18 February Tuesday
- മഴ കുറഞ്ഞു

ദുരിതം തീർന്നില്ല

സ്വന്തം ലേഖകൻUpdated: Monday Aug 12, 2019

ഒന്ന്‌ ശ്രദ്ധിക്കണേ.. കോട്ടൺഹിൽ സ്‌കൂളിൽ ആരംഭിച്ച കലക്‌ഷൻ സെന്ററിലേക്കുള്ള അവശ്യവസ്‌തുക്കളുടെ ശേഖരണത്തിനായി സഹായം അഭ്യർഥിക്കുന്ന വിദ്യാർഥികൾ

തിരുവനന്തപുരം
സംസ്ഥാനത്തെയാകെ ദുരിതത്തിലാക്കിയ മഴയിലും കാറ്റിലും ജില്ലയിലെ വ്യാപകനാശം തുടരുന്നു. ശനിയാഴ്‌ച രാത്രിയും ഞായാറാഴ്‌ചയുമായി  43 വീട്‌ തകർന്നു. രണ്ടുവീട്‌ പൂർണമായും 41 വീട്‌ ഭാഗികമായുമാണ്‌ തകർന്നത്‌. നിരവധി കൃഷിയിടങ്ങളും നശിച്ചു. ഇതോടെ തകർന്ന വീടുകളുടെ എണ്ണം 127 ആയി. ഇതിൽ എട്ട്‌ വീട്‌ പൂർണമായും 119 വീട്‌ ഭാഗികമായും തകർന്നു. കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിൽ മൂന്ന്‌ വീതവും  തിരുവനന്തപുരം, വർക്കല താലൂക്കുകളിലെ ഓരോ വീടുമാണ്‌ പൂർണമായും തകർന്നത്‌.   മരങ്ങൾ കടപുഴകിവീണ്‌ തടസ്സപ്പെട്ടിരുന്ന വൈദ്യുതിബന്ധം മിക്കയിടങ്ങളിലും കെഎസ്‌ഇബി പുനഃസ്ഥാപിച്ചു. 
 
ജില്ലയിലെ ഏഴ്‌ ദുരിതാശ്വാസ ക്യാമ്പുകളിലായി 175 കുടുംബത്തിലെ 690 പേരാണ്‌ കഴിയുന്നത്‌. ഇതിൽ 147 കുട്ടികളും 274 സ്‌ത്രീകളും 269 പുരുഷന്മാരുമുൾപ്പെടുന്നു.  ഞായാറാഴ്‌ച മലയോരമേഖലയിലും തീരദേശമേഖലയിലും മാത്രമാണ്‌ ശക്തമായ മഴ ലഭിച്ചത്‌. മഴക്കെടുതി ലഘൂകരിക്കാനുള്ള അടിയന്തരനടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. അപകടസാധ്യത ഒഴിവാക്കാൻ പൊന്മുടി വിനോദസഞ്ചാരകേന്ദ്രം അടച്ചിരിക്കുകയാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രതാനിർദേശവുമുണ്ട്. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ അടിയന്തര നടപടി സ്വീകരിക്കാനും ആവശ്യാനുസരണം ക്യാമ്പുകളുടെ എണ്ണം വർധിപ്പിക്കാനും സൗകര്യങ്ങൾ സജ്ജമാക്കാനും റവന്യൂ ഉദ്യോഗസ്ഥർക്ക് കലക്ടർ കെ ഗോപാലകൃഷ്ണൻ നിർദേശം നൽകി. കലക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്‌. ഫോൺ: 1077.
 
ദുരിതബാധിതരെ സഹായിക്കാൻ ഗ്രാമ –-ബ്ലോക്ക് പഞ്ചായത്തുകളിലും  നഗരസഭയിലും  താലൂക്കുകളിലും കളക്‌ഷൻ സെന്ററുകൾ തുറന്ന് അവശ്യസാധനങ്ങളുമായി  പ്രളയബാധിത പ്രദേശങ്ങളിലേക്ക് പോകുന്നുണ്ട്‌. പട്ടത്തുള്ള ജില്ലാപഞ്ചായത്ത് കാര്യാലം, നഗരസഭാ ഓഫീസ്‌, കലക്ടറേറ്റ്‌, തൈക്കാട്‌ ഗവ. വനിതാ കോളേജ്‌, താലൂക്കുകൾ തുടങ്ങി നിരവധി ഇടങ്ങളിൽ കളക്‌ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്‌.നെയ്യാറ്റിൻകരയിൽ 27 വീട്‌ ഭാ​ഗികമായി തകർന്നു. ശക്തമായ കാറ്റിലും മഴയിലുമാണ് മരം കടപുഴകിയും മരച്ചില്ലകൾ ഒടിഞ്ഞുവീണും നാശനഷ്ടമുണ്ടായത്‌. ഒരിടത്തും ആളപായമില്ല. ഞായറാഴ്ച സന്ധ്യക്ക് അരുവിപ്പുറത്ത് ശശിധരന്റെ വീടിന് മുകളിലൂടെ റബർമരം കടപുഴകിവീണു. നെയ്യാറ്റിൻകരയിൽനിന്ന് ഫയർഫോഴ്‌സെത്തി മരം മുറിച്ചുമാറ്റി.മഴക്കെടുതിയിൽ കൃഷിനാശം വ്യാപകമാണ്‌. പച്ചക്കറിയും നെൽവയലുമാണ് വെള്ളംകയറി നശിച്ചത്. തിരുപുറം, പെരുമ്പഴുതൂർ, മാരായമുട്ടം, കീഴാറൂർ, ചെങ്കൽ, അമരവിള, രാമേശ്വരം , കണ്ണങ്കുഴി, അതിയന്നൂർ എന്നിവിടങ്ങളിലാണ്‌ വ്യാപകനാശം.
പ്രധാന വാർത്തകൾ
 Top