22 June Tuesday
ന്യൂനമർദം

കടലാക്രമണം രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

കടൽക്ഷോഭത്തിൽ മുഴപ്പിലങ്ങാട് ബീച്ച് തകർന്ന നിലയിൽ.

കണ്ണൂർ‌

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ കടുത്ത ആശങ്കയിലാണ്‌ ജില്ല. തീരപ്രദേശങ്ങളിൽ  വ്യാഴാഴ്‌ച രാത്രിമുതൽതന്നെ കടലാക്രമണം രൂക്ഷമായി. കണ്ണൂർസിറ്റി, പയ്യാമ്പലം, തലശേരി, ന്യൂമാഹി, മാട്ടൂൽ, പുതിയങ്ങാടി, രാമന്തളി മേഖലകളിലെല്ലാം കടൽ പ്രക്ഷുബ്ധമാണ്‌. ഏതുസാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പിലാണ്‌ ജില്ലാ അധികൃതർ. തീരദേശ താലൂക്കു കേന്ദ്രങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു. കഴിഞ്ഞ ദിവസത്തെ  ശക്തിയായ കാറ്റും മഴയും മിന്നലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം വിതച്ചിട്ടുണ്ട്‌.   
കണ്ണൂർ പയ്യാമ്പലത്ത്  തീരത്തോട്‌ ചേർന്ന് 15 മീറ്ററോളം കടൽ ഉള്ളിലേക്ക് കയറിയ നിലയിലാണ്. വേലിയേറ്റ സമയങ്ങളിൽ ശക്തമായ തിരമാലകൾ നടപ്പാതയോട് ചേർന്നുള്ള ഭാ​ഗങ്ങൾവരെ ആഞ്ഞടിക്കുന്നുണ്ട്. ഈ ഭാഗത്ത് മണൽത്തിട്ടകൾ വ്യാപകമായി കടലെടുത്തിരിക്കുകയാണ്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തീരത്തേക്ക് സഞ്ചാരികൾ എത്തുന്നത് നേരത്തെതന്നെ വിലക്കിയിരുന്നു. കടലാക്രമണം രൂക്ഷമായ പയ്യാമ്പലംമുതൽ  അഴീക്കോട്  നീർക്കടവുവരെയുള്ള പ്രദേശങ്ങൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഡോ. വി ശിവദാസൻ എംപി,  നിയുക്ത എംഎൽഎ കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എന്നിവർ സന്ദർശിച്ച്  സ്ഥിതി​ഗതികൾ വിലയിരുത്തി.  വരും ദിവസങ്ങളിലും കടലാക്രമണം രൂക്ഷമായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച്  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി. 
     സിറ്റി, മൈതാനപ്പള്ളി ഭാ​ഗങ്ങളിൽ  കടലാക്രമണം ശക്തിയായി തുടരുകയാണ്. ഇവിടെ കടൽഭിത്തിയോട് ചേർന്നുള്ള അവസാനഭാ​ഗത്ത് ശക്തമായ തിരമാലയിൽപ്പെട്ട്  ഭിത്തി തകർന്നു. തീരത്തോട്‌ ചേർന്ന്‌ 150 ഓളം വീടുകളുള്ളതിനാൽ കടലാക്രമണം തുടർന്നാൽ ഈ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കണ്ണൂർ തഹസിൽദാർ ജോസ് പോൾ ചിറ്റിലപ്പള്ളി, കണ്ണൂർ–- 1 വില്ലേജ് ഓഫീസർ പി സുനിൽകുമാർ എന്നിവർ മൈതാനപ്പള്ളി പ്രദേശം സന്ദർശിച്ച്‌ സ്ഥിതി​ഗതികൾ വിലയിരുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top