26 March Tuesday

ഈ നടപ്പാതയിൽ കടൽക്കാഴ‌്ചകൾക്കെന്തു രസം

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019
കണ്ണൂർ
കടൽക്കാറ്റേറ്റ‌് തിരകളെണ്ണി സായാഹ്നംചെലവിടാൻ പയ്യാമ്പലത്തേക്ക‌് എത്തുന്നവരുടെ എണ്ണം ദിവസവും കൂടുന്നു. കടൽക്കാറ്റേറ്റ‌് കിലോമീറ്ററുകളോളം നടന്ന‌് സൂര്യാസ‌്തമനവും സൂര്യോദയവും കാണാനുള്ള സൗകര്യമാണ‌് സഞ്ചാരികളെ ഏറെ ആകൃഷ്ടരാക്കുന്നത‌്. 
മാലിന്യങ്ങൾ കൂമ്പാരമായി കാടുമൂടിക്കിടക്കുന്ന പ്രദേശം, മൂക്കുപൊത്താതെ ഒരാൾക്കും ഇതുവഴി കടന്നുപോകാൻ സാധിച്ചിരുന്നില്ല. ഇരുൾമൂടിയാൽ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം. ഇന്ന‌് ബീച്ചാകെ മാറി. സോളാർ ലൈറ്റുകൾ നിറയുന്ന ബീച്ചിൽ രാത്രി ഒമ്പത‌് മണിക്കും ആളുകൾ നിറയുകയാണ‌്. ഒരു കിലോ മീറ്റർ നീളത്തിൽ നിർമിച്ച നടപ്പാതയാണ‌്  ഏറെ ആകർഷണം. 3.5കോടി രൂപയ‌്ക്ക‌ാണ‌് നിർമിച്ചത‌്. മഴയത്ത‌് കയറി ഇരിക്കുന്നതിന‌് കൽമണ്ഡപങ്ങളും ഇവിടെ നിർമിച്ചിട്ടുണ്ട‌്. കൂടാതെ ബീച്ച‌് മുഴുവൻ വെളിച്ചം ലഭിക്കുന്നതിന‌് സോളാർ ലൈറ്റുകളും ഇരിക്കാൻ ബെഞ്ചുകളും ഒരുക്കിയിട്ടുണ്ട‌്. സ‌്മൃതിമണ്ഡപംകൂടി ഉൾപ്പെടുത്തിയുള്ള സൗന്ദര്യവൽക്കരണം വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കണ്ണൂർ കോർപറേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത‌്. മുന്നൂറ‌് മീറ്റർ നീളത്തിൽ ബീച്ചിനകത്തും നടപ്പാത നിർമിക്കുന്നുണ്ട‌്. 1.5 കോടി രൂപയുടെ പ്രവൃത്തി പുരോഗമിക്കുകയാണ‌്.
പയ്യാമ്പലം നടപ്പാലത്തിന്റെ ഇടതുവശത്തായി വാച്ച് ടവറിന്റെ ആകൃതിയിൽ നിർമിച്ച ബാംബു കഫെയിലും വൈവിധ്യ വിഭവങ്ങൾ രുചിക്കാൻ ആൾക്കാർ ഏറെയെത്തുന്നു. രണ്ട് നിലകളിലായി മുളയിൽ നിർമിച്ച കഫേയുടെ മുകൾ തട്ടിലിരുന്ന‌് വിനോദസഞ്ചാരികൾക്ക് ലഘുഭക്ഷണം കഴിക്കാനും കടൽത്തീരകാഴ്ചകൾ കാണാനും കഴിയും.  14 ലക്ഷം രൂപ ചെലവിൽ നിർമിച്ച കഫേ പൂർണമായും സോളാർ വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത‌്.  
സംസ്ഥാനത്തെ ആദ്യത്തെ ബീച്ച‌് ഓപ്പൺ ജിമ്മിലും രാവിലെയും വൈകിട്ടുമായി ധാരാളം പേർ എത്തുന്നുണ്ട‌്. ബീച്ചിൽ പ്രത്യേകം സ്ഥലത്ത‌് 26 ലക്ഷം രൂപ ചെലവഴിച്ചാണ‌് ജിം സജ്ജീകരിച്ചത‌്.  ജിമ്മിൽ പരിശീലിക്കുന്നവർക്കായി ഡിടിപിസി രണ്ട‌് ഹൈമാസ‌്റ്റ‌് ലൈറ്റും   സജ്ജീകരിച്ചിട്ടുണ്ട‌്. 
ഒരു കോടി രൂപയ‌്ക്ക‌്‌ പാർക്ക‌് നവീകരണവും രണ്ട‌് കോടി രൂപയ‌്ക്ക‌് അഡ്വഞ്ചർ പാർക്കും ഒരുങ്ങുന്നുണ്ട‌്. വാലി ക്രോസിങ്ങ‌്, ബർമ ബ്രിഡ‌്ജ‌് തുടങ്ങി സാഹസിക പരീക്ഷണങ്ങൾക്ക‌് ഒരുങ്ങുന്ന യുവതലമുറയെ ആകർഷിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പാർക്കിലുണ്ടാകും.  പുതിയ ബസ‌്സ‌്റ്റാൻഡിൽനിന്ന് തുടങ്ങി പയ്യാമ്പലത്ത് അവസാനിക്കുന്ന സൈക്കിൾ പാതയുടെ നിർമാണവും പുരോഗമിക്കുന്നു. 
പയ്യാമ്പലത്തെ ഗ്യാസ‌് ശ‌്മശാന നിർമാണത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷൻ 53.7ലക്ഷം രൂപ അനുവദിച്ച പ്രവൃത്തിയുടെ ആദ്യഘട്ടമാണ‌് ആരംഭിച്ചത‌്. രണ്ട‌് ഗ്യാസ‌് ചേമ്പറും ചിമ്മിണിയും നിർമിക്കുന്നതിന‌് ടെൻഡർ ക്ഷണിച്ച‌് കഴിഞ്ഞു. ശ‌്മശാനം സൗന്ദര്യവലക്കരിക്കുന്നതിന‌് കോർപറേഷൻ 42 ലക്ഷം അനുവദിച്ചിട്ടുണ്ട‌്. ഇന്റർലോക്ക‌്, ടോയ‌്‌ലറ്റ‌് ബ്ലോക്ക‌്, ലൈറ്റുകൾ എന്നിവയും ഇതിനോട‌് അനുബന്ധമായി നിർമിക്കുന്നുണ്ട‌്.
പ്രധാന വാർത്തകൾ
 Top