25 May Saturday

കൃഷി അനായാസമാകും; സേവനസന്നദ്ധരായി കർമസേന

സ്വന്തം ലേഖികUpdated: Friday Feb 15, 2019

 

കൊല്ലം
ഒന്നര മണിക്കൂറിൽ ഒരേക്കർ നിലം ഉഴുത‌് മറിക്കാം, ഏക്കർ കണക്കിന‌്  വയലുകളുടെ വരമ്പ‌്  കോരാം, ഒരു മണിക്കൂറിൽ 70 വാഴക്കുഴി എടുക്കാം... അത്ഭുതപ്പെടേണ്ട ജില്ലാ കിസാൻമേളയുടെ  വേദിയായ കടപ്പാക്കട സ‌്പോർട‌്സ‌് ക്ലബ‌് അങ്കണത്തിൽ നിരത്തിവച്ചിരിക്കുന്ന കാർഷികോപകരണങ്ങൾ കൃഷി അനായാസമാക്കും. കൊല്ലം നഗരസഭ കാർഷിക കർമസേനയാണ‌് കാർഷികോപകരണങ്ങൾ പ്രദർശിപ്പിച്ചത‌്. സേവനത്തിനായി  നിരവധിപേരുടെ അപേക്ഷയും കാർഷിക കർമസേനയ‌്ക്ക‌് ലഭിച്ചു.  
നാല‌ുമണിക്കൂർ  കൊണ്ട‌് ഏക്കർ കണക്കിന‌് ഏലായുടെ വരമ്പ‌് കോരുന്ന ബണ്ട‌്ഫോർമർ ചെയ്യുന്നത‌് 70പേരുടെ ഒരു ദിവസത്തെ പണിക്ക‌് തുല്യമായ അധ്വാനം. മണിക്കൂറിന‌് 700 രൂപയാണ‌് വാടക. ഒന്നരമണിക്കൂറിൽ ഒരേക്കർ നിലം ഉഴുന്ന റൊട്ടിവേറ്റർ, കൽപ്രദേശം കിളക്കുന്ന കൾട്ടിവേറ്റർ,  വാഴയ‌്ക്കും തെങ്ങിനും കുഴി എടുക്കുന്നതോടാപ്പം  മണ്ണ‌ുകൂന കോരുന്ന ട്രിഗർ...  എല്ലാം ഇവിടെ ഉണ്ട‌്. കുറഞ്ഞ വാടകയിൽ ഇവ പ്രയോജനപ്പെടുത്താം. - -  
അഗ്രികൾച്ചർ ടെക‌്നോളജി മാനേജ‌്മെന്റ ഏജൻസി (ആത്മ)യുടെ  നേതൃത്വത്തിലുള്ള  ‘ഉണർവ‌് –-2019’ കിസാൻമേള  കൃഷി,  മൃഗസംരക്ഷണം, ക്ഷീര വികസനം, ഫിഷറീസ് വകുപ്പുകൾ, കൃഷിവിജ്ഞാന കേന്ദ്രം, കുടുംബശ്രീ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ‌് സംഘടിപ്പിച്ചിരിക്കുന്നത‌്. 
അമിതമായ രാസവള പ്രയോഗത്തിന്റെ ദൂഷ്യഫലം കർഷകനു പകർന്നു നൽകി  കൃഷി എങ്ങനെ ലാഭകരമാക്കാം എന്ന‌് കാട്ടിക്കൊടുക്കുകയാണ‌് ജില്ലാ മണ്ണുസംരക്ഷണ വകുപ്പിന്റെ പവലിയൻ. മണ്ണും ജലവും സംരക്ഷിക്കുന്നതിന്റെ ആവശ്യകതയ‌്ക്കും ഊന്നൽ നൽകുന്ന സ്റ്റാളിൽ സൗജന്യമായി മണ്ണ‌് പരിശോധനയ‌്ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട‌്. 
രണ്ടായിരം രൂപ വിലയുള്ള 25 ഗ്രോബാഗുകളിൽ പച്ചക്കറിത്തൈകൾ ഉൾപ്പെടെ   500രൂപ   സബ‌്സിഡി നിരക്കിൽ വീട്ടിൽ എത്തിച്ചുതരുന്ന  സ്റ്റാളും സജ്ജം.   ശുദ്ധമായ പശുവിൻപാൽ ചേർത്ത‌് ചക്ക ഐസ‌്ക്രീം  തത്സമയം  ഉണ്ടാക്കിക്കൊടുക്കുന്ന ചക്കമുക്കുകാരും മേളയുടെ ആകർഷണ കേന്ദ്രമാണ‌്‌. കിലോക്ക‌് 30രൂപ നിരക്കിൽ ഇവിടെ വരിക്കച്ചക്കയും ലഭ്യമാണ‌്.  വിവിധ നിറത്തിലുള്ള സ‌്ട്രബെറികൾ നിറഞ്ഞ തൈകൾ, അർബുദത്തെ പ്രതിരോധിക്കുന്ന അമേരിക്കൻ ഫ്ലാഗ‌്  എന്ന ലീക്ക‌് തുടങ്ങിയ അത്യപൂർവ സസ്യങ്ങളാണ‌് കൊല്ലം ജൈവകൃഷി വാട‌്സാപ‌് ഗ്രൂപ്പ‌് കൂട്ടായ‌്മയുടെ സ്റ്റാളിൽ നിറഞ്ഞിട്ടുള്ളത‌്. മികച്ച ഇനം പച്ചക്കറിത്തൈകളും ജൈവവളങ്ങളുമായി  കേരള കാർഷിക സർവകലാശാലയുടെ കെവികെ സ്റ്റാളും ഇടംപിടിച്ചിട്ടുണ്ട‌്. ജൈവകൃഷി, മൃഗസംരക്ഷണ മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ, മത്സ്യമേഖലയിലെ പുത്തൻവഴികൾ എന്നീ വിഷയങ്ങളിൽ ക്ലാസും  ലഭ്യമാണ‌്. മേള വെള്ളിയാഴ‌്ച സമാപിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top