05 December Thursday
സേഫ് കൊല്ലം

ബോധവൽക്കരണത്തിന് വേറിട്ട മുഖം നൽകി ശുചിത്വമിഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019
കൊല്ലം
കുട്ടികളിലേക്ക് ആശയപ്രചാരണം നടത്തി സേഫ് കൊല്ലം എന്ന വലിയ ലക്ഷ്യത്തിലേക്ക് ഒരു പടികൂടി കടന്നെത്തുകയാണ് ജില്ലാ ശുചിത്വ മിഷൻ. കലക്ടറുടെ നേതൃത്വത്തിൽ  പ്രകൃതി, ജലം, കുട്ടികൾ, റോഡ്, ഭക്ഷണം എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപ്പാക്കുന്ന പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങളാണ് വർണ കാർഡുകളായി ഇനി വീടുകളിലേക്ക് എത്തുക. വിദ്യാർഥികളിലൂടെ രക്ഷിതാക്കളിലേക്കും പൊതുസമൂഹത്തിലേക്കും സന്ദേശമെത്തിക്കുന്നതരത്തിലാണ്‌ പദ്ധതി.
ഭക്ഷ്യസുരക്ഷാ സംബന്ധിക്കുന്ന വിവരങ്ങൾ അടങ്ങിയ കാർഡ് വിതരണം കലക്ടർ ബി അബ്ദുൽ നാസർ ഉദ്ഘാടനംചെയ്തു. അഷ്ടമുടി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ സേഫ് കൊല്ലം പദ്ധതി അദ്ദേഹം വിശദീകരിച്ചു.അഞ്ചു വ്യത്യസ്ത കാർഡുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കുട്ടികളുടെ സുരക്ഷ പ്രതിപാദിക്കുന്ന കാർഡിൽ രക്ഷിതാക്കൾക്കുള്ള നിർദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലഹരി വസ്തുക്കളുടെ ദോഷവശങ്ങൾ  കാർഡിലൂടെ മനസ്സിലാക്കാം. 
പ്രകൃതി സുരക്ഷ പ്രതിപാദിക്കുന്ന പാഠഭാഗത്തിൽ  മാലിന്യമുക്തമായ പരിസരം എന്ന ലക്ഷ്യത്തിലേക്കുള്ള വഴികളാണ് ഉള്ളത്‌. ജൈവ-, അജൈവ മാലിന്യ സംസ്‌കരണ രീതികളും പ്രതിപാദിച്ചിട്ടുണ്ട്. ജലസുരക്ഷയുടെ പ്രാധാന്യം വ്യക്തമാക്കുന്നതിനൊപ്പം ജലം പാഴാക്കരുതെന്ന സന്ദേശവും ജലം സംഭരിക്കുന്നതിന്റെ ആവശ്യകതയും മൂന്നാമത്തെ കാർഡിലുണ്ട്‌. 
പ്രൈമറി തലംമുതൽ കോളേജ് തലംവരെ വിദ്യാർഥികൾക്കായി 5,0000 കാർഡുകളാണ് വിതരണം ചെയ്യുകയെന്ന് ശുചിത്വ മിഷൻ ജില്ലാ കോ–- ഓർഡിനേറ്റർ ജി സുധാകരൻ പറഞ്ഞു. പരിപാടിയിൽ ഫുഡ്‌ ആൻഡ്‌ സേഫ്റ്റി അസിസ്റ്റന്റ് കമീഷണർ ശ്രീകല, ഡയറ്റീഷ്യൻ രശ്മി, പ്രിൻസിപ്പൽ പോൾ, ഹെഡ്മാസ്റ്റർ ശ്രീകുമാർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.-
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top