20 October Wednesday
- എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനം ചെയ്‌തു

നാൻ പെറ്റ മകനേ... 
നിനക്കായി സ്‌മാരകം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസായ അഭിമന്യു സ്‌മാരക മന്ദിരം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു.

കൽപ്പറ്റ
 ചിറക്‌ വിരിക്കുംമുമ്പേ മുറിവേറ്റുവീണ  അനശ്വര രക്തസാക്ഷി അഭിമന്യുവിന്‌ ഇതാ വയനാടൻ മണ്ണിൽ നിത്യസ്‌മാരകം. ഹൃദയങ്ങളിൽ ജ്വലിക്കുന്ന ചുവന്ന നക്ഷത്രത്തിന്റെ ഓർമകളുമായി എസ്‌എഫ്‌ഐ വയനാട്‌ ജില്ലാ കമ്മിറ്റി ഓഫീസ്‌  ഉദ്‌ഘാടനംചെയ്‌തു.  കുട്ടികളുടെ വിയർപ്പിൽ  രാജ്യത്ത്‌ ആദ്യമായി  പടുത്തുയർത്തിയ  അഭിമന്യു സ്‌മാരക മന്ദിരം  ഉദ്‌ഘാടന ചടങ്ങ്‌ കാണാൻ  ജില്ലയിലെ വിദ്യാർഥി പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളും ഭാരവാഹികളും പുരോഗമന പ്രസ്ഥാനത്തിന്റെ അമരക്കാരുമെല്ലാം ഒഴുകിയെത്തി.  മരിക്കാത്ത സ്‌മരണകളുമായി  അഭിമന്യുവിന്റെ മാതാപിതാക്കളും കൂടിയെത്തിയതോടെ ഒരുപാട്‌ മുഖങ്ങളിൽ ആവേശത്തോടൊപ്പം കണ്ണീർ നനവും. ‌
 അഭിമന്യുവിന്റെ മാതാപിതാക്കളെ ചേർത്തുപിടിച്ച്‌  പ്രകടനമായെത്തി ശുഭ്രപതാക ഉയർത്തിയതോടെയാണ്‌ ചടങ്ങ്‌ തുടങ്ങിയത്‌.  കെട്ടിട നിർമാണ കമ്മിറ്റി ചെയർമാൻകൂടിയായ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ  ഫലകം അനാഛാദനം ചെയ്‌തു. എസ്‌എഫ്‌ഐ  അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു അഭിമന്യുവിന്റെ  ചുവർ ശിൽപ്പം അനാവരണംചെയ്‌തു. മുദ്രാവാക്യങ്ങൾക്കിടെ  അഭിമന്യുവിന്റെ അമ്മയുടെ നൊമ്പരവും കരച്ചിലും കണ്ടുനിന്നവരുടെയെല്ലാം കണ്ണുകളെ ഈറനണിയിച്ചു.  തുടർന്ന്‌  സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ എസ്‌എഫ്‌ഐയുടെ  രാജ്യത്തെ  ആദ്യത്തെ ജില്ലാ കമ്മിറ്റി ഓഫീസ്‌ ഓൺലൈനിലൂടെ ഉദ്‌ഘാടനംചെയ്‌തു. 
  ജില്ലാ പ്രസിഡന്റ്‌ അജ്‌നാസ്‌ അഹമ്മദ്‌ അധ്യക്ഷനായി. ജില്ലയിലെ  എസ്എഫ്ഐയുടെ ചരിത്രം പറയുന്ന ജില്ലാ കമ്മിറ്റിയുടെ മുഖമാസിക  ‘നേര്’  സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്  സിപിഐ എം ജില്ലാ സെക്രട്ടറി  പി ഗഗാറിന്‌ നൽകി പ്രകാശിപ്പിച്ചു.  അഭിമന്യുവിന്റെ മരണത്തിനുശേഷം  തുടർച്ചയായി നൽകിവരുന്ന മൂന്നാമത് അഭിമന്യു എൻഡോവ്മെന്റ് പുരസ്കാരം  അഭിമന്യുവിന്റെ  മാതാപിതാക്കളും സഹോദരൻ പരിജിത്തും ചേർന്ന്‌ പടിഞ്ഞാറത്തറയിലെ അനുശ്രീക്ക്‌  നൽകി. എൻഡോവ്‌മെന്റ്‌ തുക 10,001 രൂപ  സംസ്ഥാന  പ്രസിഡന്റ്‌ വി എ വിനീഷ് കൈമാറി.  അഭിമന്യുവിന്റെ മാതാപിതാക്കൾക്ക്‌ ജില്ലാ സെക്രട്ടറി ജോബിസൻ ജെയിംസ്‌  ഉപഹാരംനൽകി. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, മുതിർന്ന സിപിഐ എം നേതാവ്‌ പി എ മുഹമ്മദ്‌  എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എൻ എസ്‌ വൈഷ്‌ണവി നന്ദിപറഞ്ഞു. 
    എസ്‌എഫ്‌ഐയുടെ ജില്ലയിലെ ആദ്യത്തെ സെക്രട്ടറി സി എ റഷീദ്‌ മുതലുള്ള ഭൂരിഭാഗം ഭാരവാഹികളും ചടങ്ങിനെത്തിയിരുന്നു. ജില്ലയിലെ എസ്‌എഫ്‌ഐയുടെ രണ്ടര വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലംകൂടിയാണ്‌ തിങ്കളാഴ്‌ച പൂവണിഞ്ഞത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top