24 February Monday
ദേശീയപാതയിൽ വൻ കഞ്ചാവ്‌ വേട്ട

ചരക്ക്‌ ലോറിയിൽ 60 കിലോ കഞ്ചാവ്: 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

തൃശൂർഎക്സൈസ്‌ ഇന്റലിജൻസ് വാണിയമ്പാറയിൽ ചരക്ക് ലോറിയിൽനിന്നും 60 കിലോ കഞ്ചാവുമായി പിടികൂടിയ സനീഷും സാബുവും എക്സൈസ്‌ സംഘത്തിനൊപ്പം

തൃശൂർ
ചരക്ക് ലോറിയിൽ കടത്തിയ 60 കിലോ കഞ്ചാവ് എക്‌സൈസ്‌ പിടികൂടി. രണ്ടുപേർ അറസ്‌റ്റിൽ. ദേശീയപാത വാണിയംപാറയിൽ പരിശോധനക്കിടെയാണ്‌ ലോറിയുടെ ക്യാബിനിൽ നിന്ന്‌ കഞ്ചാവ്‌ പിടിച്ചത്‌. പുത്തൂർ  പയ്യപ്പിള്ളിമൂല  പുത്തൻപുരയ്‌ക്കൽ സനീഷ്‌(32), ലോറി ഉടമയും ഡ്രൈവറുമായ അഞ്ചേരി കാളൻ വീട്ടിൽ സാബു(53) എന്നിവരാണ്‌ ലോറിയിലുണ്ടായിരുന്നത്‌. തമിഴ്‌നാട്‌ രജിസ്‌ട്രേഷനുള്ള ലോറി കസ്റ്റഡിയിലെടുത്തു. 
 
ചരക്കുലോറിവഴി മയക്കുമരുന്ന്‌ കടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന്‌ ദേശീയപാതയിൽ റെയ്‌ഡ്‌ ശക്തമാക്കിയിരുന്നു. ഇതിനിടെ  സ്‌പിരിറ്റ്‌ കടത്തിയ വാഹനം ചെക്ക്പോസ്റ്റ്‌ വെട്ടിച്ചു കടന്നതായി അറിഞ്ഞു. തുടർന്നുള്ള   പരിശോധനയ്ക്കിടെയാണ്‌ ലോറി കുടുങ്ങിയത്‌. പേപ്പർറോൾ കൊണ്ടുപോവുന്ന വണ്ടി കൈകാണിച്ചിട്ടും നിർത്താതെ പോയി.  പിന്തുടർന്ന് വാണിയംപാറയിൽവച്ച്  പിടിക്കുകയായിരുന്നു.  കഞ്ചാവ്‌കേസിൽ ഉൾപ്പെട്ട പ്രതിയെ വാഹനത്തിൽ   കണ്ടതോടെ സംശയം തോന്നി. ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനിടെ വണ്ടിയിൽ കഞ്ചാവിന്റെ മണം അനുഭവപ്പെട്ടു.  29 ബാഗ് ലോറിയുടെ ക്യാബിനിൽ നിന്ന് കണ്ടെത്തുകയായിരുന്നുവെന്ന്‌ എക്‌സൈസ്‌ അധികൃതർ പറഞ്ഞു. 
 
ആന്ധ്രയിൽനിന്ന് കൊണ്ടുവന്നതാണ്‌ കഞ്ചാവ്. മണ്ണുത്തിയിൽ എത്തിയാൽ ഈ വാഹനത്തിന് മുമ്പിൽ പൈലറ്റ് വണ്ടി എത്തും. അവർ കഞ്ചാവ്‌ ഇറക്കേണ്ട സ്ഥലം കാണിക്കും. പണവും, കൂലിയും നൽകും.  ലോഡെത്തിയാൽ ആവശ്യക്കാർക്ക്‌   കൈമാറും. ബാക്കി   വീടുകളിലും  പറമ്പുകളിലും സൂക്ഷിയ്ക്കും. ഇതായിരുന്നു പദ്ധതി. കഞ്ചാവ്‌ മൊത്തക്കച്ചവടക്കാരായ  കൂട്ടുപ്രതികളെപ്പറ്റി വിവരം ലഭിച്ചതായി ഡെപ്യൂട്ടി എക്സൈസ്‌  കമീഷണർ പി കെ സനു പറഞ്ഞു.  
 
ഇന്റലിജൻസ്‌ അസി. എക്‌സൈസ്‌ കമീഷണർ കെ അശോക്‌കുമാർ, ഇന്റലിജൻസ്   ഇൻസ്‌പെക്ടർ എസ്  മനോജ്‌കുമാർ,  റേഞ്ച്‌ ഇൻസ്‌പെക്ടർ  ഹരിനന്ദനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്‌.  കെ മണികണ്ഠൻ,  ഒ എസ് സതീഷ്, കെ എസ് ഷിബു, ടി ജി മോഹനൻ, ടി എ ഷെഫീക്,  കെ എം സജീവ്‌, ടി ആർ സുനിൽ, കൃഷ്‌ണപ്രസാദ്‌, എം ജി ഷാജു, എം എം മനോജ്‌കുമാർ, ടി എസ്‌ സനീഷ് കുമാർ എന്നിവർ ചേർന്നാണ്  പിടികൂടിയത്.
പ്രധാന വാർത്തകൾ
 Top