19 February Tuesday

അഴിമതിയും ക്രമക്കേടും കാസർകോട്‌ നഗരഭരണം പ്രതിസന്ധിയിൽ

സ്വന്തം ലേഖകൻUpdated: Friday Jul 13, 2018
കാസർകോട്
ഭരണസമിതിയുടെ അഴിമതിയും ക്രമക്കേടുകളും കാരണം കാസർകോട് നഗരസഭയുടെ പ്രവർത്തനം താളംതെറ്റുന്നു. ചില ഉദ്യോഗസ്ഥർ സ്ഥലംമാറിപ്പോവുകയും അഴിമതിക്കാരായ ചിലരെ സ്ഥലംമാറ്റുകയും ചെയ്തത് പദ്ധതി നിർവഹണം താളംതെറ്റാനിടയാക്കിയെന്നാണ് ഭരണസമിതി പറയുന്നത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് നഗരസഭാ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിമും വൈസ് ചെയർമാൻ എൽ എ മഹമൂദും പറയുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ച് അന്വേഷണം നേരിടുന്ന ഇവിടെ ജോലിചെയ്യാൻ സത്യസന്ധരായ ജീവനക്കാർ തയ്യാറാകുന്നില്ല.  നിയമനം ലഭിച്ചവർ അവധിയെടുത്ത് മാറിനിൽക്കുകയാണ്. ഭരണസമിതിയുടെ അഴിമതിക്ക്‌  കൂട്ടുനിൽക്കാത്ത ജീവനക്കാർക്കെതിരെ പകപോക്കൽ നടപടിയുണ്ടാകുന്നതിനാലാണ് മിക്കവരും കാസർകോടേക്ക് വരാൻ താൽപര്യം കാട്ടാത്തത്.  
മുസ്ലിംലീഗ് നേതൃത്വത്തിലുള്ള കൗൺസിലിന്‌  കൂട്ടുനിൽക്കുകയാണ്‌  മുഖ്യ പ്രതിപക്ഷമായ  ബിജെപിയുടേത്. അഴിമതി ചൂണ്ടിക്കാണിക്കുന്നവരും റിപ്പോർട്ട് ചെയ്യുന്നവരുമായ ഉദ്യോഗസ്ഥർക്കെതിരെ ലീഗ്‐ ബിജെപി കൗൺസിലർമാർ ഒറ്റക്കെട്ടാണ്‌.  പത്തുവർഷമായി നഗരസഭയിലെ  പ്രവൃത്തികൾ പരിശോധിച്ചാൽ ക്രമക്കേടുകളുടെ നീണ്ട നിരതന്നെ കാണാനാകും. മിക്കവയുടെയും ഫയലുകൾ നഗരസഭയിലില്ല.  വഴിവിട്ട നീക്കം  തിരിച്ചറിഞ്ഞ് മുൻ സെക്രട്ടറിമാർ അനുമതി നൽകരുതെന്ന് റിപ്പോർട്ട് ചെയ്ത പദ്ധതികൾക്കുപോലും ഇപ്പോഴത്തെ  സെക്രട്ടറിയുടെ നേതൃത്വത്തിൽ അനുമതി നൽകി. ഭരണസമിതിയുടെ  ക്രമക്കേടുകൾക്ക്  സഹായംചെയ്യുന്നതും  സെക്രട്ടറിയാണെന്നാണ്‌ ആക്ഷേപം.  
16 കോടിയോളം രൂപയുടെ വികസന പദ്ധതികളുടെ നിർവഹണം നിശ്ചിത സമയത്ത് പൂർത്തിയാക്കാനാവശ്യമായ  ജീവനക്കാരില്ലെന്നാണ് ഭരണസമിതി പറയുന്നത്. നിലവിലുള്ള ജീവനക്കാരെ സമ്മർദത്തിലാക്കാതെ സത്യസന്ധമായി ജോലിചെയ്യാൻ അനുവദിക്കാത്തതാണ് പദ്ധതി പ്രവർത്തനങ്ങൾ യഥാസമയം തീരാത്തതിന് കാരണം. 16 കോടിയുടെ പദ്ധതിയിൽ പകുതിയിലേറെയും വർഷങ്ങൾക്ക് മുമ്പേ പണി പൂർത്തീകരിച്ചവയാണ്. എൻജിനിയർമാരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ അറിയാതെയും ടെൻഡർ നടപടികളില്ലാതെ നടത്തിയതുമാണിത്‌.  ഇവയ്‌ക്ക്‌  ജില്ലാ ആസൂത്രണ സമിതിയുടെയോ  സർക്കാരിന്റെ സ്പെഷ്യൽ റൂൾ പ്രകാരമോ അനുമതി വാങ്ങിയതുമില്ല. ഇങ്ങനെ  പൂർത്തിയാക്കിയതാണ്‌  16 കോടിയുടെ വികസനത്തിൽ ഉൾപ്പെടുന്നത്. 
ഭവനനിർമാണം, കുടിവെള്ളക്ഷാമം, അഗതി‐ ആശയ പദ്ധതി തുടങ്ങി അടിസ്ഥാന പ്രശ്നങ്ങൾക്കൊന്നും പരിഹാരം കാണാൻ നഗരസഭക്കാവുന്നില്ല. മുസ്ലിംലീഗിന്റെയും ബിജെപിയുടെയും അടുപ്പക്കാരായ കരാറുകാർക്ക് പ്രവൃത്തി  നൽകി അഴിമതിക്ക്‌ കളമൊരുക്കുകയാണ്‌ നഗരസഭ.  നഗരസഭയ്‌ക്കെതിരെ  വിജിലൻസ്, ഓംബുഡ്സ്മാൻ, ലോകായുക്ത എന്നിവിടങ്ങളിൽ നിരവധി പരാതികളുണ്ട്‌. വിജിലൻസ്‌ ദൈനംദിനം നഗരസഭാ ഓഫീസ്‌ കയറിയിറങ്ങുകയാണ്‌. തങ്ങൾ സംരക്ഷിക്കുമെന്ന ഭരണനേതൃത്വത്തിന്റെ  ഉറപ്പിലും  ഇവർക്കൊപ്പം നിന്നാൽ വളരെ പെട്ടെന്ന്‌  സാമ്പത്തിക നേട്ടമുണ്ടാകുമെന്നതും  പല ജീവനക്കാരെയും അഴിമതിക്ക് കൂട്ടുനിൽക്കാൻ പ്രേരിപ്പിക്കുകയാണ്.  ഇത്തരം ജീവനക്കാരും  ഭരണ േനതൃത്വവുമാണ്‌ നഗരസഭയിലെ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലായതിന്റെ  കാരണക്കാർ.  അഴിമതിക്ക് കൂട്ടുനിൽക്കാത്ത ജീവനക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കാസർകോടേക്ക് നിയമനം ലഭിക്കുന്നവരാകട്ടെ അഴിമതിക്കും വിവാദങ്ങൾക്കുമിടയിൽപെട്ട് ജോലിചെയ്യാനുള്ള പ്രയാസം കണക്കിലെടത്തേ്‌ ചുമതലയേൽക്കാനും മടിക്കുന്നു.   
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top