19 June Wednesday

ഹരിത മലനിരകളിൽ സിന്ദൂരമാലകൾ

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

 മൂന്നാർ

പ്രളയം നിറംകെടുത്തിയ തെക്കിന്റെ കാശ്മീരിൽ ജോയ്സ് ജോർജ‌് വോട്ട‌് തേടിയെത്തിയപ്പോൾ കാത്തുനിന്നത് കർഷകരും ചെറുകിട കച്ചവടക്കാരും തോട്ടം തൊഴിലാളികളും അടക്കമുള്ള ആയിരങ്ങൾ. മൂന്നാറിൽ ഇനിയെന്നും വിനോദസഞ്ചാരത്തിന്റെ കാലമാണെന്നും അതിനായാണ് പ്രയത്നമെന്നും ജോയ്സ് ജോർജ‌് പറഞ്ഞപ്പോൾ കൂടിനിന്നവരുടെ കരഘോഷം. ദേശീയപാതകളുടെ നവീകരണവും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണവും സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കേന്ദ്രബിന്ദുവായി മൂന്നാറിനെ മാറ്റും. 
    ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ മേഖലയുടെ സുസ്ഥിര വികസനത്തിന് വഴിവയ്ക്കും. മൂന്നാറിന് വേണ്ടത് ഫാം ടൂറിസവും തേയിലതോട്ടങ്ങളും ഉദ്യാനങ്ങളും കേന്ദ്രീകരിച്ചുള്ള നവീന ടൂറിസം പദ്ധതികളാണ്. ഇതിനുള്ള പരിശ്രമമാണ് കഴിഞ്ഞ നാളുകളിൽ നടന്നത്. ഒരു അവസരം കൂടി ലഭിക്കുകയാണെങ്കിൽ നീലക്കുറിഞ്ഞിയുടെ നാടിനെ അക്ഷരാർഥത്തിൽ കാശ്മീരിന്റെ കുങ്കുമ ശോഭയിലേക്ക‌് എത്തിക്കുമെന്നും ജോയ‌്സ‌് ജോർജ‌് പറഞ്ഞു. 
    ബിഎൽ റാമിൽ രാവിലെ ഏഴിന് സ്ഥാനാർഥി എത്തിയപ്പോൾ സ്വീകരിക്കാൻ എത്തിയത‌് വൻ ജനാവലി. ആരതിയുഴിഞ്ഞും പരമ്പരാഗതരീതിയിൽ വരവേൽപ്പ് നൽകിയുമാണ് തോട്ടം ജനത ജോയ്സ് ജോർജിനെ വരവേറ്റത്. ചിന്നക്കനാൽ, ദേവികുളം, മൂന്നാർ പഞ്ചായത്തുകളിൽ പര്യടനം എത്തിയപ്പോൾ ആൾക്കൂട്ടം വർധിച്ചുവന്നു. ദിവസത്തിന്റെ അവസാനം അഭിമന്യുവിന്റെ നാട്ടിൽ വട്ടവടയിൽ പര്യടനം എത്തിയപ്പോൾ നാടുമുഴുവൻ അവിടെ തടിച്ചുകൂടിയിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ദേശീയപാത വികസന പദ്ധതിയായ 381 കോടിയുടെ മൂന്നാർ–- പൂപ്പാറ പാതയിലൂടെയാണ‌് ജോയ്സ് ജോർജും സംഘവും മൂന്നാറിലേക്കെത്തിയത്. 
എസ് രാജേന്ദ്രൻ എംഎൽഎ, എൽഡിഎഫ‌് നേതാക്കളായ സി എ കുര്യൻ, കെ വി ശശി, പി മുത്തുപ്പാണ്ടി, വി സിജിമോൻ, പി പഴനിവേൽ, കെ കെ വിജയൻ, എം ലക്ഷ‌്മണൻ, എ രാജേന്ദ്രൻ, ആർ ഈശ്വരൻ, എം വൈ ഔസേഫ്, ടി എം മുരുകൻ, ടി ജെ ഷൈൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top