16 December Monday

കനോലി നിറഞ്ഞു; വീടുകൾ വെള്ളത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

 

നാട്ടിക
കനോലി കനാൽ നിറഞ്ഞൊഴുകുന്നു. തീരത്തെ വീടുകൾ വെള്ളക്കെട്ടിൽ. കൊടുങ്ങല്ലുർ മുതൽ ചേറ്റുവ വരെയുള്ള കനാൽ തീരത്തെ വീടുകളാണ്‌ ഞായറാഴ്‌ച മുതൽ വീണ്ടും ദുരിതത്തിലായത്‌. നേരത്തെ മഴവെള്ളം കയറിയുണ്ടായ ദുരിതത്തിനു പുറകെയാണിത്‌. ഞായറാഴ്ച മുതലാണ് ജലനിരപ്പ് ഉയർന്ന് വീടുകളിലേക്ക് ഒഴുകിത്തുടങ്ങിയത്. തിങ്കളാഴ്ച ഒരടിയോളം വെള്ളം പൊങ്ങി. മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും ഒഴുക്കില്ലാത്തതിനാൽ വെള്ളം കുറയാത്തത്‌ ആശങ്ക കൂട്ടുന്നു.  
എടത്തിരുത്തി, കയ്പമംഗലം പഞ്ചായത്തുകളിൽ  300 വീടുകൾ വെള്ളക്കെട്ടിലായി.  എടത്തിരുത്തി മുതൽ കാക്കാത്തിരുത്തി  വരെയാണ് കനാൽ നിറഞ്ഞൊഴുകുകയാണ്‌. കരുവന്നൂർ ഹരിപുരം ബണ്ട് പൊട്ടി വെള്ളം കാട്ടൂർ വഴി കനാലിലേക്ക് ഒഴുകുന്നതാണ് കാരണമെന്ന് പറയുന്നു. ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിന് കിഴക്ക് ഭാഗത്തെ പ്രദേശങ്ങളായ പൈനൂർ, പല്ല, കുട്ടമംഗലം ,സിറാജ് നഗർ,  കോഴിത്തുമ്പ്, ചെന്ത്രാപ്പിന്നി ഈസ്റ്റ്, മധുരംപിള്ളി, ചളിങ്ങാട് കൂനിപ്പറമ്പ്, കാക്കാത്തുരുത്തി, ലാൽ ബഹദൂർ ശാസ്ത്രി കോളനി, തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളമുയർന്നത്. ഇവിടെ നിന്നും ആളുകൾ നേരത്തെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറിയിട്ടുണ്ട്. 
 992 കുടുംബങ്ങളാണ് വിവിധ ക്യാമ്പുകളിൽ കഴിയുന്നത്. എടത്തുരുത്തിയിൽ ആറും കയ്പമംഗലത്ത് അഞ്ചും ക്യാമ്പുകളിലായി മൂവായിരത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്. നിരവധി പേർ ബന്ധുവീടുകളിലേയ്ക്ക് മാറിയിട്ടുണ്ട്. 
   കലക്ടർ എസ് ഷാനവാസ്,   ഇ ടി ടൈസൺ എംഎൽഎ  എന്നിവർ ദുരിത മേഖല സന്ദർശിച്ചു. 
എടത്തിരുത്തി സെന്റ് ആൻസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ക്യാമ്പും എംഎൽഎ  സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. പടിഞ്ഞാറൻ മേഖലകളിൽ വെള്ളക്കെട്ടിന് നേരിയ ശമനം ആയിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top