05 August Thursday

ഓൺലൈൻ പഠനം ഉറപ്പാണ്‌ 'നെറ്റ്‌ വർക്ക്'

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021
പേരാവൂർ
ഓൺ ലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർഥികളെ സഹായിക്കാൻ ഡോ. വി ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ  "നെറ്റ്വർക്ക് 'പദ്ധതിക്ക്‌ തുടക്കമായി.  സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ആദിവാസി സാന്ദ്രതയുള്ള  പേരാവൂർ, ഇരിട്ടി മേഖലകളിലെ വിദ്യാർഥികളെ സഹായിക്കാനാണ് 'നെറ്റ്വർക്ക് ' പദ്ധതി ആരംഭിച്ചത്. വി ശിവദാസൻ എംപി മുൻകൈയെടുത്ത്  മേഖലയിലെ തദ്ദേശ സ്ഥാപന മേധാവികളുടെയും സന്നദ്ധ സംഘടനാ നേതാക്കളുടെയും യോഗം ഓൺലൈനായി വിളിച്ചു ചേർത്തു. 
ആദിവാസി വിഭാഗങ്ങളിൽ  ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള പണിയ സമുദായത്തിലുള്ളവർ വ്യാപകമായി വസിക്കുന്ന ഇടങ്ങളാണ് ആറളം, മുഴക്കുന്ന്, പേരാവൂർ, കേളകം, കൊട്ടിയൂർ, പായം, അയ്യങ്കുന്ന് പഞ്ചായത്തുകളും ഇരിട്ടി നഗരസഭയും. ഇവിടത്തെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ പഠന സൗകര്യങ്ങൾ ഒരുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 
മഹാമാരിയുടെ കാലത്ത്  വലിയ കരുതലാണ്  'നെറ്റ് വർക്ക് ' പദ്ധതിയെന്ന് വി ശിവദാസൻ പറഞ്ഞു.  പ്രയാസമനുഭവിക്കുന്ന എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ പഠന പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതിനായി ആദ്യ ഘട്ടമെന്ന നിലയിൽ  സ്മാർട്ട് ഫോണുകളും ടാബുകളും ടിവിയും  വിതരണം ചെയ്യും.  ഈ ഉദ്യമത്തിന്റെ ഭാഗമാകാൻ സന്മനസ്സുള്ളവർക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം. കെ സുധാകരൻ (പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌) 9497484555, ശ്രീലത (ഇരിട്ടി നഗരസഭാ ചെയർമാൻ) - 9946614902, വി ശിവദാസൻ എംപി ഓഫീസ് - 04972705090, കെ വി ഷംജിത്ത്  ( എം പി ഓഫീസ് സെക്രട്ടറി) - 9567041066.
പദ്ധതിയ്ക്ക്  പിന്തുണ
 വളരെ മാതൃകാപരമായ പദ്ധതിയാണ്  'നെറ്റ്വർക്ക് ' പദ്ധതിയെന്ന് മുൻ എംപി പി കെ ശ്രീമതി പറഞ്ഞു.  കോവിഡിന്റെ പശ്ചാത്തലത്തിൽ പഠനം ഓൺലൈനായതിനാൽ  നിരവധി വിദ്യാർഥികൾ പ്രയാസമനുഭവിക്കുന്നുണ്ട്. എല്ലാ കുട്ടികൾക്കും പഠന സൗകര്യമൊരുക്കാൻ പദ്ധതികൊണ്ട് കഴിയും. വിദ്യാർഥികൾക്ക് സഹായമെത്തിക്കാൻ എല്ലാവരും സഹകരിക്കണമെന്നും പി കെ ശ്രീമതി അഭ്യർഥിച്ചു. 
എഴുത്തുകാരൻ കെ പി രാമനുണ്ണി, കരിവെള്ളൂർ മുരളി, ഗായികമാരായ സിതാര കൃഷ്ണകുമാർ, പുഷ്പവതി പൊയ്പാടത്ത്, വോളിബോൾ താരം കിഷോർ കുമാർ തുടങ്ങിയവർ പദ്ധതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
 
 ഓൺലൈൻ പഠനം; ഒപ്പമുണ്ട്‌ സംഘടനകളും
കണ്ണൂർ
ജില്ലയിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന്  സഹായങ്ങൾ വാഗ്ദാനം ചെയ്ത് സംഘടനകൾ. ഇതുസംബന്ധിച്ച് എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന  സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് സഹായ വാഗ്ദാനം .
കഴിഞ്ഞ ദിവസം  കലക്ടർ നടത്തിയ അദാലത്തിൽ നിരവധി കുട്ടികൾ പഠനോപകരണങ്ങൾ ഇല്ലാത്ത കാര്യം അറിയിച്ചിരുന്നു. ഇതിന്റെ തുടർ നടപടിയുടെ ഭാഗമായാണ്  സംഘടനകളുടെയും യോഗം ചേർന്നത്. 
നെറ്റ്‌വർക്ക് ലഭ്യതക്കുറവ്‌ ഉൾപ്പെടെയുള്ള മറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്  നടപടികൾ സ്വീകരിച്ചു വരികയാണെന്നും എഡിഎം പറഞ്ഞു. ജില്ലയിൽ ഓൺലൈൻ പഠനം മെച്ചപ്പെടുത്തുന്നതിനായി ഒരുക്കേണ്ട സജ്ജീകരണങ്ങൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. വിദ്യാർഥികൾക്ക്  പഠിക്കുന്ന ക്ലാസിന്റെയും ആവശ്യകതയുടെയും അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ, ലാപ്‌ടോപ്, ടി വി തുടങ്ങിയവ നൽകാനാണ് തീരുമാനം. 
യോഗത്തിൽ ചേംബർ ഓഫ് കൊമേഴ്‌സ്, ലയൺസ് ക്ലബ്, റോഡ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ, ഐഎംഎ, കേരള പെട്രോൾ ഡീലേഴ്‌സ് അസോസിയേഷൻ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്‌സ് അസോസിയേഷൻ, കേരള ക്വാറി ആൻഡ് ക്രഷർ ഓണേഴ്‌സ് അസോസിയേഷൻ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top