കരുനാഗപ്പള്ളി
പ്രകൃതിവാതകം പൈപ്പ് ലൈനിലൂടെ വീടുകളിൽ വിതരണംചെയ്യുന്ന പദ്ധതിക്ക് കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ തുടക്കമാകുന്നു. ഇതിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പെട്രോളിയം പ്രകൃതിവാതക റഗുലേറ്ററി ബോർഡിന്റെ അംഗീകാരമുള്ള എജി ആൻഡ് പി പ്രഥമിന്റെ നേതൃത്വത്തിൽ ജില്ലയിലെ പൈലറ്റ് പദ്ധതിയാണ് കരുനാഗപ്പള്ളിയിൽ നടപ്പാക്കുന്നത്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (ഗെയിൽ) അംഗീകാരമുണ്ട്. മുനിസിപ്പാലിറ്റിയിലെ അഞ്ച്, ആറ്, ഏഴ്, എട്ട്, 27, 28, 32 വാർഡുകളിലാണ് ആദ്യഘട്ടം. തുടർന്ന് രണ്ടുവർഷത്തിനകം എല്ലാ വാർഡിലേക്കും വ്യാപിപ്പിക്കും. ഒന്നാംഘട്ട രജിസ്‌ട്രേഷൻ അഞ്ച്, ആറ്, ഏഴ്, എട്ട് വാർഡുകളിലെ 1470 വീട്ടിലാണ്. തുടർന്ന് മറ്റു വാർഡുകളിലും രജിസ്ട്രേഷൻ നടത്തി ആറുമാസത്തിനകം പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. എജി ആൻഡ് പി ശ്രീലക്ഷ്മി എനർജി സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് രജിസ്ട്രേഷനായി ചുമതലപ്പെടുത്തിയത്.
ആദ്യ ഘട്ടത്തിൽ നാലായിരത്തോളം കുടുംബങ്ങൾ ഗുണഭോക്താക്കളാകും. വ്യാപാര, -വാണിജ്യ സ്ഥാപനങ്ങൾക്കും പദ്ധതിയുടെ ഭാഗമാകാം. ഭാവിയിൽ ഗെയിൽ പൈപ്പ് ലൈനുമായി ബന്ധിപ്പിച്ച് ജില്ല മുഴുവൻ കണക്‌ഷൻ നൽകുകയാണ് ലക്ഷ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..