08 December Sunday

ജില്ലാ, അസി. ലേബർ ഓഫീസുകളിലേക്ക്‌ തൊഴിലാളി മാർച്ച്‌ 28 ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019
കോട്ടയം
തൊഴിൽരംഗത്തെ പ്രതിസന്ധികൾ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹെഡ്‌  ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ 28 ന്‌ ജില്ലാ, അസിസ്‌റ്റന്റ്‌ ലേബർ ഓഫീസുകളിലേക്ക്‌ മാർച്ച്‌ ചെയ്യും. 
ആധുനിക യന്ത്രങ്ങളുടെ കടന്നുവരവ്‌, പരിസ്ഥിതി പ്രശ്‌നങ്ങൾ, കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ എന്നിവ മൂലമുള്ള തൊഴിൽ നഷ്ടം പരിഹരിക്കാൻ ഉത്തരവുകളിൽ ഭേദഗതി വരുത്തുക, ചുമട്ടുതൊഴിലാളി നിയമവും ക്ഷേമ പദ്ധതികളും കാലോചിതമായി പരിഷ്‌കരിക്കുക, നിയന്ത്രണത്തിന്‌ വിധേയമായി മണൽ വാരാനും മരം മുറിക്കാനും ക്വാറികൾ പ്രവർത്തിക്കാനും നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ്‌ മാർച്ച്‌. 
കോട്ടയം, ഏറ്റുമാനൂർ, അയർകുന്നം, പുതുപ്പള്ളി, ചങ്ങനാശേരി കമ്മിറ്റികൾ കലക്ടറേറ്റിലേക്കും വൈക്കം, തലയോലപ്പറമ്പ്‌, കടുത്തുരുത്തി ഏരിയകൾ വൈക്കം എഎൽഒ ഓഫീസിലേക്കും പാലാ, പൂഞ്ഞാർ കമ്മിറ്റികൾ പാലാ എഎൽഒ ഓഫീസിലേക്കും കാഞ്ഞിരപ്പള്ളി, വാഴൂർ ഏരിയകളിലെ തൊഴിലാളികൾ കാഞ്ഞിരപ്പള്ളി എഎൽഒ ഓഫീസിലേക്കും മാർച്ച്‌ ചെയ്യും. 
കലക്ടറേറ്റ്‌ മാർച്ച്‌ സിഐടിയു ജില്ലാ സെക്രട്ടറി എ വി റസൽ, വൈക്കത്ത്‌ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ കെ ഗണേശൻ, പാലായിൽ സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ലാലിച്ചൻ ജോർജ്‌,  കാഞ്ഞിരപ്പള്ളിയിൽ ചുമട്ടുതൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്‌ വി പി ഇസ്‌മയിലും ഉദ്‌ഘാടനംചെയ്യും.
 
 
പ്രധാന വാർത്തകൾ
 Top