24 February Monday
കൊറോണ

നിരീക്ഷണത്തിലുള്ളവർക്ക് ആവശ്യമെങ്കില്‍ ധനസഹായം

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

‘നൊവൽ കൊറോണ വൈറസ്- –-മിഥ്യയും യാഥാർഥ്യവും' സെമിനാറിൽ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എൽ അനിതകുമാരി വിഷയം അവതരിപ്പിക്കുന്നു

 

ആലപ്പുഴ 
കൊറോണ വൈറസ് നിരീക്ഷണ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ കാര്യക്ഷമമാണെന്നും കരുതൽ നിരീക്ഷണത്തിലുള്ളവർക്ക് ആവശ്യമെങ്കിൽ സാമ്പത്തിക സഹായം ലഭ്യമാക്കാൻ സർക്കാരിൽ ശുപാർശ ചെയ്യുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ എൽ അനിതകുമാരി. 
സർക്കാർ, സ്വകാര്യ ഡോക്‌ടർമാർ, നേഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഫീൽഡ് ജീവനക്കാർ തുടങ്ങി പരിശീലനം ലഭിച്ച ജീവനക്കാരുടെ സഹകരണത്തോടെ ചിട്ടയായ സേവനവും പിപിഇ കിറ്റ്, മാസ്‌ക്, അവശ്യമരുന്നുകൾ എന്നിവ ഉറപ്പാക്കിയതായും അവർ പറഞ്ഞു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിനു കീഴിലെ ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ, ആലപ്പുഴ പ്രസ് ക്ലബിന്റെ സഹകരണത്തോടെ നടത്തിയ ‘നൊവൽ കൊറോണ വൈറസ്- –-മിഥ്യയും യാഥാർഥ്യവും' സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു അവർ. 
 വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ പാർപ്പിച്ചവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു. മാധ്യമ പ്രവർത്തകരുടെയും സാമൂഹ്യപ്രവർത്തകരുടെയും സംശയങ്ങൾക്ക് ഡിഎംഒ മറുപടി നൽകി. ഫീൽഡ് ഔട്ട് റീച്ച് എക്‌സിബിഷൻ ഓഫീസർ എൽ സി പൊന്നുമോൻ, ജില്ലാ സർവയലൻസ് ഓഫീസർ ഡോ. ദീപ്‌തി, ജില്ലാ മാസ് മീഡിയ ഓഫീസർ പി എസ് സുജ, പ്രസ് ക്ലബ് പ്രസിഡന്റ് കെ യു ഗോപകുമാർ, സെക്രട്ടറി ആർ രാജേഷ് എന്നിവർ സംസാരിച്ചു.
 

നിരീക്ഷണം തുടരുന്നു

ആലപ്പുഴ
കൊറോണ വൈറസ്‌ബാധ നിരീക്ഷണം 139 വീടുകളിൽ തുടരുന്നതായി  ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആശുപത്രിയിൽ ആരും നിരീക്ഷണത്തിലില്ല. കാലയളവ്  പൂർത്തിയാക്കി നിരീക്ഷണത്തിൽനിന്നും ഒഴിവാക്കിയവർ രോഗവാഹകരല്ല. അതിനാൽ  അവരോട് ഒരു വിധത്തിലുള്ള അകൽച്ചയും പാലിക്കേണ്ടതില്ലെന്നും അവർ അറിയിച്ചു. 
 പ്രവർത്തനങ്ങൾ കലക്‌ടർ എം അഞ്‌ജന അവലോകനംചെയ്‌തു. വീടുകളിലുള്ളവരുടെ നിരീക്ഷണത്തിനും തുടർബോധവൽക്കരണത്തിനും നിർദേശം നൽകി. ജില്ലയിൽ 37 ബോധവൽക്കരണ ക്ലാസ്‌ നടത്തി. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേത‌ൃത്വത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന നാലുപേർക്ക് ടെലികൗൺസലിങ്‌ നടത്തി.  
പ്രധാന വാർത്തകൾ
 Top