14 December Saturday

ബസ്‌ ഭിത്തിയിലിടിച്ചു; 5 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019
തിരുവനന്തപുരം 
നിയന്ത്രണംവിട്ട സ്വകാര്യ ബസ്‌ പാളയം രക്തസാക്ഷിമണ്ഡപത്തിന്റെ മതിലിടിച്ചു. അഞ്ച്‌ യാത്രക്കാർക്ക്‌ പരിക്കേറ്റു.  നിർത്താതെപോയ ബസ്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഡ്രൈവറെ അറസ്‌റ്റുചെയ്‌തു. നഗരത്തിൽ സർവീസ്‌ നടത്തുന്ന ആറ്റുകാൽ ബസാണ്‌ തിങ്കളാഴ്‌ച പകൽ 11. 30 ഓടെ രക്തസാക്ഷി മണ്ഡപത്തിന്റെ സംരക്ഷണ ഭിത്തിയിലിടിച്ചത്‌. തുടർന്ന്‌ ഡ്രൈവർ ബസ്‌ നിർത്താതെപോയി.
 
യാത്രക്കാർ ബഹളം വച്ചതോടെ ബസ്‌ അടുത്ത സ്‌റ്റോപ്പിൽ നിർത്തി. ഉടൻ പൊലീസ്‌ എത്തി പിടികൂടി. യാത്രക്കാരായിരുന്ന വനജ(62), സുഗതൻ (65), സദാനന്ദൻ എന്നിവർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സ തേടി. ഒരാളുടെ മൂക്കിന്റെ പാലം തകർന്നു. മറ്റു രണ്ടുപേർ ജനറൽ ആശുപത്രിയിലും ചികിത്സ തേടി. യാത്രക്കാരുടെ പരാതിയിലാണ്‌ ബസും ഡ്രൈവറെയും കസ്‌റ്റഡിയിലെടുത്തത്‌.
 
ഡ്രൈവർ വെള്ളനാട്‌ പുതുക്കുളങ്ങര മുണ്ടേല കോട്ടവിള മക്കൊള്ളിൽ ജോസഫിനെ (44) കന്റോൺമെന്റ്‌ എസ്‌ഐ ആർ ബിനു അറസ്‌റ്റു ചെയ്‌തു. ഇയാൾ മദ്യപിച്ചിരുന്നതായുള്ള സംശയത്തെതുടർന്ന്‌ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയമാക്കി. രക്തപരിശോധന റിപ്പോർട്ട്‌ ചൊവ്വാഴ്‌ച രാവിലെ ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും. രക്തസാക്ഷിമണ്ഡപത്തിന്റെ സംരക്ഷണഭിത്തിക്ക്‌ കേട്‌ സംഭവിച്ചതിനെതിരെയും അധികൃതർ പരാതി നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top