08 December Sunday
ദേശീയപാത നിർമാണം ദ്രുതഗതിയിൽ

ഇമ്മിണി ബല്യ ബാലരാമപുരം

ബാലരാമപുരം കൃഷ്‌ണൻകുട്ടിUpdated: Thursday Nov 14, 2019

പള്ളിച്ചൽ തോടിന് സമീപം ടാറിങ്ങിന്‌ വേണ്ടി റോഡ് നിരപ്പാക്കുന്നു

 
ബാലരാമപുരം
അതിവേഗം പുരോഗമിക്കുന്ന കരമന-–-കളിയിക്കാവിള ദേശീയപാതയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും യാഥാർഥ്യമാകുന്നതോടെ തലസ്ഥാനത്തിന്റെ  ഉപഗ്രഹനഗരമായി ബാലരാമപുരം മാറും. കഴിഞ്ഞ ജനുവരിയിലാരംഭിച്ച പാതനിർമാണം ധൃതഗതിയിലാണ്‌ പുരോഗമിക്കുന്നത്‌. രണ്ടാം റീച്ചിലുൾപ്പെടുന്ന പ്രാവച്ചമ്പലംമുതൽ ബാലരാമപുരം കൊടിനട വരെയുള്ള 5.5 കിലോ മീറ്റർ ദൂരമാണ്‌ രണ്ടാംഘട്ടമായി നിർമാണം പൂർത്തിയാക്കി വരുന്നത്‌.
 
കിഫ്ബി  പദ്ധതിയിലുൾപ്പെടുത്തി പൂർണമായും സർക്കാർ ചെലവിലാണ് പണി നടക്കുന്നത്‌. ബാലരാമപുരം  ജങ്‌ഷനിൽ വരാൻപോകുന്ന അടിപ്പാതയുടെ മണ്ണ്‌ പരിശോധനയും അനുബന്ധപ്രവർത്തനങ്ങളും പൂർത്തിയായി. പൊതുജനങ്ങളുടെയും വ്യാപാരികളുടെയും അഭിപ്രായങ്ങൾകൂടി പരിഗണിച്ചാണ് നിർമാണം. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന മണ്ണ്  പരിശോധനയിലൂടെ  ജങ്‌ഷനിലെ നാലു റോഡുകളിലും ഭൂമി തുരന്ന് മണ്ണിന്റെ ഉറപ്പ്, പാറയുടെ സാന്നിധ്യം, ജലസാന്നിധ്യം എന്നിവ കണ്ടെത്തി. അടിപ്പാത നിർമാണത്തിന്റെ ഭാഗമായി വിഴിഞ്ഞം റോഡിലെ കുഴിച്ചാണിമുതൽ കാട്ടാക്കട റോഡിലെ തേമ്പാമുട്ടം റെയിൽവേ ലൈൻ വരെ വളവ്‌ ഒഴിവാക്കും. ജങ്‌ഷനിൽ സ്ഥിതിചെയ്യുന്ന സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ച്‌ മാറ്റി. പൊലീസ് സ്റ്റേഷന്റെ കെട്ടിടം പൊളിക്കുന്നതിനുവേണ്ടി ഓഫീസ്‌ മറ്റൊരിടത്തേക്ക് മാറ്റി.
 112 കോടി  വിനിയോഗിച്ച്  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണചുമതല.
 
റോഡ് വികസനത്തിന്റെ ഭാഗമായി പ്രാവച്ചമ്പലംമുതൽ കൊടിനടവരെയുള്ള റോഡിന്റെ ഇരുവശത്തെയും അതിർത്തി നിശ്ചയിച്ച് കല്ലുകൾ സ്ഥാപിച്ചു കഴിഞ്ഞു. 
പാരൂർക്കുഴി, പഴയ പള്ളിച്ചൽ പഞ്ചായത്ത്‌ ഓഫീസ് എന്നിവിടങ്ങളിലെ വളവുകൾ  ഒഴിവാക്കി വീതികൂട്ടി. പാരൂർക്കുഴി, പൂങ്കോട്, ടാറ്റാ മോട്ടോഴ്സ്, പള്ളിച്ചൽ തോട് തുടങ്ങിയ ഇടങ്ങളിൽ  കലുങ്ക് നിർമാണവും ഡ്രെയിനേജ് ബോക്സ് നിർമാണവും  പുരോഗമിക്കുകയാണ്‌.
  വൈദ്യുതി ലൈനുകൾ മാറ്റുന്ന ജോലിയും തുടങ്ങി. അടിപ്പാതനിർമാണവും റോഡ് നിർമാണവും പൂർത്തിയാകുന്നതോടെ  ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാാരമാകും.
പ്രധാന വാർത്തകൾ
 Top