09 August Sunday

ഉപ്പുതൊട്ട്‌ ‘ഉത്രാടം’ വരെ

സ്വന്തം ലേഖികUpdated: Wednesday Sep 11, 2019

തിരുവോണത്തലേന്ന്‌ പഴവങ്ങാടിയിൽ സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്ക്‌

തിരുവനന്തപുരം 
തൂശനിലയുടെ തുഞ്ചത്തെ ചെറു വിഭവമായാലെന്താ? തൊട്ടാൽ പൊള്ളുന്ന വിലയാണ്‌ ഉപ്പേരിക്ക്‌, 400 രൂപ. കടയുടെ പഴമയും പ്രൗഢിയും ഏറുംതോറും വിലയും ആകാശം മുട്ടും. ഉത്രാടനാളിൽ വീണ്ടുമുയർന്ന വിലയും വകവയ്ക്കാതെ സമൃദ്ധിയുടെ ഓണമൊരുക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലായി മലയാളികൾ. സദ്യയൊരുക്കാൻ വിട്ടുപോയ സാമഗ്രികൾ തേടി ജനമൊന്നായി ഇറങ്ങിയപ്പോൾ ചാല മാർക്കറ്റ്‌ അടക്കമുള്ള പ്രധാന വ്യാപാര കേന്ദ്രങ്ങൾ തിരക്കിൽ ശ്വാസംമുട്ടി. 
 
ആഴ്ചകളായി സജീവമായ ഓണവിപണി തിങ്കളാഴ്ചമുതൽ ജനസാഗരമായിരുന്നു. ഇതിൽ കൂടുതൽ ആളുകൾ വരാനില്ല എന്ന്‌ കാഴ്ചക്കാരെ വിശ്വസിപ്പിച്ച്‌ പൂരാടച്ചന്ത അവസാനിച്ചെങ്കിലും പതിനായിരങ്ങളാണ്‌ കോട്ടയ്ക്കകത്തും പരിസരത്തുമായി ഉത്രാടദിനത്തിലെത്തിയത്‌. അക്ഷരാർഥത്തിൽ ഉത്രാടപ്പാച്ചിലായിരുന്നു. പ്രളയത്തെത്തുടർന്ന്‌ മെല്ലെപ്പോയിരുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടം തിരിച്ചുപിടിക്കുന്നതായ പ്രതീക്ഷയേകുന്നതായി കടന്നുപോയ ദിനങ്ങൾ. പ്ലാറ്റ്‌ഫോമിലെ ചെറുകടകൾമുതൽ വമ്പൻ വസ്ത്രവ്യാപാരശാലകളിൽവരെ ഓണക്കോടിക്കെത്തിയവരുടെ തിരക്ക്‌ നീണ്ടു. പതിവിലും നേരത്തെ കച്ചവടം ആരംഭിച്ച കടകളിൽ തുറക്കും മുമ്പേ കാത്തുനിൽക്കുന്ന ആളുകളുടെ വലിയ നിരയുമുണ്ടായി. 
ദിവസങ്ങളായി സജീവമായ വാഴയില–- പഴക്കടകളിൽ ചൊവ്വാഴ്ച വൈകിട്ടോടെ കച്ചവടം കൊടുമുടിയിലെത്തി. വാഴയിലയ്‌ക്ക്‌ പന്ത്രണ്ടും നേന്ത്രക്കായ കിലോയ്ക്ക്‌ എഴുപതുമാണ്‌ വില. രസകദളി വേണമെങ്കിൽ രൂപ നൂറ്‌ കൊടുക്കണം. വിലയിൽ എന്നും മുമ്പിലുള്ള ഇഞ്ചിയും ഓണനാളിൽ വിട്ടുകൊടുക്കാൻ ഭാവമില്ല. തീയലൊരുക്കാൻ കിലോയ്ക്ക്‌ 200 രൂപ നിരക്കിലാണ്‌ തലസ്ഥാനവാസികൾ ഇഞ്ചി വാങ്ങിയത്‌. 
 
പച്ചക്കറി–- പൂ വിപണിയിലും കച്ചവടം പൊടിപൊടിച്ചു. ഓണവിപണിയുടെ ആരംഭദിനങ്ങളിൽ നൂറുരൂപ വിലയുണ്ടായിരുന്ന ജമന്തിപ്പൂവ്‌ 130 രൂപയ്ക്കാണ്‌ ചൊവ്വാഴ്ച വിറ്റഴിഞ്ഞത്‌. വാടാമുല്ല, അരളി തുടങ്ങി പൂക്കളത്തിലെ താരങ്ങൾക്കെല്ലാം വില ഇരുനൂറിനടുത്തെത്തി. എങ്കിലും കടകളിൽ തിരക്കൊഴിഞ്ഞില്ല. പൂക്കള മത്സരം കൊഴുപ്പിക്കാനും തിരുവോണപ്പൂക്കളത്തിൽ അയൽക്കാരെ പിന്നിലാക്കാനുമെല്ലാം കാശ്‌ വാരിയെറിഞ്ഞാണ്‌ ആളുകൾ പൂക്കൾ വാങ്ങിയത്‌. 
 
പൊതുവിപണിയെക്കാൾ 30 ശതമാനം വിലക്കുറവുള്ള സപ്ലൈകോ, കൺസ്യൂമർ ഫെഡ്‌ വിപണികളിലും റെക്കോഡ്‌ വിൽപ്പന നടന്നു. ചാല, പാളയം മാർക്കറ്റുകളിലെ പലവ്യഞ്ജനക്കടകളിലും വൻ തിരക്കായിരുന്നു. ആളുകളെ ആകർഷിക്കാൻ ഗൃഹോപകരണ വിപണികളിലും പ്രത്യേക ഓഫറുകൾ സജ്ജമായിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top