാഴ്ച ലഭിക്കും.  ഞായറാഴ്ച വിതരണം തുടങ്ങാനാകും. 
വാതക–--ദ്രാവകരൂപത്തിലുള്ള ഓക്‌സിജനാണ് വിതരണം ചെയ്യുക. മെഡിക്കൽ ആവശ്യത്തിന് മാത്രമാകും ആദ്യഘട്ട ഉൽപ്പാദനം. സർക്കാർ നിർദേശപ്രകാരമായിരിക്കും വിതരണമെന്ന് പ്ലാന്റ്‌ ഉടമ പീറ്റർ സി മാത്യൂസ് പറഞ്ഞു. ഇതിനായി സർക്കാർ തലത്തിൽ പ്രത്യേക നോഡൽ ഓഫീസറെ നിയമിച്ചു. പ്ലാന്റിന്റെ പ്രവർത്തനം വിലയിരുത്താൻ കലക്ടർ മൃൺമയി ജോഷി ശശാങ്ക് കഴിഞ്ഞദിവസം പ്ലാന്റ്‌ സന്ദർശിച്ചു. സിലിണ്ടറിന്റെ അഭാവത്തിൽ ദ്രവരൂപത്തിലുള്ള ഓക്‌സിജൻ നിർമാണത്തിനാണ് പ്രാധാന്യം നൽകുക. 
എന്നാൽ കലക്‌ടർ ഉൾപ്പെടെയുള്ളവരുടെ പ്രത്യേക അനുമതിയോടെ സിലിണ്ടറുമായി പ്ലാന്റിലെത്തിയാൽ വാതക രൂപത്തിലുള്ള ഓക്‌സിജനും നൽകും. ഇത്തരത്തിൽ എയർ സെപറേഷൻ യൂണിറ്റ്(എഎസ്‌യു)ൽനിന്ന് നേരിട്ടായിരിക്കും ഓക്‌സിൽ നൽകുക. ദ്രവരൂപത്തിലുള്ള ഓക്‌സിജൻ വിതരണം ചെയ്യാൻ  ടാങ്കർ ലോറിയും സജ്ജമാക്കി. 
പാലക്കാട് ജില്ലയ്ക്ക് ആവശ്യമുള്ള ഓക്‌സിജൻ നൽകിയതിനുശേഷമേ മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോകുകയുള്ളൂ. മണിക്കൂറിൽ 235 ലിറ്റർവച്ച്‌ ഒരു ദിവസം 5,000 ലിറ്റർ ഓക്‌സിജനാണ് ഉൽപ്പാദിപ്പിക്കാനാവുക.  ഉൽപ്പാദിപ്പിക്കുന്ന ഓക്‌സിജൻ പ്ലാന്റിൽതന്നെ സംഭരിക്കുന്നതിന്‌ 20,000 ലിറ്റർ വീതമുള്ള രണ്ട് ടാങ്കും സജ്ജമാക്കി. ഒരു ടാങ്കുകൂടി ഉടൻ സ്ഥാപിക്കും. 
വൈദ്യുതിബന്ധം നിലയ്‌ക്കുന്നതുൾപ്പെടെ സാങ്കേതികതടസ്സംമൂലം പ്ലാന്റിന്റെ നിർമാണം നിലച്ചാലും 15ദിവസംവരെ ഓക്‌സിൻ സംഭരിച്ച് വയ്ക്കാനുള്ള സംവിധാനമാണുള്ളത്. അന്തരീക്ഷത്തിൽനിന്ന്‌ വായു സംഭരിച്ച് എയർ സെപറേഷൻ യൂണിറ്റിലൂടെ ഓക്‌സിൻ വേർതിരിക്കുന്ന രീതിയാണ് പ്ലാന്റിലുള്ളത്. കിഴക്കഞ്ചേരി പഞ്ചായത്തിലെ കണച്ചിപ്പരുതയിലുള്ള 4.5 ഏക്കർ സ്ഥലത്താണ് പ്ലാന്റ്‌. 2017ലാണ്‌ നിർമാണം ആരംഭിച്ചത്. ഏഴ്‌കോടിയോളംരൂപയാണ് മുതൽമുടക്ക്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top