24 January Friday
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം

ലക്ഷം ദീപങ്ങൾ ഇന്ന് മിഴി തുറക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറ ജപത്തോടനുബന്ധിച്ച്‌ പത്മതീർഥകുളത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ അരങ്ങേറിയ നൃത്തശിൽപ്പത്തിൽനിന്ന്‌

തിരുവനന്തപുരം
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷം ദീപങ്ങൾ ബുധനാഴ്ച മിഴി തുറക്കും. ആചാരപ്രധാനമായ മുറജപം ബുധനാഴ്ച രാവിലെ സമാപിക്കും. മുറജപത്തോടനുബന്ധിച്ചാണ്‌ ലക്ഷദീപക്കാഴ്‌ച ഒരുക്കുന്നത്‌. 
 
ബുധനാഴ്ച രാത്രി നടക്കുന്ന മുറശീവേലി തൊഴാന്‍ 20,000 ത്തോളം ഭക്തര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ക്ഷേത്രത്തില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സന്ധ്യയ്ക്ക് 6.30-ന് പ്രധാനഗോപുരത്തിലെയും മറ്റ് നടകളിലെ ഗോപുരങ്ങളിലും ക്ഷേത്രത്തിനുള്ളിലും വൈദ്യുതവിളക്കുകള്‍ മിഴിതുറക്കും. രാത്രി 7.45-ന് എണ്ണ വിളക്കുകള്‍ കത്തിക്കും. 8.30-ന് ഗരുഡവാഹനത്തില്‍ മുറശീവേലി ആരംഭിക്കും. 
 
സ്വര്‍ണവാഹനത്തിലാണ് ശ്രീപത്മനാഭസ്വാമിയെ എഴുന്നെള്ളിക്കുന്നത്. തെക്കേടം നരസിംഹമൂര്‍ത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നീ വിഗ്രഹങ്ങളും ശീവേലി എഴുന്നെള്ളത്തിനുണ്ടാകും. ക്ഷേത്രംസ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ ശീവേലിക്ക് അകമ്പടി പോകും. ക്ഷേത്രം ഉദ്യോഗസ്ഥരും രാജകുടുംബാംഗങ്ങളും അനുഗമിക്കും. മൂന്ന് പ്രദക്ഷിണത്തോടെ ശീവേലി സമാപിക്കും. ഭക്തരുടെ സൗകര്യാര്‍ഥം 16,17 തിയതികളില്‍ കൂടി ലക്ഷദീപ സജ്ജീകരണം ആവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
തിരക്കു നിയന്ത്രിക്കാനും ദര്‍ശനത്തിനും പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്ര സുരക്ഷാ ചുമതലയുള്ള എസ്‌പി കെ എസ് ഗോപകുമാർ പറഞ്ഞു. ക്ഷേത്രപരിസരത്തും സമീപറോഡുകളിലും ബുധനാഴ്ച രാവിലെ 10 മുതല്‍ രാത്രി 9  വരെ ഗതാഗതത്തിനും പാര്‍ക്കിങ്ങിനും നിയന്ത്രണവുമുണ്ടാകും.
 വ്യാഴാഴ്ച രാവിലെ ലക്ഷദീപത്തോട് അനുബന്ധിച്ച് പ്രതീകാത്മകമായി ആനയെ നടക്കിരുത്തും. സദ്യയും ഉണ്ടാകും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top