18 June Tuesday

ചരിത്രം ‘വഴി മാറ്റിയ’ പൊസളിഗെ

സതീഷ‌്ഗോപിUpdated: Monday Apr 15, 2019
കാസർകോട‌്
തമിഴകത്ത‌് ചെങ്കൊടി ചാരി ജാതി മതിൽ പൊളിച്ച വാർത്ത വന്നപ്പോൾ മലയാളി ആശ്ചര്യപ്പെട്ടു. ജാതി വേർതിരിവിന‌് മതിലോ എന്നതായിരുന്നു വിസ‌്മയം. 
എന്നാൽ, കേരളത്തിന്റെ വടക്കേയറ്റത്ത‌് അയിത്താചരണത്തിന്റെ മറവിൽ സർക്കാർ ഭൂമിയിലെ പൊതുവഴി നിഷേധിക്കുന്ന പ്രാകൃത സമ്പ്രദായം അധികമാരുമറിഞ്ഞില്ല. സിപിഐ എം നേതൃത്വത്തിൽ ജനമുന്നേറ്റം സംഘടിപ്പിച്ച‌് ഭൂപ്രമാണി കൈയടക്കിയ റോഡ‌് തുറന്നുകൊടുത്തതും ‘ആചാര സംരക്ഷണം’  പ്രസംഗിച്ച‌് നടക്കുന്നവർ അറിഞ്ഞതായി നടിച്ചില്ല. എന്നാൽ, മനുഷ്യനെ ജാതീയമായി അകറ്റുകയും ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അനുവദിക്കാതെ വഴി നിഷേധിക്കുകയും ചെയ‌്ത ഒരു ദേശത്തിന‌് ഇത‌് വിപ്ലവം തന്നെയാണ‌്. നവോത്ഥാന പാരമ്പര്യത്തിന്റെ തുടർച്ചയെ വർത്തമാന കാലത്തേക്ക‌് വിളക്കിച്ചേർക്കുന്ന വിപ്ലവം. 
പി കൃഷ‌്ണപിള്ളയും  എ കെ ജിയും കേരളീയനും നടന്ന സമരപാതയെ സമകാല ജീവിതത്തിലേക്ക‌് നീട്ടിയ ഐതിഹാസിക ഇടപെടൽ. പ്രദേശങ്ങത്ത്‌ ഇതുപോലെ ഇടപെടാൻ ചെങ്കൊടി പ്രസ്ഥാനത്തിനല്ലാതെ സാധിക്കില്ലെന്നതിന്റെ ദൃഷ്ടാന്തം. പൊസെളിഗെ ഇപ്പോൾ അയിത്തിനെതിരെ വോട്ട്‌ ചെയ്യാനൊരുങ്ങുകയാണ്‌. 
 
നടവഴി നിഷേധിക്കപ്പെട്ട അര നൂറ്റാണ്ട‌്
നായയും പൂച്ചയും നടക്കുന്ന വഴി മനുഷ്യന‌് നിഷിദ്ധം. പ്രബുദ്ധ കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത മനുഷ്യ വിരുദ്ധതയാണ‌് ബെള്ളൂർ പൊസേളിഗെ ഗ്രാമം അനുഭവിച്ചിരുന്നത‌്. നാട‌് ചരിത്രത്തിലേക്ക‌് തുടച്ചുനീക്കിയ അയിത്താചരണത്തിന്റെ ഇരകളായിരുന്നു അവിടുത്തെ സാധാരണക്കാർ. മരണം മണക്കുന്ന അനുഭവകഥകളുണ്ട‌് ഈ സാധുമനുഷ്യർക്ക‌്. ആശുപത്രിയിൽ കൊണ്ടുപോകാൻ സാധിക്കാതെ ഉറ്റവർ പിടഞ്ഞുമരിച്ച കാഴ‌്ചകൾ. ഗർഭിണികൾ വഴിയിൽ പ്രസവിക്കേണ്ടി വന്ന നിസഹായത. പൊസേളിഗെ അനുഭവിച്ച മനുഷ്യാവകാശ ലംഘനങ്ങൾ മുഖം കുനിപ്പിക്കുന്ന അനുഭവങ്ങളാണ‌്. പൊസളിഗെ തോട്ടത്തുമൂല റോഡിലൂടെ അധഃസ്ഥിത  ജനത ഇറച്ചിയും മീനും കൊണ്ടുപോകുന്നു എന്നാണ‌് ജന്മിയുടെ തടസവാദം. അയാളുടെ വളപ്പിലെ പണിക്കിടെ രവി എന്ന ചെറുപ്പക്കാരനെ പാമ്പുകടിച്ചു. മനുഷ്യത്വമില്ലാത്ത ജന്മി റോഡിലൂടെ ആശുപത്രിയിൽ കൊണ്ടുപോകുന്നത‌് തടഞ്ഞു. ചികിത്സ കിട്ടാതെ വിഷമേറ്റ‌് ആ ചെറുപ്പക്കാരൻ മരണപ്പെട്ടു. പൊസളിഗെ പൊടുന്നനെ സമരത്തിലിറങ്ങിയതല്ല. അതിനു പിന്നിൽ ഒരു വ്യാഴവട്ടം നീണ്ടുനിന്ന ഇടപെടലുകളുണ്ട‌്. സാധു മനുഷ്യർക്ക‌് നടവഴി നിഷേധിക്കുന്നതിനെതിരെ അന്ന‌് സിപിഐ എം ബെള്ളൂർ ലോക്കൽ സെക്രട്ടറിയായിരുന്ന സിജി മാത്യുവിന്റെ നേതൃത്വത്തിലാണ‌് ഇടപെടൽ ആരംഭിച്ചത‌്. നിയമ പോരാട്ടവും തുടങ്ങി. സമര നേതൃത്വത്തിലുള്ളവരെ കള്ളക്കേസുകളിൽ പെടുത്തി ജന്മി പക തീർത്തപ്പോൾ വിഷയം നിയമക്കുരുക്കിലായി. വർഷങ്ങളായി നടന്ന സമരങ്ങളുടെ തുടർച്ചയ‌്ക്കാണ‌് കഴിഞ്ഞവർഷം വീണ്ടും വേദിയൊരുങ്ങുന്നത‌്. 
 
ജാതിവേതാളം വാണത‌്  കൈയേറിയ ഭൂമിയിൽ 
ബെള്ളൂർ പഞ്ചായത്തിലെ നാട്ടക്കല്ല‌്–- ബസ‌്തി റോഡിൽനിന്നാണ‌് രണ്ട‌് കോളനിയിലെ 120 കുടുംബങ്ങൾക്ക‌് പ്രയോജനപ്പെടുന്ന പൊസളിഗെ –- തോട്ടത്തുമല റോഡ‌് തുടങ്ങുന്നത‌്. രണ്ട‌് ആരാധനാലയം, രണ്ട‌് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിൽ എത്താനും ഈ റോഡാണ‌് ആശ്രയം. ഇവിടെ താമസിക്കുന്ന കുടുംബങ്ങളിലായി പത്തിലധികം എൻഡോസൾഫാൻ  ദുരിതബാധിതരുണ്ട്‌. 1976 ലെ റവന്യൂ രേഖകളിലും 1982 ൽ ബെള്ളൂർ പഞ്ചായത്ത‌് തയ്യാറാക്കിയ ആസ‌്തി രേഖയിലും ഈ റോഡിനെക്കുറിച്ച‌് പരാമർശമുണ്ട‌്. മൂന്നുമീറ്റർ വീതിയിൽ രണ്ടര കിലോമീറ്ററാണ‌് ദൈർഘ്യം. അനുമതിയില്ലാതെയാണ‌് പാത നിർമിച്ചതെന്ന‌് കാട്ടി ജന്മി കേസിന‌് പോയതോടെ  അറ്റകുറ്റപ്പണി പോലും തടസപ്പെട്ടു. സ്വന്തം ആസ‌്തിയിൽപ്പെട്ട റോഡാണെന്ന‌് തെളിയിക്കാതെ പഞ്ചായത്ത‌് അധികൃതർ ജന്മിക്കായി ഒത്തുകളിച്ചതോടെ ജന്മിക്ക‌് അനുകൂലമായി വിധി വന്നു. ഇതോടെയാണ‌് പൊതുവഴി സ്വകാര്യവ്യക്തി സ്വന്തമാക്കി അയിത്തത്തിന്റെ പേരിൽ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന സ്ഥിതിയുണ്ടായത‌്. വാഹനയാത്രയും കാൽനട സഞ്ചാരവും നിഷേധിക്കുന്ന സ്ഥിതിയുണ്ടായപ്പോൾ അധികൃതർ ചർച്ചക്ക‌് ശ്രമിച്ചെങ്കിലും നിലവിലുള്ള പാത വിട്ടുകൊടുക്കില്ലെന്ന വാശിയിലായിരുന്നു ജന്മി. നിലവിലുള്ള പാത തുറന്നുനൽകണമെന്ന നിലപാടിൽ സമരസമിതി ഉറച്ചുനിന്നതോടെ പൊസളിഗെ ഭരണഘടന ഉറപ്പുനൽകുന്ന സഞ്ചാരസ്വാതന്ത്ര്യം എന്ന അവകാശം കൈയെത്തിപ്പിടിക്കാനുള്ള അനിവാര്യസമരത്തിലായി. 
  ജന്മയുടെ കൈയേറ്റത്തിന‌് ഒത്താശ ചെയ‌്ത ബിജെപി ഭരണസമിതിയെ ജനമധ്യത്തിൽ തുറന്നുകാട്ടി. സമരത്തെ തുടർന്ന‌് സ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ ശരിയായ രേഖ കാണിക്കാതെ തെറ്റിദ്ധരിപ്പിക്കാനാണ‌് പഞ്ചായത്ത‌് അധികൃതർ ശ്രമിച്ചത‌്. ഇതോടെ സമരം കലക്ടറേറ്റിലേക്ക‌് മാറ്റാൻ തീരുമാനമായി. നാട്ടിലെ കർഷകരുടെ പ്രതീകമായ പാളത്തൊപ്പി തലയിലണിഞ്ഞ‌് പൊസളിഗെയിലെ ആബാലവൃദ്ധം ജനങ്ങൾ കലക്ടറേറ്റിലേക്ക‌് മാർച്ച‌് ചെയ‌്തപ്പോൾ അത‌് ഭരണകേന്ദ്രം അതുവരെ കണ്ടിട്ടില്ലാത്ത ജനമുന്നേറ്റമായി.  
 
സമരപാതയിൽ
സിപിഐ എം  കാറഡുക്ക ഏരിയാ സെക്രട്ടറി സിജി മാത്യുവിന്റെ  നേതൃത്വത്തിൽ യുവജനങ്ങളും പട്ടികജാതി ക്ഷേമസമിതിയും സമരം മുൻനിരയിൽനിന്ന‌് നയിച്ചു. ബിജെപി ജന്മിക്ക‌് അനുകൂലനിലപാടുമായി തനിനിറം കാട്ടി. പാത നവീകരിച്ച‌് തുറന്നുകൊടുക്കാതെ രക്ഷയില്ലെന്ന നില വന്നപ്പോൾ പഞ്ചായത്തിൽ ഫണ്ടില്ലെന്നായിരുന്നു ഭരണസമിതിയുടെ മറുപടി. മുമ്പ‌് ബ്ലോക്ക‌് പഞ്ചായത്ത‌് റോഡ‌് നവീകരണത്തിന‌് ഫണ്ട‌് അനുവദിച്ചെങ്കിലും ഭൂവുടമ കോടതിയിൽ പോയതോടെ ഇത‌് കുരുക്കിലായി. 2018 ജനുവരിയിൽ കടന്നൽക്കൂട‌് കത്തിക്കുമ്പോൾ പാമ്പുകടിയേറ്റ രവി എന്ന യുവാവ‌് ആശുപത്രിയിൽ പോകാനാകാതെ മരിച്ചതോടെ പൊസളിഗെ സമരാഗ്നിയിലായി. 
 
വഴിയൊരുങ്ങുന്നു
സിപിഐ എം നേതൃത്വത്തിൽ റോഡിനുവേണ്ടി സമരസമിതി രൂപീകരിച്ച‌് വാഹനഗതാഗതത്തിനുള്ള സൗകര്യം ഒരുക്കി. പഞ്ചായത്ത‌് ഫണ്ട‌് അനുവദിക്കാത്തതിനാൽ നൂറുകണക്കിന‌് പ്രവർത്തകർ 2018 സെപ‌്തംബർ 30ന‌് രാവിലെ മുതൽ അർധരാത്രി വരെ ഇരുനൂറ‌് മീറ്ററോളം റോഡ‌് കോൺക്രീറ്റ‌് ചെയ‌്തു. അഞ്ച‌് ലക്ഷത്തോളം രൂപ ചെലവിട്ടാണ‌് നവീകരണം. ബാക്കിയുള്ള ഭാഗം എംപി, എംഎൽഎ ഫണ്ട‌് ഉപയോഗിച്ച‌് നവീകരിക്കാനാണ‌് തീരുമാനം. 2018 ഒക്ടോബർ 17. പൊസളിഗെയിലെ ജനത കാത്തിരുന്നു ദിവസം. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണനാണ‌് നവീകരിച്ച പാത ജനങ്ങൾക്കായി തുറന്നുകൊടുത്തത‌്. മുത്തുക്കുടയും മേളവുമായി ഉത്സവതുല്യമായ അന്തരീക്ഷത്തിലാണ‌് ഉദ‌്ഘാടനം. പാളത്തൊപ്പിയണിഞ്ഞ‌് സമരസേനാംഗം നീലു എന്ന വീട്ടമ്മയുടെ നേതൃത്വത്തിൽ കോടിയേരിയെ പോസളിഗെയിലേക്ക‌് വരവേൽക്കുമ്പോൾ ആനന്ദനൃത്തം ചവിട്ടുകയായിരുന്നു ചരിത്രത്തെ വഴിമാറ്റിയ പൊസളിഗെയിലെ ജനത.  ഇപ്പോൾ മാറ്റത്തിന്റെ അടയാളമായി ആകാശത്ത‌് ചെങ്കൊടികൾ പാറുന്നു.
പ്രധാന വാർത്തകൾ
 Top